Middle of nowhere! | ത്രിശങ്കു സ്വർഗ്ഗം! | Hanging coffins
മരിച്ച പൂർവികരെ അടക്കം ചെയ്യുവാൻ ഭൂമിയിലെ വിവിധജനവർഗ്ഗങ്ങൾ ഒട്ടനവധി രീതികൾ അവലംബിച്ചിട്ടുണ്ട് . മണ്ണിൽ കുഴിച്ചിടുക , ദഹിപ്പിക്കുക , കഴുകൻമ്മാർക്കോ , മറ്റു സഹജീവികൾക്കോ ആഹാരമാക്കുക , മമ്മി ആക്കി സൂക്ഷിക്കുക അല്ലെങ്കിൽ ഉണക്കി സൂക്ഷിക്കുക, ഭരണിയിൽ ഇറക്കി വെയ്ക്കുക , കടലിൽ ഒഴുക്കി വിടുക അങ്ങിനെ നിരവധി രീതികൾ ലോകമെമ്പാടും നിലവിൽ ഉണ്ടായിരുന്നു .
എന്നാൽ ദക്ഷിണ ചൈനയിൽ അടുത്തകാലത്ത് മാത്രം ഗവേഷകരുടെ ശ്രദ്ധയിൽപെട്ട ശ്മശാനത്തിന് മറ്റൊരു പ്രത്യേകതയാണ് ഉണ്ടായിരുന്നത് . ഇവിടെ മൃതശരീരങ്ങൾ ഭൂമിയിലുമല്ല ആകാശത്തിലുമല്ല അടക്കം ചെയ്തിരിക്കുന്നത് , പകരം കിഴക്കാംതൂക്കായ കൂറ്റൻ മലകളുടെ ചെരുവിൽ തിരശ്ചീനമായി തടികൊണ്ട് നിർമ്മിക്കപ്പെട്ട പ്ലാറ്റഫോമിൽ ആണ് ശവപ്പെട്ടികൾ സ്ഥാപിച്ചിരിക്കുന്നത് ! ഇത് ഇന്നും ഇന്നലെയുമായി സംഭവിച്ചതല്ല മറിച്ച് ക്രിസ്തുവിനും മുൻപേയുള്ള പെട്ടികൾ (Zhou dynasty) മുതൽ ഇന്നേക്ക് നാനൂറ് വർഷങ്ങൾ പിറകിൽ വരെയുള്ള അസ്ഥികൾ വരെ ഈ ത്രിശങ്കു സ്വർഗ്ഗത്തിൽ കണ്ടെത്തിയിട്ടുണ്ട് ! ദക്ഷിണചൈനയിൽ (Sichuan and Yunnan Province) പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഇത്തരം തൂങ്ങുന്ന ശവകുടീരങ്ങൾക്ക് സമാനമായി ഫിലിപ്പീൻസിലും (Luzon ദ്വീപ്) , ഇന്തോനേഷ്യയിലും (സുലെവസി ദ്വീപ് ) വിരലിലെണ്ണാവുന്നത്രയും സ്ഥലങ്ങളിൽ കൂടി ഇത്തരം രീതിയിൽ അടക്കം ചെയ്തിരിക്കുന്ന പെട്ടികൾ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട് . ഇതിന്റെ ചൈനീസ് പേര് xuanguan എന്നാണ് അർഥം " തൂങ്ങുന്ന ശവപ്പെട്ടി "

ആരാണ് ഇതിന്റെ പിറകിൽ ? ചൈനയിലെ തൂങ്ങുന്ന ശവകുടീരങ്ങളിൽ ഒട്ടുമിക്കതും ബോ ഗോത്രക്കാരുടെ (Bo people) പണിയാണ് എന്നാണു മിക്ക ചൈനീസ് ഗവേഷകരും കരുതുന്നത് . ദക്ഷിണചൈനയിലെ കുന്നിഞ്ചെരുവുകളിൽ താമസമാക്കിയിരുന്ന ഇവരെ മിങ് (Ming Dynasty) ചക്രവർത്തിമാർ നിശ്ശേഷം ഇല്ലായ്മ്മ ചെയ്തു എന്നാണ് കരുതുന്നത് . എന്നാൽ വേണ്ടത്ര തെളിവുകൾ ഇല്ലാത്തതിനാൽ ഈ വംശക്കാരുടെ തിരോധാനം ചൈനീസ് ഹിസ്റ്ററിയിലെ ഒരു കടംകഥയാണ് . സൈനിക ആക്രമണത്തിൽ ചിതറിക്കപ്പെട്ട ഇവർ ഒളിച്ചോടി മറ്റു വംശക്കാരുടെ ഇടയിൽ പാർക്കുകയും പിന്നീട് അതിൽ ലയിച്ചു തീരുകയും ചെയ്തതാവാനാണ് സാധ്യത . ഇവരുടെ പിന്മുറക്കാരിൽ ചിലരെ കണ്ടെത്തിയതായി ചില ചൈനീസ് സൈറ്റുകളിൽ കാണുന്നുണ്ട് . ഇവരെക്കൂടാതെ Guyue എന്ന വർഗ്ഗക്കാരും ഇത്തരം "ശവസംസ്‌കാരം " നടത്തിയിരുന്നു . രണ്ടായിരം വർഷങ്ങൾക്ക് മുൻപേയുള്ള പെട്ടികൾ ഇവരുടെ പൂർവ്വികരുടേതാണ് . ഈ രണ്ടുകൂട്ടരും നൂറ്റാണ്ടുകൾക്ക് മുന്നേ ഇന്തോനേഷ്യൻ ദ്വീപുകളിൽ നിന്നും കുടിയേറിയവർ ആണ് . ഇവരുടെ പൂർവ്വികർ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന സ്ഥലത്ത് തന്നെയാണ് ഇന്തോനേഷ്യയിലെയും ഫിലിപ്പീൻസിലെയും തൂക്കു പെട്ടികൾ സ്ഥിതിചെയ്യുന്നത് .

