Atacama Desert | അറ്റക്കാമ
ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളില്‍ ഒന്നാണ് ചിലിയിലെ അറ്റകാമ മരുഭൂമി . രണ്ടു പര്‍വ്വത നിരകളുടെ ( Andes and the Chilean Coast Range) മഴനിഴല്‍ പ്രദേശമായിപ്പോയത് കൊണ്ടാണ് ഈ പ്രദേശം ഇത്രയും വരണ്ടുണങ്ങാന്‍ കാരണം . എന്നാല്‍ മരുഭൂമിയുടെ ചില ഭാഗങ്ങളില്‍ മഞ്ഞുവീഴ്ചയും , വെള്ളപ്പൊക്കവും ഉണ്ടാവാറുണ്ട് . ഭൂമിയില്‍ നിലവിലുള്ള ഏറ്റവും പഴയ മരുഭൂവും ഇത് തന്നെയാണെന്ന് പഠനങ്ങള്‍ പറയുന്നു (oldest continuously arid region on earth ) . Camanchaca എന്നൊരു അപൂര്‍വ്വ പ്രതിഭാസവും ഈ വരണ്ട ഭൂമിയില്‍ കാണപ്പെടുന്നുണ്ട് . മഴപെയ്യിപ്പിക്കാത്ത മേഘമെന്നോ കനത്ത മൂടല്‍മഞ്ഞെന്നോ വിശേഷിപ്പിക്കാവുന്ന dense fog ആണിത് . ഈ കനത്ത മൂടല്‍മഞ്ഞില്‍ വലകെട്ടി ജലം വേര്‍തിരിച്ചെടുക്കുന്ന പ്രോജെക്റ്റ് ഇപ്പോള്‍ ചില സംഘടനകള്‍ തുടങ്ങിയിട്ടുണ്ട് . മരുഭൂമിയിലെ വിദൂര വില്ലേജുകളില്‍ ശുദ്ധജലം ലഭ്യമാക്കുവാന്‍ ഇത് സഹായകമായിട്ടുണ്ട് . അറ്റക്കാമയിലെ ചില സ്ഥലങ്ങള്‍ക്ക് ചൊവ്വയുടെ ഉപരിതലവുമായുള്ള സാദൃശ്യം കാരണം ഇത് പല സിനിമകള്‍ക്കും ലൊക്കേഷന്‍ ആയിട്ടുണ്ട് .

Flowering desert ആണ് മറ്റൊരു അറ്റക്കാമന്‍ പ്രതിഭാസം . മരുഭൂമിയിലെ ചില ഭാഗങ്ങളില്‍ പതിവിലും കൂടുതല്‍ മഴ ലഭിച്ചാല്‍ അവിടെയുള്ള വിവിധ സസ്യങ്ങള്‍ ഒന്നിച്ചു പുഷ്പ്പിക്കും ! വിശാലമായ സമതലത്തില്‍ ഇങ്ങനെ ചെടികള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത് കാണാന്‍ അങ്ങോട്ടേക്ക് സന്ദര്‍ശകരുടെ തിരക്കാണ് .

അറ്റക്കാമന്‍ മരുഭൂമിയുടെ പസഫിക് തീരങ്ങളില്‍ നാം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സന്ദര്‍ശകനുണ്ട് , ചിലിയന്‍ പെന്‍ഗ്വിന്‍ ! വെറും മൂന്നര കിലോ മാത്രം തൂക്കമുള്ള ഈ കുട്ടി പെന്‍ഗ്വിനുകള്‍ പക്ഷെ ഇന്ന് വംശനാശത്തിന്റെ അരികിലാണ് . ഒരൊറ്റ മേഘപോലും ഇല്ലാത്ത അറ്റക്കാമന്‍ ആകാശം വാനനിരീക്ഷകരുടെ പറുദീസയാണ് . പ്രകാശമലിനീകരണം തീരെയില്ലാതെ നഗരങ്ങളില്‍ നിന്നും ദൂരെ മാറിക്കിടക്കുന്ന സമതലങ്ങളില്‍ പല ഏജന്‍സികളും നിരീക്ഷണ മേടകളും ദൂരദര്‍ശിനികളും സ്ഥാപിച്ചിട്ടുണ്ട്.
