ഇന്ത്യയിലെ കുട്ടിപോളണ്ട് | Litle Poland in Inda

ജംസാഹേബ് ദിഗ്വിജയ്സിംഗ് ജഡേജ സ്‌കൂൾ (Jamsaheb Digvijay Singh Jadeja School). തീർച്ചയായും ഇത് ഒരു വിദ്യാലയത്തിന്റെ പേരാണ്. പേരിന്റെ നീളംകൊണ്ട് കൗതുകം ജനിപ്പിക്കുമെങ്കിലും അതിലും വലിയ അത്ഭുതം നമ്മുക്ക് തോന്നുക ഈ സ്‌കൂൾ എവിടെയാണ് എന്ന് അറിയുമ്പോഴാണ്. പോളണ്ടിന്റെ തലസ്ഥാനമായ വാഴ്‌സയിലാണ് ഇത് പ്രവർത്തിക്കുന്നത്. ഗുജറാത്തിലെ ഒരു നാട്ടുരാജാവിന്റെ പേരിൽ പോളണ്ടിലെ ഒരു വിദ്യാലയം അറിയപ്പെടുക! ആറായിരം കിലോമീറ്ററുകൾക്കപ്പുറം കിടക്കുന്ന മറ്റൊരു രാജ്യത്തിന്റെ ചരിത്രസംഭവങ്ങൾ പോളണ്ടിലെ ഒരു സ്‌കൂളിന്റെ ചുവരുകളിൽ വർണ്ണമഷികളാൽ വരച്ചു ചേർക്കപ്പെടുക! തീർച്ചയായും നാം അറിയേണ്ട രസകരമായ ഒരു ചരിത്രം ഇതിന്റെ പുറകിലുണ്ട്.


1939 ലാണ് ചരിത്രം ആരംഭിക്കുന്നത്. ആ സമയത്താണ് പോളണ്ടിനെ ജർമനിയും, സോവിയറ്റ് യൂണിയനും രണ്ടായി വിഭജിക്കുന്നത്. അക്കാലത്തെ രണ്ടു വൻശക്തികളുടെ ആക്രമണത്തിൽ പോളണ്ട് ജനത രണ്ടായി വിഭജിക്കപ്പെടുക മാത്രമല്ല, അനേകം കുടുബങ്ങൾ അഭയാർഥികളായി റഷ്യയിലേക്ക് നിർബന്ധപൂർവ്വം നീക്കപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് അഡോൾഫ് ഹിറ്റ്‌ലർ, രണ്ടാം ലോകമഹായുദ്ധം മൂർച്ഛിച്ചു നിൽക്കുന്ന സമയത്ത് മുൻപ് സ്റ്റാലിനുമായി ഉണ്ടാക്കിയ കരാറുകളൊക്കെ മറന്ന് സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ അഭയാർഥികളായി റഷ്യൻ മണ്ണിൽ ഉണ്ടായിരുന്ന പോളിഷ് കുടുംബങ്ങളുടെ വിധിയും മാറി മറഞ്ഞു. ജർമനിക്കെതിരായ യുദ്ധത്തിൽ ആണുങ്ങളെ നിർബന്ധിച്ച് പട്ടാളത്തിൽ ചേർത്തതോടെ അനേകം സ്ത്രീകളും കുട്ടികളും അനാഥരായി തീർന്നു.


ചിതറിക്കപ്പെട്ടു പോയ പോളിഷ് കുടുംബങ്ങളിലെ കുട്ടികളെ നല്ലവരായ ചിലർ ദത്തെടുത്തു, മറ്റു ചിലർ അവരെ കപ്പലിൽ കയറ്റി മറ്റു രാജ്യങ്ങളിലേക്ക് അയച്ചു. നിർഭാഗ്യവശാൽ ഒരു രാജ്യവും ഔദ്യോഗികമായി അവരെ സ്വീകരിക്കുവാനോ, സഹായിക്കുവാനോ തുനിഞ്ഞില്ല. എന്നാൽ കിലോമീറ്ററുകൾക്കപ്പുറം ഭാരതത്തിൽ ഒരാൾ ഈ സംഭവവികാസങ്ങളെല്ലാം നിരീക്ഷിക്കുകയും അറിയുകയും ചെയ്യുന്നുണ്ടായിരുന്നു. ഗുജറാത്തിലെ ഒരു നാട്ടുരാജ്യമായിരുന്ന നവാനഗറിലെ ജംസാഹേബ് അല്ലെങ്കിൽ മഹാരാജാവ് ആയിരുന്ന ദിഗ്വിജയ്സിംഗ് ജഡേജ ആയിരുന്നു അത്. പ്രശസ്ത ക്രിക്കറ്റർ രഞ്ജിത്ത്സിംഗ്ജിയുടെ (ഇദ്ദേഹത്തിന്റെ പേരിലാണ് രഞ്ജിട്രോഫി നടത്തുന്നത്) അനന്തിരവൻ ആയിരുന്നു അദ്ദേഹം. അക്കാലത്ത് ബ്രിട്ടന്റെ ഇമ്പീരിയൽ വാർ ക്യാബിനറ്റിലെ അംഗമായിരുന്നതിനാൽ രണ്ടാംലോകമഹായുദ്ധത്തിലെ സംഭവവികാസങ്ങൾ ജംസാഹേബ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു.

