Kodokushi - കദോകൂശി
കോവിഡുമായി ബന്ധപ്പെട്ട് കുറച്ചു പേപ്പറുകൾ തിരയുന്നതിനിടയിലാണ് ഈ ജാപ്പനീസ് വാക്ക് ശ്രദ്ധയിൽ പെടുന്നത്. കദോകൂശി; എന്ന് വെച്ചാൽ ഏകാന്ത മരണം. ഒരാൾ ആരോരുമില്ലാതെ ഒറ്റയ്ക്ക് മരണമടയുന്നു, നാളുകൾക്ക് ശേഷം നാമയാളെ കണ്ടെത്തുന്നു. 1980 കളിലെ സാമ്പത്തികമാന്ദ്യത്തിലാണ് ജപ്പാനിൽ ഇത്തരം മരണങ്ങൾ കൂടിത്തുടങ്ങിയത്. രാജ്യത്തെ കൂടിവരുന്ന സാമൂഹികമായ ഒറ്റപ്പെടൽ, കൂടാതെ വർദ്ധിച്ചുവരുന്ന വൃദ്ധജനങ്ങളുടെ എണ്ണം ഇതൊക്കെയാണത്രെ കദോകൂശിയുടെ മൂലകാരണങ്ങൾ.

എന്നാൽ ലോകത്ത് ഇപ്പോൾ വീണ്ടും ഇത് വർദ്ധിച്ചിരിക്കുന്നു. കോവിഡ് പോലുള്ള മാരക വൈറസുകൾ ഇനിയുള്ള മരണങ്ങളൊക്കെ ഏകാന്തമാക്കിയേക്കാം. അടച്ചിട്ട ഒറ്റയ്ക്കൊരു മുറിയിൽ മരണവും കാത്തുള്ള കിടപ്പ്! പണ്ട് വസൂരി വിഴുങ്ങിയ കാലങ്ങളിൽ നമ്മുടെ പല പൂർവികരും ഇത്തരം കദോകൂശി മരണങ്ങൾ ഏറ്റുവാങ്ങിയവരാണ്. രോഗം ബാധിച്ചയാളെ ദൂരെയുള്ള ഏതെങ്കിലും ഓലപ്പുരയിൽ കൊണ്ടിടും. ഭക്ഷണം എത്തിക്കുവാൻ കൂലിക്കാരെയോ മറ്റോ ഏൽപ്പിക്കും. ആദ്യമൊക്കെ ആരെങ്കിലും ഭക്ഷണം കൊണ്ടെത്തിക്കും. പിന്നെപിന്നെ അവർക്കും മടുക്കും, കൂടെ ഇത് പകരുമോ എന്നുള്ള ഭയവും. അടുത്ത ദിവസം തന്നെ ഓലപ്പുരയുടെ അരികിൽ തന്നെ അവർ കുഴിവെട്ടി തുടങ്ങും. അകത്ത് മൃതപ്രായനായ കിടക്കുന്ന ആൾ തന്റെ ശവക്കല്ലറ ഒരുങ്ങുന്ന ശബ്ദവും കേട്ടാവും നിറകണ്ണുകളോടെ കിടക്കുക. ചിലപ്പോൾ ഒന്നോ രണ്ടോ ദിവസങ്ങൾക്കൂടി അവർ ക്ഷമിച്ചേക്കും. അപ്പോഴേക്കും അടുത്ത ആളെ നോക്കാനുള്ള വിളി എത്തിയിട്ടുണ്ടാവും. പിന്നെ ഒന്നും നോക്കാനില്ല ചാക്കിലോ , വാഴയിലയിലോ കിടക്കുന്ന ആ മനുഷ്യനെ അതോടെ തന്നെ ചുറ്റി പൊതിഞ്ഞെടുത്ത് നേരെ കുഴിയിൽ കൊണ്ടിട്ട് ജീവനോടെ മണ്ണിട്ട് മൂടിക്കളയും! കുറച്ചു ദിവസങ്ങൾക്ക് മുൻപ്പ് നാട്ടിലെ പ്രായമേറിയ ഒരാൾ അമ്മയെ കാണുവാൻ വീട്ടിലെത്തി. പഴയ പുരാണങ്ങളുടെ കെട്ടഴിക്കുന്നതിനിടെ ഇത്തരം കുറച്ചു കഥകൾ കേട്ടു . തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ പ്രധാന വഴിയിൽ ഇങ്ങനെയൊരാളെ അടക്കിയിട്ടുണ്ടത്രെ! ........... പണ്ട് ...... വളരെ പണ്ട് .....
NB : ഈജിപ്തിലെ റാംസെസ് അഞ്ചാമൻ ഫറോവോയുടെ മമ്മിയിൽ നിന്നാണ് ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള വസൂരിവടുക്കൾ ലഭിച്ചിട്ടുള്ളത്.