ആന ... ഇരുട്ട് .......പിന്നെ ഞാൻ !

നേരം നന്നേ ഇരുട്ടിയിരുന്നു . ഒരു ചാരായക്കടയാകുമ്പോൾ അടച്ചുകഴിഞ്ഞ് ഗ്ലാസ്സുകളും കഴുകിയിറങ്ങുമ്പോൾ ഇത് പതിവാണ് . വഴിയിൽ തീരെ വിളിച്ചം പോരാ . ഒന്ന് രണ്ടു വീടുകളിൽ വൈദ്യുതിയെത്തിയിട്ടുണ്ടെങ്കിലും വോൾട്ടേജ് ക്ഷാമം കാരണം ശ്രദ്ധിച്ചുനോക്കിയാൽ ഫിലമെന്റ് കാണാം അത്രതന്നെ ! പച്ചാടിക്കവലയിൽ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ വീട്ടിലേക്ക് . പക്ഷെ സ്റ്റാൻലി അളിയന്റെ കയ്യിൽ ഒൻപതേൽ ചാടുന്ന പൂച്ചേടെ നാല് ബാറ്ററിയിടുന്ന ഒരു പൂട്ടുകുറ്റി ടോർച്ചുണ്ട് . അത് നീളത്തിൽ ദൂരേയ്ക്കടിച്ചു നോക്കിക്കൊണ്ട് പറഞ്ഞു. "എടാ കഴിഞ്ഞ ആഴ്ച്ച ഒരുത്തൻ ചാരായവും മോന്തി ടോർച്ചില്ലാതെ നമ്മുടെ ഇഞ്ചിക്കണ്ടത്തിക്കൂടേ പോയതാ , നേരെ ചെന്ന് ആനക്കിട്ടിടിച്ചു. ഭാഗ്യം ചത്തില്ല . ആന വിരണ്ടു കാണും "
ഇതും പറഞ്ഞ് ചിരിച്ചോണ്ട് ഞങ്ങൾ വീട്ടിലേയ്ക്ക് നടന്നു . ഇഞ്ചിക്കണ്ടം എത്തിയിട്ടില്ല . ഞാൻ മുകളിലേയ്ക്ക് നോക്കി . ഒറ്റ നക്ഷത്രം കാണാനില്ല . പപ്പ പറഞ്ഞുതന്നിട്ടുള്ള, വേട്ടക്കാരന്റെ ബെൽറ്റിലെ മൂന്ന് നക്ഷത്രങ്ങളും കാണാനില്ല .
"മഴ പെയ്യോ ? " ഞാൻ ചോദിച്ചു . " കുറേ നാളായില്ലേ , ഇന്നെങ്കിലും പെയ്യണം " ആ വാക്കുകളിൽ ഒരു കൃഷിക്കാരന്റെ പ്രത്യാശയുണ്ടായിരുന്നു .
"മഴ പെയ്താൽ പിന്നെ രാവിലെ കണ്ടത്തിൽ മാനോന്നും വരില്ലായിരിക്കും ല്ലേ ?" ഞാൻ നിരാശയോടെ ചോദിച്ചു .
"അങ്ങനൊന്നും ഇല്ലെടാ ... അതുങ്ങൾക്ക് വിശന്നാൽ മഴ കഴിഞ്ഞാൽ അപ്പൊത്തന്നെ പുറത്തിറങ്ങും . നിനക്ക് ഭാഗ്യമുണ്ടെല് രാവിലെ ആനേം വരും " പിറകെ നിക്കറുമിട്ട് നാലുപാടും നോക്കി വരുന്ന മീശയില്ലാതെ ചെറുക്കനെ നോക്കി അളിയൻ ചിരിച്ചു.
"ഒന്നും കണ്ടില്ലേൽ നാളെ അപ്പാപ്പനും മറ്റും വരുമ്പോൾ നമ്മുക്ക് ആ കൊല്ലിയുടെ അടുത്ത് പോകാം . അവിടെ ചെന്നാൽ എല്ലാം കാണാം . ആനേം , പോത്തും , മാനും ...... സകലതും അവിടെക്കാണും " അളിയൻ എന്നെ ആശ്വസിപ്പിച്ചു .
