A RARE LANGUAGE & A RARE FOLK SONG
ഈ പാട്ട് മനസിലാക്കുവാൻ നമുക്കാവില്ല. കാരണം ഈ ഭാഷ സംസാരിച്ചിരുന്ന അവസാനത്തെ ആൾ 1974 ൽ മരിച്ചതോടെ അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന ഗോത്രവും സംസ്കാരവും ഭൂമിയിൽ നിന്നും വിടപറഞ്ഞു. ഭൂമിയുടെ ഏറ്റവും തെക്കേ അറ്റത്തെ നഗരമായ ഉഷ്വയാ (Ushuaia ) നഗരത്തിൽ പണ്ടുണ്ടായിരുന്ന ഒരു ജനവർഗ്ഗമാണ് ഓനാവോ (Onawo) ഗോത്രക്കാർ. തെക്കേ അമേരിക്കയിൽ യൂറോപ്യൻമാർ അവസാനം നേരിട്ട റെഡ് ഇന്ത്യൻ ഗോത്രവർഗ്ഗം. ആധുനിക ലോകത്തോട് അടരാടാനാവാതെ അവസാനത്തെ ഒനാവോ ഗോത്രക്കാരനും 1974ൽ ഭൂമിയോട് വിടപറഞ്ഞതോടെ അവരുടെ പ്രാചീനഭാഷയും എന്നന്നേക്കുമായി നമ്മിൽ നിന്നും മറഞ്ഞു.
പക്ഷെ അത്ഭുതങ്ങൾ നാം കാണാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു വർഷങ്ങൾക്ക് ശേഷം യാന്റെൻ ഗോമസ് (Joubert Yanten Gomez) എന്നൊരു ബാലൻ ജനിച്ചു. അതുല്യമായ ഭാഷാപ്രാവീണ്യം പ്രകടിപ്പിച്ച അവൻ വളരെ ചെറുപ്പത്തിൽ തന്നെ തന്റെ നാട്ടിലെ സകല പ്രാദേശിക ഭാഷകളും വശമാക്കി. പിന്നീട് അവന്റെ ശ്രദ്ധ മൺമറഞ്ഞുപോയ ഒനോവാ ഗോത്രക്കാരുടെ ഭാഷയിലായി. ആ ഭാഷ പഠിക്കുവാനായി അവൻ ക്രിസ്ത്യൻ മിഷനറിമാർ പണ്ട് റെക്കോർഡ് ചെയ്ത് വെച്ചിരുന്ന ഓഡിയോ ടേപ്പുകളും, വീഡിയോകളും അരിച്ചുപെറുക്കിയെടുത്തു. ആ ടേപ്പുകളിലെ സംഭാഷണങ്ങളിൽ നിന്നും യാന്റെൻ ഗോമസ് ആ പ്രാചീന ഭാഷക്ക് വീണ്ടും ജീവൻ നൽകി. ഉച്ചാരണങ്ങൾ പഠിക്കുവാൻ നൂറുകണക്കിന് തവണ ടേപ്പുകൾ ആവർത്തിച്ച് കേട്ടു . അങ്ങിനെ ഒനാവോ ഭാഷ അറിയാവുന്ന ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏകവ്യക്തിയായി മാറി യാന്റെൻ ഗോമസ്. പഴയ ഗോത്രഭാഷയോടുള്ള അമിത സ്നേഹത്താൽ അവൻ തന്റെ പേര് പോലും ഓനാവോ പേരുകളിലൊന്നായ കെയൂക്ക് (Keyuk) എന്നാക്കി മാറ്റി. ആദ്യ കമന്റിലെ ലിങ്കിൽ ഉള്ളത് സാക്ഷാൽ കെയൂക്ക് തന്നെ ഓനാവോ ഭാഷയിലെ ഒരു നാടോടിഗാനം ആലപിക്കുന്നതാണ്. അതെ ! ഭൂമിയുടെ ഏറ്റവും തെക്കേ അറ്റത്തെ ഭാഷയിലെ നാടോടിഗാനം ആ ഭാഷ ഇന്നറിയാവുന്ന ഏക വ്യക്തിയുടെ നാവിൽ നിന്നും !!!
പാട്ടിലെ ചില വാക്കുകളുടെ പരിഭാഷ ATEKNA | പർവതങ്ങളിൽ KAWALJNA | കുതിരപ്പുറത്ത് KAJWUK | സകലരും KAJWUK A KÜNNA | എല്ലാ ജനങ്ങളും