top of page

Ascension Island


ഇതേത് ഗ്രഹമാണ് ? ഈചിത്രം കണ്ടാൽ ആദ്യത്തെ ചോദ്യം അതാവും. സൂക്ഷിച്ച് നോക്കിയാൽ അവിടവിടെയായി ചില പച്ചത്തഴപ്പുകൾ കാണാം. ഈ വിചിത്ര ഭൂമി സ്ഥിതിചെയ്യുന്നത് അറ്റ്ലാൻറ്റിക് സമുദ്രത്തിലെ കൂറ്റനൊരു അഗ്നിപർവ്വതത്തിന്റെ മുകളിലാണ്. ഇതാണ് അസെൻഷൻ ദ്വീപ് ! നൂറ്റാണ്ടുകൾക്ക് മുൻപ് അനേകം സമുദ്രസഞ്ചാരികൾ ഇതിന് സമീപം വഴി കപ്പലോടിച്ചിട്ടുണ്ടാവാം. പക്ഷെ ഒരു തുള്ളി ശുദ്ധജലമോ , മരത്തണലൊ ഇല്ലാത്ത ഈ നരകത്തിൽ ആരും ഇറങ്ങിയില്ല. ചുറ്റുമുള്ള തീരങ്ങളിലാവട്ടെ സ്രാവുകളുടെ വിളയാട്ടവും ! പക്ഷെ 1501 ലെ ക്രിസ്തുവിന്റെ സ്വർഗാരോഹണതിരുന്നാൾ ദിവസം (അസെൻഷൻ ഡേ ) പോർട്ടുഗീസുകാർ ഇവിടെ കാലുകുത്തി ! ഒരുതുള്ളി വെള്ളത്തിന് വകയില്ലാത്ത ദ്വീപ് രാജ്യത്തോട് കൂട്ടിച്ചേർക്കാനൊന്നും അവർ ശ്രമിച്ചില്ല. പകരം കുറെ ആടുകളെ അവിടെ ഇറക്കി വിട്ടു. ഭാവിയിൽ ആരെങ്കിലും കപ്പലിറങ്ങിയാൽ അവർക്ക് ഗുണമാവട്ടെ എന്നവർ കരുതി. ഇതിന് മുൻപ് ഞണ്ടായിരുന്നു ഈ ദ്വീപിലെ ഏറ്റവും വലിയ മൃഗം !


1656 ൽ യാത്രികനും, എഴുത്തുകാരനുമായ പീറ്റർ മുണ്ടി. ദ്വീപിൽ എത്തിച്ചേർന്നു. ആ സമയം ദ്വീപിൽ മനുഷ്യൻ അന്നുവരെ കണ്ടിട്ടില്ലാതിരുന്ന ഒരു പറക്കാപക്ഷി കൊത്തിപ്പെറുക്കി നടപ്പുണ്ടായിരുന്നു. അദ്ദേഹം വിശദമായി ആ പക്ഷിയുടെ ചിത്രം തൻ്റെ ഡയറിയിൽ വരച്ചിട്ടു. മനുഷ്യന്റെയും, മറ്റ് മൃഗങ്ങളുടെയും കുടിയേറ്റത്താൽ പിന്നീടെങ്ങോ നശിച്ചുപോയ ആ പക്ഷിയുടെ ഏക ചിത്രം പീറ്റർ വരച്ച ആ രൂപരേഖ മാത്രമാണ് !. അസെൻഷൻ ക്രേക്ക് എന്നാണ് മൺമറഞ്ഞുപോയ ആ പക്ഷിക്ക് നാം കൊടുത്തിരിക്കുന്ന പേര് !