ഇരിക്കുമ്പോൾ കാച്ചട്ടയുടെ കുത്തുവിട്ട് കീറുമ്പോഴുണ്ടാകുന്ന മാതിരി ഒരു ശബ്ദം മുകളിൽനിന്നുണ്ടായി . ഒരു തണുത്ത കാറ്റ് വീശി .
"വേഗം നടന്നോ അല്ലെങ്കിൽ മഴവെള്ളം കൊണ്ട് നിനക്ക് പനിപിടിക്കും , എന്നിട്ട് വേണം അപ്പാപ്പൻ വന്നെന്നെ ചീത്തവിളിക്കാൻ " സ്റ്റാൻലി അളിയൻ നടപ്പിന്റെ വേഗത കൂട്ടി . ഇഞ്ചിക്കണ്ടമെത്തിയതോടെ ഞാൻ നടപ്പിന്റെ വേഗത കുറച്ചു . അങ്ങകലെ നല്ലയിരുട്ട് . അവിടെ ആനയോ മാൻകൂട്ടങ്ങളോ നിൽപ്പുണ്ടാവുമോ ? എന്തൊക്കെയോ അനങ്ങുന്നുണ്ട് . പക്ഷെ നിൽക്കാൻ സമയമില്ല . മഴ തൂളിതുടങ്ങി . മുളങ്കമ്പുകൊണ്ട് തട്ടിക്കൂട്ടിയുണ്ടാക്കിയ വീടിന്റെ മുന്നിൽ കത്തിച്ചുവെച്ചരിക്കുന്ന റാന്തലിന്റെ പിറകിൽ സാലിച്ചേച്ചിയുടെ മുഖം അവ്യക്തമായി കാണാം . കണ്ടത്തിന്റെ ഒരു വശത്ത് ചെറിയൊരു നീർച്ചാലും അതിനപ്പുറം വനവുമാണ് . മറുവശത്ത് മൺതിട്ടകൾക്ക് മുകളിൽ അവിടവിടായി വീടുകളുണ്ട് . എല്ലായിടത്തെയും തിരികൾ അണഞ്ഞുകഴിഞ്ഞു . രാവേറെ ചെന്നിരുന്നു . ഞങ്ങൾ വീടെത്തും മുൻപേ മഴ തുടങ്ങി . ഓടി വീട്ടിൽ കയറിയപ്പോഴേ ചേച്ചിയുടെ സ്വരം കേട്ടു " ഇന്നും വൈകി "
അളിയൻ മറുപടി പറഞ്ഞില്ല . "ഒരു തോർത്തെടുത്ത് അവന്റെ തല തുടയ്ക്ക് " .
ഭക്ഷണം കഴിഞ്ഞ് കിടന്നപ്പോൾ ഒരു സമയം ആയി . നല്ല ക്ഷീണമുണ്ടായിരുന്നു . പക്ഷെ ഉറക്കം വന്നില്ല . മനസ്സപ്പോഴും കണ്ടതിന്റെ മറുവശത്തായിരുന്നു . ആ ഇരുട്ടിൽ ആരൊക്കെയുണ്ടാവും ? അതുങ്ങളൊക്കെ ഇപ്പോൾ വയലിൽ ഇറങ്ങിയിട്ടുണ്ടാവും . ആനേം , പോത്തും , മാനും ...... ഹോ ! എന്ത് രസമായിരിക്കും !
ഞാൻ മെല്ലെ എഴുന്നേറ്റ് ഒരു വിടവിലൂടെ അകലേക്കു നോക്കി . കണ്ടതിന്റെ പകുതി വരെ കാണാം . ചെറിയ നിലാവുണ്ട് . മേൽപ്പറഞ്ഞ മൃഗങ്ങളൊക്കെ ഒളിച്ചുകളിക്കുകയാണ് . ഒന്ന് രണ്ട് പട്ടികൾ ലക്ഷ്യമില്ലാതെ നടപ്പുണ്ട് . ഞാൻ തിരികെ വന്നു കിടന്നു . മമ്മീടെ പപ്പാ (ഞാൻ അപ്പച്ചീന്നു വിളിക്കും ) പറഞ്ഞു തന്ന കഥകൾ ഓർത്തോണ്ടു കിടക്കാം നല്ല രസമാണ് . ഹോ ! അപ്പച്ചിയെപ്പോലെ വല്ല കാട്ടിലും പണികിട്ടിയാൽ മതിയായിരുന്നു . അങ്ങിനെ കാട്ടുകഥകൾ ഓർത്തോണ്ടു കിടന്നപ്പോൾ പതുക്കെ മയക്കം വന്നു . കണ്ണുകൾ അടഞ്ഞു .
