അയ്യപ്പൻ കോവിൽ | AyyappanKovil
മലമേലെ തിരിവച്ച് പെരിയാറിൻ തളയിട്ട്
ചിരിതൂകും പെണ്ണല്ലേ ഇടുക്കീ...
ഇവളാണിവളാണ് മിടുമിടുക്കി...

പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട അഞ്ചു ശാസ്താക്ഷേത്രങ്ങളിലൊന്നാണിത് എന്നാണ് ഐതിഹ്യം. പൂഞ്ഞാര്‍ രാജവംശമാണ് സ്ഥാപിച്ചത് എന്നും പറയപ്പെടുന്നു. അയ്യപ്പന്‍കോവിലും ആര്യങ്കാവും കുളത്തുപുഴയും ശബരിമലയുമാണ് മറ്റുള്ളവ.ക്ഷേത്രത്തിന്‍റെ വടക്കുഭാഗത്ത് ഗുഹയുണ്ട്. ക്ഷേത്രത്തിന്റെ ഇടതുകോണില്‍ കോവില്‍മല. കോഴിമല എന്നാണ് ഇതറിയപ്പെടുക. ഗുഹയൊക്കെ പാണ്ഡവരുടെ വനവാസക്കാലത്ത് നിര്‍മ്മിച്ചതാണെന്നും ഇതിന്റെ മറ്റേ വാതില്‍ തുറക്കുന്നത് പെരിയാര്‍, ശബരിമല, മധുരമീനാക്ഷിക്ഷേത്രം എന്നിവിടങ്ങളിലേയ്ക്കുമാണെന്നും. ഇവിടെ കാണുന്ന നിലവറ മേല്‍ശാന്തി ശാന്തിമഠമായി ഉപയോഗിച്ചിരുന്നതാണെന്നും പുരാവൃത്തം. ക്ഷേത്രത്തിന് പിന്നിലൂടെ പെരിയാര്‍ ഒഴുകുന്നു. ക്ഷേത്രത്തിനു പടിഞ്ഞാറ് ഭീമന്‍ചുവട്, സീതക്കയം എന്നീ പ്രദേശങ്ങളുമുണ്ട്. ആറ്റിലൂടെ മൂന്നുകി.മീ പോയാല്‍ ഭീമന്‍ചുവട് അവിടെനിന്നും രണ്ടു കി.മീ താഴെ സീതക്കയം.

മകരവിളക്കിനാണ് ഉത്സവം. ആദ്യകാലത്ത് ആദിവാസികളുടെ നേതൃത്വത്തിലായിരുന്നു പൂജ. ഉത്സവത്തിനുശേഷം ആദിവാസികളുടെ ഏറ്റവും പ്രധാനപ്പെട്ട മീനൂട്ട് മഹോത്സവും കൂത്തും ക്ഷേത്രത്തില്‍ നടക്കാറുണ്ട്. വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ആദിവാസികള്‍ ആറ്റിലെ മീനുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ചടങ്ങാണിത്. ഇടുക്കി ജലസംഭരണിയില്‍ ജലനിരപ്പുയര്‍ന്നാല്‍ വള്ളത്തില്‍ മാത്രമെ ക്ഷേത്രദര്‍ശനം നടത്താന്‍ പറ്റൂ. കടവില്‍ ചങ്ങാടവും യാത്രക്കായി ഉപയോഗിക്കാം.
ഇതിനു തൊട്ടടുത്താണ് ഇടുക്കി ജലാശയത്തിനു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന അയ്യപ്പന്‍ കോവില്‍ തൂക്കുപാലം . അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിക്കുന്നതാണ് ഈ പാലം. കട്ടപ്പന-കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്‍നിന്ന് രണ്ടു കീ. മീ. യാത്ര ചെയ്താല്‍ അയ്യപ്പന്‍കോവില്‍ തുക്കുപാലത്തില്‍ എത്താം. കൂടാതെ സ്വരാജില്‍നിന്ന് പരമ്പരാഗത കാട്ടുപാതയിലൂടെയും ഇവിടെയെത്തും. പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റസ്ഥലമാണ് അയ്യപ്പന്‍കോവില്‍.

വന്യജീവികളെ അടുത്തുകണ്ട് ജലാശയത്തില്‍ കൂടിയുള്ള വള്ളത്തിലുള്ള യാത്രയും സഞ്ചാരികളുടെ മനംകവരും. ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമ ഇവിടെയാണ് ഷൂട്ട്‌ചെയ്തത് . ആദിവാസി സമുദായ മാന്നാന്‍ വിഭാഗത്തിന്റെ കോവില്‍മല രാജപുരിയിലും ഇതുവഴിയെത്താം. മുമ്പ് ഇവിടെയുണ്ടായിരുന്ന പാലം പതിറ്റാണ്ടുകള്‍ പഴക്കമുള്ളതായിരുന്നു. ഇടുക്കി ജലാശയത്തില്‍ വെള്ളംകയറിയാല്‍ പാലം മുങ്ങുമായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ക്ഷാമവും പട്ടിണിയും കൊടുമ്പിരികൊണ്ടപ്പോള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഭൂമി നല്‍കി കുടിയേറ്റത്തിന് ആക്കം കൂട്ടി. അയ്യപ്പന്‍കോവില്‍വരെയാണ് അന്ന് റോഡ് ഉണ്ടായിരുന്നത്. ഈ കാലഘട്ടത്തിലാണ് ഏലപ്പാറ-കട്ടപ്പന എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നതിന് അയ്യപ്പന്‍കോവിലില്‍ 1953ല്‍ പൊതുമരാമത്ത് വകുപ്പ് കോണ്‍ക്രീറ്റ് പാലം പണിതത്. പിന്നീട് 1978ല്‍ ഇടുക്കി പദ്ധതിക്ക് വേണ്ടി ആളുകളെ ഇവിടെ നിന്നും കുടിയിറക്കി.

ഇതിനടുത്താണ് അഞ്ചുരുളി വിനോദസഞ്ചാരകേന്ദ്രം . ഇരട്ടയാർ ഡാമിൽ നിന്നും വെള്ളം ഒഴുക്കുന്ന ടണലാണ് ഇവിടുത്തെ പ്രത്യേകത. ഇതിലൂടെ ഇടുക്കി ഡാമിലേക്ക് വെള്ളം പതിക്കുന്നു. 2 കി.മി. നീളമാണ് ഇതിനുള്ളത്. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയുടെ ക്ലൈമാക്സ് ഈ ടണലില്‍ ആണ് ചിത്രീകരിച്ചത്. ഏലപ്പാറ റോഡില്‍ കക്കാട്ടുകടയില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ താണ്ടിയാല്‍ അഞ്ചുരുളിയില്‍ എത്താം. ......

ഇടുക്കി ജലാശയത്തിലേക്ക് ബോട്ടിങ് എന്ന നിര്‍ദേശവും മുന്നോട്ട് വന്നിട്ടുണ്ട്. അഞ്ചുരുളിയില്‍നിന്ന് ഇടുക്കി അണക്കെട്ടും പിന്നിട്ട് കുളമാവുവരെ എത്തുന്ന ജലയാത്രയാണ് വിഭാവനംചെയ്യുന്നത്. കട്ടപ്പനയില്‍നിന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലേക്കുള്ള രോഗികളുടെ യാത്രയ്ക്കും ഇത് സഹായകരമാകുമെന്ന അഭിപ്രായവും ഉണ്ട് .
വിവരങ്ങള്‍ എടുത്തത് >> ജന്മഭൂമി, ദേശാഭിമാനി , മാതൃഭൂമി