പിന്നീട് ഇരുന്നൂറ് വർഷങ്ങളോളം ദ്വീപ് തന്റെ ഏകാന്ത ജീവിതം തുടർന്നു. 1701 ൽ HMS റോബക്ക് എന്ന കപ്പൽ തകർന്ന് ഒരുകൂട്ടം നാവികർ ഇവിടെ കുടുങ്ങിപ്പോയി. ശുദ്ധജലത്തിനായി പരക്കംപാഞ്ഞ അവർ അവസാനം ചെറിയൊരു ഉറവ ദ്വീപിന്റെ ഉൾഭാഗത്ത് നിന്നും കണ്ടെത്തി. അങ്ങിനെ അറുപതോളം നാവികർ ഒരുവിധം രണ്ടുമാസത്തോളം ആ ദ്വീപിൽ കഴിഞ്ഞശേഷം അവസാനം മറ്റൊരു കപ്പലിൽ രക്ഷപെട്ടു. അധികനാൾ കഴിഞ്ഞില്ല പാറകൾ നിറഞ്ഞ ദ്വീപിന്റെ തീരത്ത് മറ്റൊരു കപ്പൽ വന്നടുത്തു. അതിൽ നിന്നും ഒരുമനുഷ്യനെ ഒറ്റക്ക് ഈ വിജനമായ ദ്വീപിൽ ഇറക്കിവിട്ട ശേഷം കപ്പൽ കനത്ത മഞ്ഞിനുള്ളിൽ മറഞ്ഞു. ഡച്ച് നാവികനായിരുന്ന ലീൻഡർട്ട് ആയിരുന്നു ആ ഹതഭാഗ്യൻ. സ്വവർഗ്ഗരതി ഗുരുതരമായ കുറ്റകൃത്യമായിരുന്ന കാലത്ത് അതിനുള്ള ശിക്ഷയായിട്ടാണ് 1725 ൽ ലീൻഡർട്ടിനെ ഈ നരകദ്വീപിൽ കൊണ്ടിറക്കിവിട്ടത്. ഏകനായിപ്പോയ അയാൾക്ക് ആകെ സമനിലതെറ്റി. മുൻപ് നാവികർ കണ്ടുപിടിച്ച ഉറവയൊന്നും അയാളുടെ കണ്ണിൽ പെട്ടില്ല. ആടുകളെ പിന്തുടർന്ന് ജലസ്രോതസ് കണ്ടുപിടിക്കാനുള്ള ബുദ്ധിയും അയാളുടെ തലയിൽ തെളിഞ്ഞില്ല. ഒരു തുള്ളി ജലത്തിനായി ഭ്രാന്തനെപ്പോലെ ദ്വീപിൽ അലഞ്ഞുതിരിഞ്ഞ ലീൻഡർട്ട് അവസാനം ആമകളെയും, കടൽപക്ഷികളെയും കൊന്ന് അവയുടെ രക്തം കുടിച്ച് ദാഹം ശമിപ്പിച്ചു. രാത്രിയിൽ സ്വന്തം മൂത്രംകുടിച്ച് അയാൾ ഒരു വിധം ജീവിതം തള്ളിനീക്കി. കൃത്യം ഒരു വർഷത്തിന് ശേഷം ഇതൊന്നുമറിയാതെ അവിടെയെത്തിയ ബ്രിട്ടീഷ് നാവികർക്ക് ആരോ അവിടെ താമസിച്ചിരുന്നതായി മനസിലായി. പക്ഷെ ആരെയും കണ്ടില്ല . അവസാനം അവർ ഒരു ഡയറി കണ്ടെത്തി. അതിൽ ഹതഭാഗ്യനായ ലീൻഡർട്ട് തൻ്റെ അവസാന നാളുകൾ കുത്തിക്കുറിച്ച് വെച്ചിരുന്നു. പട്ടിണികിടന്നാണ് അയാൾ മരിച്ചതെന്ന് അതിൽ നിന്നും വ്യക്തമായിരുന്നു. കപ്പലിൽ നിന്നും കിട്ടിയ വെള്ളം ഒരു മാസംകൊണ്ട് തീർന്നതിനാൽ താൻ ചോരയും, മൂത്രവും കുടിച്ചാണ് ജീവിക്കുന്നതെന്ന് ലീൻഡർട്ട് അതിൽ കുറിച്ചിരുന്നു. അതിൽ നിന്നും ആറുമാസത്തോളം അയാൾ ദ്വീപിൽ ജീവനോടെ ഉണ്ടായിരുന്നു എന്ന് നാവികർക്ക് മനസിലായി. ( Sodomy Punish’d എന്ന പേരിൽ ഇദ്ദേഹമെഴുതിയ ഡയറിക്കുറിപ്പ് ആമസോണിൽ വാങ്ങിക്കുവാൻ കിട്ടും ! )

