top of page

മേയുന്ന കാലിക്കൂട്ടങ്ങളെ നോക്കി ദിശപറയാമോ? | Cattle shown to align north-south

മാഗ്നെറ്റിക് നൾ പോയിന്റുകളെക്കുറിച്ചുള്ള ഗവേഷണപ്രബന്ധങ്ങൾ ചികയുന്നതിനിടയിലാണ് രസകരവും കൗതുകമുണർത്തുന്നതുമായ ഒരു പഠന റിപ്പോർട്ട് ശ്രദ്ധയിൽ പെടുന്നത്. 2008 ൽ ജർമ്മൻ സർവകലാശാലയായ University of Duisburg-Essen ലെ Sabine Begali യും സംഘവും നടത്തിയ ഒരു പഠനം പറയുന്നതെന്താണെന്ന് വെച്ചാൽ പശുക്കളും, മാനുകളും (ഇവ രണ്ടിലുമാണ് അവർ ഗവേഷണം നടത്തിയത് ) അവ മേഞ്ഞു നടക്കുന്ന സമയങ്ങളിൽ ഭൂരിഭാഗം സമയവും വടക്ക് - തെക്ക് ദിശകളിൽ തന്നെയാണ് നില്ക്കുന്നത് എന്നാണ്. അതും ഭൂപടത്തിലെ വടക്ക് - തെക്കല്ല, മറിച്ച് മാഗ്നെറ്റിക് ധ്രുവങ്ങൾക്ക് അനുകൂലമായാണ് അവ നിൽക്കുന്നത് എന്നാണ് റിപ്പോർട്ട് പറയുന്നത്. 8000 ത്തോളം കാലിക്കൂട്ടങ്ങളെ ഗൂഗിൾ എർത്ത് ഇമേജുകൾ വെച്ചാണ് അവർ പഠനവിധേയമാക്കിയത്. ഇന്ത്യയിലെ ചില സ്ഥലങ്ങൾ ഉൾപ്പടെ 300 റോളം സ്ഥലങ്ങളിലെ കന്നുകാലിക്കൂട്ടങ്ങളെ അവർ നിരീക്ഷിച്ചു. ഇതിന് ശേഷം 2013 ൽ പ്രൊഫസർ സ്ളാബിയും കൂട്ടരും ചെക്ക് റിപ്പബ്ലിക്കിലെ ഫാമുകളിലും, കാടുകളിലും ഇതേ പഠനങ്ങൾ നേരിട്ട് പോയ് നിരീക്ഷിച്ചപ്പോഴും റിസൾട്ട് ഇത് തന്നെയായിരുന്നു.

കാലികളുടെയും, മാൻകൂട്ടങ്ങളുടെയും ഈ തെക്ക് - വടക്ക് നിൽപ്പ് മുൻപും പലരും നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഉദയസൂര്യന്റെ കിരണങ്ങൾ ശരീരമാകമാനം പതിപ്പിക്കുവാനായി മൃഗങ്ങൾ സൂര്യരശ്മികൾക്ക് ലംബമായി നിൽക്കുന്നതാണ് എന്നായിരുന്നു തുടക്കത്തിൽ കരുതിയിരുന്നത്. ആ പ്രദേശത്തെ കാറ്റിന്റെ ദിശയും മറ്റും ഈ നില്പിനെ സ്വാധീനിക്കുന്നുണ്ട് എന്നും ചിലർ കരുതിയിരുന്നു. പക്ഷെ ഈ രണ്ട് പഠന റിപ്പോർട്ടുകളും പറയുന്നത് ഭൂമിയുടെ കാന്തിക ധ്രുവങ്ങൾ തന്നെയാണ് മാൻ വർഗങ്ങൾ ആധാരമാക്കുന്നത് എന്നാണ്. ഇത് വെറും നിരീക്ഷണ റിപ്പോർട്ടുകൾ മാത്രമാണ്. എന്തിന് ? എങ്ങിനെ ? എന്നുള്ള ചോദ്യങ്ങളൊക്കെ ബാക്കി. പക്ഷെ പുതിയ പഠനങ്ങൾക്കനുസരിച്ച് അതിനുള്ള ഉത്തരങ്ങളും ലഭിക്കും.

Image: Adam Ellis

റഫറൻസ് Begall, S., Cerveny, J., Neef, J., Vojtech, O., & Burda, H. (2008). Magnetic alignment in grazing and resting cattle and deer. Proceedings of the National Academy of Sciences, 105(36), 13451–13455.

SlaP, e. (2019). Cattle on pastures do align along the North-South axis, but the alignment depends on herd density. - PubMed - NCBI

Google Earth shows that cow and deer herds align like compass needles. (2008). Nationalgeographiccom.

BBC NEWS | Science/Nature | Cattle shown to align north-south. (2015). Retrieved from Bbccouk.



14 views0 comments
bottom of page