ചുറ്റും നല്ലയിരുട്ട് . ഞാൻ കട്ടിലിൽ കിടപ്പാണ് . പുറത്തെന്തോ ശബ്ദം ! ...... ഞാൻ ചെവികൂർപ്പിച്ചു . പുറത്തുനിന്നല്ല ശബ്ദം വരുന്നത് , മറിച്ച് മുകളിൽ നിന്നാണ് . എന്തെങ്കിലും പുരപ്പുറത്തുണ്ടോ ? പുലി ! ഹേയ് ആവില്ല . ഉറക്കെ നിലവിളിക്കണമെന്നുണ്ട് . നാവ് പൊന്തുന്നില്ല .... കയ്യും കാലും കെട്ടിയിട്ടപോലെ ! പൊടുന്നനെ മുകളിലെ തട്ടിൽ ഒരു ദ്വാരം വീണു ! അതിലൂടെ നിലാവെളിച്ചം അകത്തേക്കിറങ്ങി .എന്തോ ഒന്ന് താഴേക്കിറങ്ങി വരുന്നു ! പാമ്പാണോ ? എനിക്കനങ്ങാനാവുന്നില്ല . ഞാൻ നിലവിളിക്കുന്നുണ്ട് ശബ്ദം പുറത്തുവരുന്നില്ല ! മുകളിൽ നിന്നും താഴേക്കിഴഞ്ഞിറങ്ങിയ ആ വസ്തു എന്റെ മുഖത്തുവന്നു തൊട്ടു ! അത് പാമ്പല്ല ! ആനയാണ് ! ആനയുടെ തുമ്പിക്കൈയാണ് !
"അയ്യോ !!!!!!!!........"
"എടാ എഴുന്നേൽക്ക് ........ എഴുന്നേൽക്കാൻ ! " അളിയൻ എന്നെ കുലുക്കി വിളിച്ചു . കവിളത്ത് ചെറുതായൊന്ന് തല്ലി . ഞാൻ കണ്ണ് തുറന്നു . "നീ എന്തിനാ നിലവിളിച്ചത് ? " അളിയൻ ആകാക്ഷയോടെ ചോദിച്ചു .
ഞാൻ ചമ്മലോടെ എഴുന്നേറ്റിരുന്നു . "സ്വപ്‍നം കണ്ടതാ "
"ഹ ഹ ....." അളിയന് ചിരിപൊട്ടി . "അതുമിതും ആലോചിച്ചോണ്ട് കിടക്കാതെ ഉറങ്ങാൻ നോക്ക് വെളിപ്പിനെ എണീക്കണ്ടതാ "
വീണ്ടും മൂടിപ്പുതച്ചു കിടന്നു . മലയാറ്റൂരെവിടോ അപ്പച്ചി ഫോറസ്റ്റ് ഗാർഡായി ജോലിനോക്കിയിരുന്ന സമയം നടന്ന സംഭവം ഞാൻ സ്വപ്നത്തിൽ പുനരാവിഷ്‌ക്കരിച്ചതാണ് ! സംഭവം നന്നായിരുന്നു . ഒരു ഫീലോക്കെ കിട്ടീട്ടുണ്ട് . ഇനി കണ്ടത്തിൽ ആനകൂടി ഇറങ്ങിയാൽ ..... ഭേഷായി !
നേരം വെളുക്കാൻ മണിക്കൂറുകൾ ഇനിയുമുണ്ട് . ശരീരം കട്ടിലിലും മനസ് കണ്ടത്തിലുമാണ് . പെട്ടന്ന് അകലെനിന്നും ഒരു സംഗീതം ഒഴുകിയെത്തി ! ഒന്നും മനസിലായില്ല . വീണ്ടും അതുപോലെന്തോ കേട്ടു ! ഇനി ഗന്ധർവ്വൻമാരാണോ ? സ്റ്റാൻലി അളിയൻ ഞെട്ടിയെഴുന്നേറ്റു . നേരെ വന്ന് എന്നെ കുലുക്കി വിളിച്ചോണ്ട് പറഞ്ഞു .
