പേരിലെ ആഫ്രിക്കൻ കഥകൾ! | Names of African Countries

ലോകത്തിലെ ഒട്ടുമിക്കരാജ്യങ്ങളുടെയും പേരുകളെടുത്ത് നോക്കിയാൽ അവയെല്ലാം രൂപപ്പെട്ടിരിക്കുന്നത് പൊതുവായിട്ടുള്ള ചില കാരണങ്ങളിൽ നിന്നാണ് . ചിലരാജ്യങ്ങളുടെ പേരുകളിൽ നിന്നും അത് ഏത് ദിക്കിലാണ് സ്ഥിതിചെയ്യുന്നത് എന്നറിയാം ( നോർത്ത് കൊറിയ, സൗത്ത് സുഡാൻ, ആസ്‌ത്രേലിയ – ദക്ഷണദേശം, ദക്ഷിണാഫ്രിക്ക) , ചില പേരുകൾ ആ രാജ്യത്തെ ഭൂപ്രകൃതിയെ സൂചിപ്പിക്കുന്നു (ഐസ് ലാൻഡ്, ബോസ്‌നിയ- ബോസ്‌ന നദിയുടെ നാട് ). മറ്റു ചിലപേരുകൾ ആ ദേശത്ത് ഏത് വിഭാഗക്കാരാണ് താമസിക്കുന്നത് എന്ന് വെളിവാക്കുന്നു . ‘ -ഇയ’ എന്ന ഉച്ചാരണം പേരിന് അവസാനം വരുന്ന മിക്ക രാജ്യങ്ങളും ആ പേരിന് ആദ്യം വരുന്ന വംശക്കാരുടെ/ ആളുടെ/ നദിയുടെ / പർവ്വതത്തിന്റെ നാടാണ് എന്നാണ് അർത്ഥമാക്കുന്നത് . ഉദാ : അൽബേനിയ – ആൽബനി വംശജരുടെ നാട്, അൾജീരിയ – അൾജിയേഴ്സ് പ്രദേശം ഉൾക്കൊള്ളുന്ന രാജ്യം, അർമേനിയ – അർമേനിയോയികളുടെ നാട് , etc. ചില രാജ്യങ്ങൾ ആ രാജ്യവുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തിയുടെ നാമവുമായി ബന്ധപ്പെട്ടിട്ടുണ്ടാവും (ബൊളീവിയ- സൈമൺ ബോളിവറുടെ നാട്).

ആഫ്രിക്കയും ഇതിൽനിന്നും വിഭിന്നമല്ല. നൂറ്റാണ്ടുകളായുള്ള കോളനി വാഴ്ച്ചയാണ് പല ആഫ്രിക്കൻ രാജ്യങ്ങൾക്കും ഇന്ന് കേൾക്കുന്ന പേരുകൾ സമ്മാനിച്ചത്. 1884 ലിലെ ബെർലിൻ സമ്മേളനത്തിലെ വീതംവെപ്പ് കഴിഞ്ഞിട്ടാണ് അധിനിവേശക്കാർ തങ്ങളുടെ കൈവശമുള്ള പ്രദേശങ്ങൾക്ക് കൃത്യമായ പേരിട്ട് വിളിക്കുവാൻ തുടങ്ങിയത്. ചില രാജ്യങ്ങളുടെ പേരുകൾ വന്ന വഴിനോക്കുന്നത് രസകരമായിരിക്കും.


ഉദാഹരണത്തിന് കാമറൂൺ എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ പേര് നോക്കുക. ജർമൻകാരും, ഫ്രഞ്ച്കാരും, ബ്രിട്ടീഷുകാരും മാറിമാറി ഭരിച്ച ആ രാജ്യത്തിന് പക്ഷെ പേരിട്ടത് ഒരു പോർട്ടുഗീസുകാരനാണ് ! പതിനഞ്ചാം നൂറ്റാണ്ടിൽ ഈ പ്രദേശത്തുള്ള വൗറി നദിയിലൂടെ സഞ്ചരിച്ച അയാൾ ആ നദിയിലെ ചെമ്മീനുകളുടെ ആധിക്യം കണ്ട് അതിശയിച്ച് നദിക്ക് Rio camarões (ചെമ്മീനുകളുടെ നദി ) എന്ന് പേരിട്ടു. കാലക്രമേണ അത് ആ നദിയുടെ ചുറ്റുമുണ്ടായി വന്ന പുതിയ രാജ്യത്തിന്റെ പേരായി മാറി.


ഇതേ സമയത്ത് തന്നെ മറ്റൊരു പോർട്ടുഗീസ് പര്യവേഷകൻ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കുറച്ചുകൂടി പടിഞ്ഞാറ് മാറി കൂറ്റൻ മലനിരകളിലൂടെ സഞ്ചരിക്കുന്നുണ്ടായിരുന്നു. രാത്രിയായപ്പോൾ ഉണ്ടായ അതിശക്തമായ മഴയും, മിന്നലും, ഇടിനാദവും അദ്ദേഹത്തിന്റെ മനസിനെ ഒരു സങ്കല്പലോകത്തിലേക്ക് നയിച്ചു . പെട്ടന്നുണ്ടായ മിന്നലിൽ അകലെയുള്ള മലകളിൽ സിംഹങ്ങൾ വായ പൊളിച്ച് അലറുന്നത്പോലെ തോന്നി. അപ്പോൾ തന്നെ അദ്ദേഹം ആ സ്ഥലത്തിന് പേരിട്ടു – സിയേറ ലിയോ ( സിംഹങ്ങളുടെ മലകൾ ). അത് പിന്നീട് ആ രാജ്യത്തിന്റെ പേരായി മാറി – Sierra Leone (സിയേറ ലിയോൺ ).