നെപ്പോളിയനെ സെന്റ്റ് ഹെലേന ദ്വീപിലേക്ക് നാടുകടത്തിയതോടെ ഈ ദ്വീപിൽ കുറച്ചുനാൾ ബ്രിട്ടീഷ് പട്ടാളം തമ്പടിച്ചിരുന്നു. താമസിയാതെ തന്നെ അസെൻഷൻ ദ്വീപിൽ മറ്റൊരു ചരിത്രപുരുഷൻ കാലുകുത്തി. സാക്ഷാൽ ചാൾസ് ഡാർവിൻ ! ‘അറുനൂറോളം ആടുകളുള്ള ഒരു മരുപ്രദേശം ‘ എന്നാണ് അദ്ദേഹം ഈ ദ്വീപിനെ കുറിച്ച് എഴുതിയിരിക്കുന്നത്. ഡാർവിന്റെ റിപ്പോർട്ടിൽ ആകൃഷ്ടനായ ബൊട്ടാണിസ്റ്റ് ജോസെഫ് ഹുക്കർ 1843 ൽ ദ്വീപിൽ നടുവാനായി കുറെയേറെ വൃക്ഷങ്ങളും ചെടികളുമായി ഇവിടെ കപ്പലിറങ്ങി. ഇന്ന് അസെൻഷൻ ദ്വീപിൽ കാണുന്ന സകല പച്ചപ്പിനും നന്ദി പറയേണ്ടത് ഹുക്കറിനോടാണ്. ഗ്രീൻ മൗണ്ടൈൻ എന്ന പേരിൽ ഒന്നാന്തരമൊരു ട്രോപ്പിക്കൽ ക്ളൗഡ് ഫോറസ്റ്റ് ആണ്അദ്ദേഹം സൃഷ്ടിച്ചെടുത്തത് .

കഴിഞ്ഞില്ല. ദ്വീപിലേക്ക് അടുത്തതായി രംഗപ്രവേശനം നടത്തിയത് സാക്ഷാൽ നാസയാണ് ! 1967 ൽ നിർമിച്ച് ഇരുപത് കൊല്ലങ്ങളോളം പ്രവർത്തിച്ച ഒരു ഡീപ് സ്പേസ് സ്റ്റേഷൻ ഇവിടുണ്ടായിരുന്നു ! അതെ, മനുഷ്യനെ ചന്ദ്രനിൽ ഇറക്കിയ അപ്പോളോ മിഷനുകൾ നിരീക്ഷിച്ചിരുന്നത് ഈ ദ്വീപിൽ വെച്ചായിരുന്നു! ഈ ദ്വീപിന്റെ റൺവേയിൽ വിമാനത്തിന് മാത്രമല്ല , ഒരു സ്പേസ് ഷട്ടിലിനും ഇറങ്ങാം എന്നതാണ് രസം. പക്ഷെ ദ്വീപിലെ നാസയുടെ സാന്നിധ്യം കാരണം കോൺസ്പിറസി തിയറിക്കാർ അടുത്ത ആരോപണം ഉന്നയിച്ചു, ‘മൂൺ ലാൻഡിങ് ഈ ദ്വീപിൽ വെച്ച് റെക്കോർഡ് ചെയ്ത നാടകമാണ് ! ‘ ഇതാണവർ പറയുന്നത്. ദ്വീപിലെ ചിലഭാഗങ്ങൾ കണ്ടാൽ ചന്ദ്രൻ പോലും തോറ്റുപോകും എന്നവർ പറയുന്നത് !


ഇന്ന് ഈ ദ്വീപിൽ അമേരിക്കൻ, ബ്രിട്ടീഷ് പട്ടാളക്കാരും, ഇരു രാജ്യങ്ങളിലെയും വാനനിരീക്ഷകരും മറ്റുമാണ് താമസമുറപ്പിച്ചിട്ടുള്ളത്. ഏകദേശം ആയിരത്തിൽ താഴെ ആളുകൾ. ചിലർ തൊട്ടടുത്ത ദ്വീപുകളിൽ നിന്നും ആടിനെ വളർത്തുവാൻ വന്നവരും ആണ്.

2 views0 comments
bottom of page