"എണീക്കടാ കണ്ടതിൽ ആനയിറങ്ങീട്ടുണ്ട് .... ഏറുമാടത്തിൽ കിടക്കുന്നവർ കൂവുന്നുണ്ട് "
കേട്ടപാതി കേൾക്കാത്തപാതി ഞാൻ ഒരു നിമിഷംകൊണ്ട് വാതിലിനടുത്തെത്തി . പട്ടികളുടെ കുര ഉച്ചസ്ഥായിലായിരിക്കുന്നു ! ഇവിടുത്തെ പട്ടികൾ കാട്ടാനകളുടെ കാലിൽക്കയറി കടിക്കും. തലങ്ങും വിലങ്ങും കടികിട്ടി പ്രാന്തായി അവസാനം പുള്ളി സുല്ലിട്ട് തിരിച്ചു കയറിപ്പോകും അതാണ് പാരമ്പര്യം .
ഞാനും അളിയനും കൂടി പതുക്കെ പുറത്തിറങ്ങി . തനിക്കിഷ്ടമുള്ള ഒന്ന് രണ്ട് സ്ഥലങ്ങളിലേ ചന്ദ്രൻ നിലാവിറക്കിയിട്ടുള്ളൂ . ബാക്കിയുള്ള സ്ഥലങ്ങളിലൊക്കെ കൂരിരുട്ടാണ് . അതൊക്കെ ഓരോ ആനയായിട്ടാണ് എനിക്ക് തോന്നിയത് . ഞങ്ങൾ പതുക്കെ വരമ്പത്തൂടെ നടന്നു . അവിടവിടെയായി ടോർച്ചടിയും , റാന്തൽ വിളക്കും അലർച്ചയും കൂവലും , കുരയും ..... ആകെ ബഹളം . ഞങ്ങൾ മുന്നോട്ട് നടന്നു . അളിയൻ ഇഞ്ചികൃഷി ഇട്ടിരിക്കുന്ന സ്ഥലമാണ് ലക്‌ഷ്യം . പകുതിയെത്തിയപ്പോൾ ആള് ഒരൊറ്റ നിൽപ്പ് . " എടാ നീ തിരികെ കയറിക്കോ .... നല്ല ചൂരടിക്കുന്നുണ്ട് ..... അവനടുത്തെവിടോ ഉണ്ടെന്ന് തോന്നുന്നു ."
ഞാൻ തിരികെപ്പോയില്ല .... ഇനി ആ വഴി വല്ലതും ആന നിൽപ്പുണ്ടെങ്കിലോ ?
"ടോർച്ചടിച്ച് നോക്കിക്കൂടെ " ഞാൻ ചോദിച്ചു .
"എടാ ടോർച്ചടിച്ചാൽ ചിലപ്പോൾ അവൻ വിരണ്ടേക്കും , നീ മിണ്ടാതെ നിൽക്ക് "
ഞങ്ങൾ രണ്ട് മൂന്ന് മിനിറ്റ് അനങ്ങാതെ നിന്നു . നായ്ക്കളുടെ ശബ്ദം അടുത്ത് വരുന്നുണ്ട് . ഇറങ്ങിയത് മണ്ടത്തരമായി എന്ന് തോന്നി . പൊടുന്നനെ ഇരുളിനെ നെടുകെ മുറിച്ചുകൊണ്ട് രണ്ട് വെള്ളിത്തേറ്റകൾ പ്രത്യക്ഷപ്പെട്ടു ! അളിയൻ ഓടി വന്നെന്റെ കയ്യിൽ പിടിമുറുക്കി .