ഇതെങ്ങിനെ സാധിച്ചു ? ഇതിനിപ്പോഴും ശരിയായ ഉത്തരമില്ല . നിലത്തുനിന്നും പത്തു മീറ്റർ മുതൽ നാനൂറ് മീറ്റർ വരെ ഉയരത്തിൽ ആണ് ശവപ്പെട്ടികൾ സ്ഥാപിച്ചിട്ടുള്ളത് . കുത്തനെയുള്ള പാറകളുടെ ചെരുവിൽ ഇപ്പോൾ പോലും ഇങ്ങനെയൊന്ന് ചെയ്യാൻ നാം നന്നേ ബുദ്ധിമുട്ടും . കയറുകൾ ധാരാളം ഉപയോഗിച്ചിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട് . സ്‌കഫോൾഡിങ് നടത്തിയിട്ടുണ്ട് എന്നുറപ്പാണ് . പക്ഷെ ഏത് രീതിയിൽ എങ്ങിനെ പാറകൾ തുളച്ചു എന്നും മറ്റും തെളിവുകളുടെ അടിസ്ഥാനത്തിൽ ഇപ്പോഴും വിശദീകരിക്കാൻ സാധിച്ചിട്ടില്ല . മിക്കതും നദികളുടെ തീരങ്ങളിലെ കുന്നിഞ്ചെരുവുകളിലാണ് നിർമ്മിച്ചിരിക്കുന്നത് . ദേവദാരുവിനു സമാനമായ Nanmu എന്ന തടിയാണ് പെട്ടി നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് . മിക്കതും ഒറ്റത്തടി അകം പൊള്ളയാക്കി എടുത്തിരിക്കുകയാണ് . ഏഴു മീറ്ററോളം നീളം ഉണ്ടാവും . ബലം കൂട്ടാൻ ചെമ്പ് തകിടുകൾ അടിച്ചു ചേർത്തിട്ടുണ്ട് . എന്നാൽ പല അറകളുള്ള , ഒന്നിൽ കൂടുതൽ പേരെ അടക്കിയിട്ടുള്ള ഭീമൻപെട്ടികളും ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട് . എല്ലാത്തിനും ചതുരാകൃതിയും അല്ല . കപ്പലിന്റെയും ബോട്ടിന്റെയും വീടിന്റെയും ഒക്കെ ആകൃതിയിൽ ശവപ്പെട്ടികൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട് . എന്തായാലും പെട്ടികൾ താഴേന്നു കയറ്റിയതാണോ അതോ മുകളിൽ നിന്നും കെട്ടിയിറക്കിയതാണോ എന്നൊന്നും ഇപ്പോൾ തെളിഞ്ഞിട്ടില്ല .
എന്തിന് ചെയ്തു? പലകാരണങ്ങളാണ് ഗവേഷകർ നിരത്തുന്നത് . ആ പ്രദേശത്തെ ഗുഹാചിത്രങ്ങളിൽ നിന്നും മറ്റു പുരാവസ്തുക്കളിൽ നിന്നും കിട്ടിയ ഏകദേശ ധാരണവെച്ച് ബോ വർഗ്ഗക്കാരുടെ സംസ്കാരത്തെ വേർതിരിച്ചെടുക്കുവാൻ പലരും ഇപ്പോൾ ശ്രമിക്കുന്നുണ്ട് . എഴുത്തുകാരനായ Li Jing പറയുന്നത് , വന്യജീവികളുടെയും മറ്റു ഗോത്രക്കാരുടെയും ആക്രമണങ്ങളിൽ നിന്നും തങ്ങളുടെ പൂർവ്വികരുടെ ശവശരീരങ്ങൾ രക്ഷിക്കുക എന്നതാവാം പ്രധാന ഉദ്യേശം എന്നാണ് . പലതട്ടുകൾ സ്വർഗ്ഗത്തിലേക്കുള്ള ചവിട്ടുപടികളെ പ്രതിനിധാനം ചെയ്യുന്നു . സമൂഹത്തിലെ ഉന്നതർ ഏറ്റവും മുകളിൽ സ്വർഗ്ഗത്തിനോട് അടുത്ത് വിശ്രമിക്കുന്നു . ബാക്കിയുള്ളവർ ബഹുമതിക്കനുസരിച്ച് താഴേക്കും . ഇവർ പുനർജന്മത്തിൽ വിശ്വസിച്ചിരുന്നവർ ആകാനും സാധ്യത ഉണ്ട് .