മഹാരാജാവും കുട്ടികളും ക്രിസ്തുമസ് ആഘോഷങ്ങൾക്കിടയിൽ

നൂറുകണക്കിന് കുട്ടികൾ അനാഥരാകുന്നു എന്ന് മനസിലാക്കിയ അദ്ദേഹം ഒട്ടും മടിക്കാതെ തന്നെ അവരെ തന്റെ രാജ്യത്തിലേക്ക് സ്വാഗതം ചെയ്തു. അക്കാലത്ത് ഉണ്ടായിരുന്ന ചില പോളിഷ് ഉദ്യോഗസ്ഥന്മാരുടെയും, നല്ലമനസുള്ള ചില ബ്രിട്ടീഷ് പ്രഭുക്കന്മാരുടെയും സഹായത്തോടെ സോവിയറ്റ്‌യൂണിയനിൽ കുടുങ്ങിപ്പോയ പോളിഷ് കുട്ടികളെ മഹാരാജാവ് ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ചിലരെ കുട്ടികളെ കപ്പലിലും മറ്റു ചിലരെ കരയിലൂടെയുമൊക്കെയാണ് അവർ ഇന്ത്യയിൽ എത്തിച്ചത്. രണ്ടു വയസിനും, പതിനേഴ് വയസിനും ഇടയിലുള്ള ഏതാണ്ട് അറുന്നൂറോളം കുട്ടികൾക്കാണ് ജംസാഹേബ് അഭയം കൊടുത്തത്. അവർക്ക് വേണ്ടി ഇന്നത്തെ സൗകര്യങ്ങളോട്പോലും കിടപിടിക്കുന്ന തരത്തിലുള്ള വിശാലമായ ക്യാമ്പാണ് അദ്ദേഹം ഒരുക്കിയത്. ഓരോകുട്ടികൾക്കും പ്രേത്യകം കട്ടിലുകളാണ് ക്യാംപിൽ ഉണ്ടായിരുന്നത്. “നിങ്ങൾ അനാഥരല്ല, ഇനിമുതൽ ഞാനാണ് നിങ്ങളുടെ ബാപ്പു” ജംസാഹേബ് കുട്ടികളോട് പറഞ്ഞ പ്രശസ്തമായ വാചകമാണിത്. ഇന്ത്യൻ ഭക്ഷണം കുട്ടികൾക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് കണ്ട അദ്ദേഹം ഗോവയിൽ നിന്നും യൂറോപ്യൻ രീതികളിൽ ആഹാരമുണ്ടാക്കുവാൻ അറിയാവുന്ന പാചകക്കാരെ പ്രത്യേകം വരുത്തുകപോലും ചെയ്തു. കുട്ടികൾക്ക് കളിക്കുവാൻ വിവിധ വിനോദങ്ങളും, കലാപരിപാടികളും അദ്ദേഹം ഏർപ്പാടാക്കി. കൂടാതെ കിട്ടാവുന്നത്ര പോളിഷ് ബുക്കുകൾ സംഘടിപ്പിച്ച് ചെറിയൊരു ലൈബ്രറിയും നിർമ്മിച്ചു. കൂടുതൽ സമയവും കുട്ടികളോടൊപ്പം ക്യാമ്പിൽ തന്നെ ചിലവഴിച്ച ജംസാഹെബിനോട് കുട്ടികൾക്ക് വല്ലാത്തൊരു ആത്മബദ്ധം ഉണ്ടായി.

അവസാനം യുദ്ധവും കെടുതികളും കഴിഞ്ഞു കുട്ടികൾക്ക് തിരികെപ്പോകുവാനുള്ള സമയമായി. ബ്രിട്ടനിലെയും, അമേരിക്കയിലെയും, ആസ്‌ത്രേലിയയിലെയും ആളുകളാണ് കുട്ടികളെ ഏറ്റെടുക്കുവാൻ സന്നദ്ധരായത്. എല്ലാവരെയും ജംസാഹേബ് തന്നെ നേരിട്ടെത്തിയാണ് യാത്രയയച്ചത്. മറ്റാരും സഹായത്തില്ലാതിരുന്ന സമയത്ത് തങ്ങളെ എടുത്തുവളർത്തി പിതാവിനെപ്പോലെ പരിരക്ഷിച്ച ജംസാഹേബിനെ ആ കുട്ടികൾ ഒരിക്കലും മറന്നില്ല. വളർന്ന് വലുതായ അവർ പിന്നീടെഴുതിയ പുസ്തകങ്ങളിലൂടെയും, പ്രസംഗങ്ങളിലൂടെയും പോളിഷ് കുട്ടികളെ എടുത്തുവളർത്തിയ ഇന്ത്യൻ മഹാരാജാവിന്റെ കഥ ലോകം മുഴുവനും അറിഞ്ഞു.


ഇന്ന് വാഴ്‌സയിലെ ഒരു ചത്വരം, തുടക്കത്തിൽ പരാമർശിച്ച ഒരു സ്‌കൂൾ, ഒക്കോട്ടയിലെ (Ochota) ഒരു പാർക്ക്, ഇതെല്ലാം നല്ലവനായ ജംസാഹേബ് ദിഗ്വിജയ്സിംഗ് എന്ന ഇന്ത്യൻ മഹാരാജാവിന്റെ പേരിലാണ് അറിയപ്പെടുന്നത്. ജംസാഹിബിന്റെ പേരിലുള്ള പോളിഷ് സ്‌കൂളിൽ ഇന്ന് പഠിക്കുന്നത് വിവിധരാജ്യങ്ങളിൽ നിന്നുള്ള അഭ്യാർത്ഥികളായ കുട്ടികളാണ്. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുവാൻ ഇതിലും നല്ല മറ്റൊരു മാർഗ്ഗവും ഇല്ല എന്നതാണ് ശരി. ‘വസുധൈവ കുടുംബകം’ (ലോകം ഒരു കുടുംബമാണ്) എന്ന ഭാരതീയസൂക്തം പ്രവർത്തിയിൽ കാണിച്ചയാളാണ് ജംസാഹേബ് ദിഗ്വിജയ്സിംഗ്.

2 views0 comments