"ഓടെടാ !!!!!.... "
ആരോടാൻ ! .. കാലനങ്ങിയിട്ടുവേണ്ടേ ഓടാൻ ! ... ഞാൻ ഓടുന്നില്ല എന്ന് കണ്ടപ്പോൾ ഓടിയ അളിയൻ തിരികെ വന്നു . എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് നിന്നു . ഓടി വന്ന ഒറ്റയാൻ ഞങ്ങളെ കാണാത്ത മട്ടിൽ ഒരു വശം വഴി അലറിക്കൊണ്ട് കടന്നു പോയി . ഞങ്ങൾ വീട്ടിൽ നിന്നും വന്ന അതേ വഴി അവൻ വീടിന്റെ ഭാഗത്തേയ്ക്ക് ഓടിക്കയറി . പിറകെ അസഖ്യം നായ്ക്കളും ! വീടിന്റെ ഒരു വശം വഴി തിട്ടയിടിച്ചുകൊണ്ട് അടുക്കളയുടെ മൂലവഴി നേരെ മുകളിലെ വഴിയിലേക്കവൻ ഓടിക്കയറി . ഞങ്ങളപ്പോഴും അതെ നിൽപ്പായിരുന്നു . ഒന്ന് രണ്ടു മിനിറ്റുകൾക്കുള്ളിൽ രംഗം ശാന്തമായി ..... പട്ടികളൊക്കെ ഡ്യൂട്ടി കഴിഞ്ഞു ഒരു പുച്ഛഭാവത്തോടെ ഞങ്ങളെ നോക്കി തിരികെപ്പോയി . അളിയൻ എന്റെ കയ്യിലെ പിടിവിട്ടില്ല ..... ഞങ്ങൾ ഒരുമിച്ചു തിരികെ നടന്നു ......
വീട്ടിനുള്ളിൽ സാലിച്ചേച്ചി ഇതൊന്നുമറിയാതെ നല്ലയുറക്കമാണ് . " നീ ഇനി രാവിലെ പെങ്ങളോടിത് പറയാൻ നിൽക്കേണ്ട കേട്ടോ " അളിയൻ എന്നെ നോക്കി ചിരിച്ചു . "ഇല്ല" ഞാനും വെളുക്കെ ചിരിച്ചു .
പിന്നത്തെ ഉറക്കത്തിനൊരു സുഖമുണ്ടായിരുന്നു . കോട്ടയത്തുനിന്നും അതിരാവിലെ ജീപ്പിലെത്തിയ പപ്പയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഞാനുണർന്നത് . നേരം എട്ടു കഴിഞ്ഞിരിക്കുന്നു .
"എന്തുറക്കമാണെടാ ഇത് ? നിന്നോട് രാവിലെ എണീക്കണമെന്ന് ഞാൻ പറഞ്ഞിട്ടില്ലേ ? " പപ്പാ ഗൗരവപ്പെട്ടു .
"ഞങ്ങളിന്നലെ കഥയൊക്കെ പറഞ്ഞിരുന്ന് നേരം പോയി അതാ ...." അളിയൻ എന്നെ നോക്കി ചിരിച്ചു .........
"ഉം അതെ " എനിക്ക് ചിരിപൊട്ടി ....... "ചേച്ചീ കാപ്പി താ " .......... ഞാൻ പതുക്കെ അടുക്കളയിലോട്ട് പോയി .
"എന്ത് കഥയാടാ നീയും അളിയനും കൂടെ പറഞ്ഞോണ്ടിരുന്നത് ? ചേച്ചി കുശുമ്പുകുത്തി
അത് ..........." ഞാൻ ഞരങ്ങി .
" ഉം ഇന്നാ കാപ്പി കുടി "
ഞാൻ പതുക്കെ പുറത്തേക്കിറങ്ങി ... അങ്ങകലെ അളിയന്റെ ഇഞ്ചിത്തോട്ടം നശിപ്പിച്ചിട്ടിരിക്കുന്നത് കാണാമായിരുന്നു . പപ്പ പതുക്കെ അടുത്തുവന്നു .....
"ചത്ത പോലെ കിടന്നുറങ്ങിക്കോണം ... രാത്രി മാൻകൂട്ടം ഇറങ്ങിയതായിരുന്നു .. നീ വല്ലതും അറിഞ്ഞോ ? "
ഞാൻ ചിരിച്ചോണ്ട് പറഞ്ഞു .... "ഇല്ല പാപ്പാ "
അളിയൻ സ്റ്റാൻലി ഇന്നില്ല . ഒരു ബൈക്കപകടത്തിൽ മരണപ്പെട്ടു . പക്ഷെ അന്നെന്നെ കെട്ടിപ്പിടിച്ച ആ ഒരു ഓർമ്മ മതി എനിക്കെപ്പോഴും . ബത്തേരിയിലും , വടക്കനാടും ഉള്ളവരോട് ചോദിച്ചാൽ അവർക്കറിയാം എന്റെയീ സ്റ്റാൻലി അളിയനെ .