നൂറ്റാണ്ടുകൾക്ക് ശേഷം മറ്റൊരു ബ്രിട്ടീഷ് സഞ്ചാരി തന്റെ ആഫ്രിക്കൻ യാത്രകൾക്കിടയിൽ മഞ്ഞുതൊപ്പിയണിഞ്ഞ ഒരു പർവതത്തിന്റെ അരികിലെത്തി. നാട്ടുകാരായ കിക്കുയു വർഗ്ഗക്കാർ കിരിന്യാഗാ എന്നായിരുന്ന ആ മലയെ വിളിച്ചിരുന്നത് (അവരുടെ ദേവനായ കിരിമ ന്ഗായുടെ മലയായിരുന്നു അത് ). കിരിന്യാഗാ എന്ന വാക്ക് ഉച്ചരിക്കാനുള്ള പ്രയാസം കാരണം വിദേശികൾ ആ മലയെ കെന്യ എന്ന് വിളിച്ചുതുടങ്ങി. അവസാനം ആ മലയിൽ നിന്നും അതേ പേരിൽ ഒരു രാജ്യം പിറവിയെടുത്തു , കെന്യ ! (Kenya).


ഉച്ചരിക്കാനുള്ള പ്രയാസമാണ് കെന്യക്ക് ആ പേര് നല്കിയതെങ്കിൽ , തെറ്റായി പേര് ഉച്ചരിച്ച് ഒരു വലിയ രാജ്യത്തിന് പേര് നൽകിയ ഒരു മഹാനുണ്ട്. ഇറ്റാലിയൻ ലോകസഞ്ചാരിയായ മാർക്കോ പോളോ ! അദ്ദേഹം മഡഗാസ്‌ക്കറിൽ പോയിട്ടില്ലെങ്കിലും റൂട്ടുകൾ പറയുന്നതിനിടയിൽ ആ ദ്വീപിനെ പരാമർശിക്കുന്ന വേളയിൽ തെറ്റായി മൊഗാദിഷു എന്നാണ് വിവരിച്ചിരുന്നത്. പോളോയുടെ യാത്രകൾ ഇറ്റാലിയൻ ഭാഷയിൽ എഴുതപ്പെട്ടപ്പോൾ മൊഗാദിഷു വീണ്ടും തെറ്റി മഡാഗിസ്‌കാർ ( Madageiscar ) എന്ന് എഴുതപ്പെട്ടു. അങ്ങിനെ അവസാനം പറഞ്ഞു പറഞ്ഞു ഭൂമിയിലെ രണ്ടാമത്തെ വലിയ ദ്വീപിന് മഡഗാസ്‌ക്കർ എന്ന പേര് വീണു!


ഇനി മാലി എന്ന രാജ്യം നോക്കാം. അവിടുത്തെ പ്രധാന നദി ഹിപ്പോകൾ നിറഞ്ഞ സംകാരിണി നദിയാണ് . അവിടുത്തെ ഐതിഹ്യമനുസരിച്ച് മാലിയൻ സാമ്രാജ്യം സ്ഥാപിച്ച വീരപുരുഷൻ തൻ്റെ മരണശേഷം ഒരു ഹിപ്പോ ആയി ജന്മമെടുത്ത് സംകാരിണി നദിയിൽ ഇപ്പോഴും ജീവിക്കുന്നുണ്ട്. അത്രയ്ക്കുണ്ട് ഹിപ്പോക്ക് മാലി ജനതയിലുള്ള സ്ഥാനം. അതെ ! മാലി എന്നാൽ അവരുടെ ഭാഷയായ ബംബാരയിൽ അർഥം ഹിപ്പോ എന്ന് തന്നെയാണ് !


അയൽവാസികളായ നൈജറിനും, നൈജീരിയയ്ക്കും ആ പേര് ലഭിച്ചത് ആ രാജ്യങ്ങളിലൂടെ ഒഴുകുന്ന നൈജർ നദിയിൽ നിന്ന് തന്നെയാണ്. ഇതുപോലെ കോംഗോ നദിയിൽ നിന്നും രണ്ട് രാജ്യങ്ങൾ പേര് കടം കൊണ്ടിട്ടുണ്ട്. ആഫ്രിക്കയിലെ മറ്റ് രാജ്യങ്ങളുടെ പേരുകളുടെ ചരിത്രം ചികഞ്ഞാലും ഇതുപോലെ രസകരമായ അനേകം കാര്യങ്ങൾ കാണുവാൻ സാധിക്കും .


അവസാനമായി ചിത്രത്തിലേക്ക് വരാം. അമേരിക്കൻ പതാകയുമായി സാമ്യമുള്ള ഈ ഫ്‌ളാഗ് ഒരു ആഫ്രിക്കൻ രാജ്യത്തിന്റേതാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ടാവാം. അമേരിക്കൻ സഹായത്തോടെ ആഫ്രിക്കൻ -അമേരിക്കൻ വംശജർക്കായി രൂപംകൊണ്ട ലൈബീരിയ എന്ന രാജ്യത്തിന്റെ പതാകയാണിത്. ലിബർ എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ആ പേര് ഉടലെടുത്തത്. അർത്ഥം, സ്വാതന്ത്ര്യം ! രാജ്യത്തിന്റെ ഭാഷ ഇഗ്ളീഷ് , നാണയം ലൈബീരിയൻ ഡോളർ ! ആഫ്രിക്കയിലെ ആദ്യ സ്വതന്ത്രറിപ്പബ്ലിക് ആണ് ലൈബീരിയ.

3 views0 comments