top of page

മഡഗാസ്കര്‍ | Book Review

Reviewed by സിദ്ദീഖ് പടപ്പിൽ


വളരെ അവിചാരിതമായാണ്. മഡഗാസ്കര്‍ എന്ന നോവല്‍ എന്‍റെ കൈയ്യില്‍ കിട്ടിയത്. വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ആരംഭിച്ച വായന അവസാനിച്ചത് അവസാനപുറവും മറിഞ്ഞ് തീര്‍ന്നപ്പോള്‍ ആണ്. നോവല്‍ എന്ന് പറഞ്ഞാല്‍ ഈ കൃതിയോടത് പൂര്‍ണമായ ഒരു നീതി പുലര്‍ത്തലാകില്ല. ഒരു പുസ്തകത്തിന് മൂന്ന് തലങ്ങളുണ്ടെന്ന് പറയുന്നു. എഴുത്ത് കാരന്‍റെ പുസ്തകം, വായനക്കാരന്‍റെ പുസ്തകം, ആ പുസ്തകം ഏത് കാറ്റഗറിയില്‍ ഉള്‍പെടുന്നു. തുടങ്ങിയതാണ് ആ മൂന്ന് കാര്യങ്ങള്‍. ഇതില്‍ ഒന്നാമതായുള്ള എഴുത്ത്കാരന്‍റെ പുസ്തകം വളരെ വിഭിന്നമാണ്‌ അയാള്‍ എന്താണ് മനസില്‍ കണ്ടതെന്ന് അയാള്‍ക്കല്ലാതെ മറ്റാര്‍ക്കും കിട്ടില്ല. രണ്ടാമതായുള്ള വായനക്കാരന്‍റെ പുസ്തകമാകട്ടെ എഴുത്ത്കാരന്‍ കണ്ടതും അറിഞ്ഞതില്‍ നിന്നും വേറിട്ടൊരു കാഴ്ചപ്പാടാണ് നല്‍കുക അതോരോ വായനക്കാരനും വിത്യസ്ഥമായിരിക്കും. അവസാനമായുള്ള ബുക് ഇറ്റ് സെല്‍ഫ് ആ പുസ്തകം ഏത് സാഹിത്യശാഖയെ പ്രതിനിധാനം ചെയ്യുന്നു എന്നതാണ് അത് ചിലപ്പോള്‍ കഥയാകാം കവിതയാകാം, ചെറുകഥയാകാം, യാത്രാവിവരണമാകാം.

ചരിത്രാന്വേഷികളിലെ അഡ്മിന്‍മാരില്‍ ഒരാളും, നവമാധ്യമങ്ങളില്‍ ശ്രദ്ധേയമായ ലേഖനങ്ങള്‍ എഴുതുകയും യൂട്യൂബില്‍ ചരിത്രസംഭവങ്ങള്‍ രസകരമായി പരിചയപ്പെടുത്തിയും വരുന്ന ജൂലിയസ് മാനുവല്‍ വിവര്‍ത്തനം ചെയ്ത മഡഗാസ്കര്‍ എന്ന പുസ്തകം ഈ കാഴ്ചപ്പാടുകളെ കീഴ്മേല്‍ മറിക്കുന്ന ഒന്നാണെന്ന് നിസംശയം പറയാം. ഇതൊരു നോവല്‍ ആണോയെന്ന് ചോദിച്ചാല്‍ നൂറ് ശതമാനം ഉറപ്പോടെ അതെയെന്ന് പറയാം, ഒരു ചരിത്ര നോവല്‍ ആണോയെന്ന് ചോദിച്ചാലും അത് തന്നെയുത്തരം. ഇതൊരു ചരിത്ര സംഭവം ആണോയെന്നും അതിന് തെളിവുണ്ടോ എന്ന് ചോദിച്ചാലും മുകളില്‍ പറഞ്ഞ അതേ അതേ എന്ന ഉത്തരമാണ് പറയാനുള്ളൂ. തീര്‍ന്നില്ല പൂര്‍ണമായും ഇതൊരു യാത്രാവിവരണത്തിന്‍റെ തലം കൂടി ഉള്‍ക്കൊള്ളുന്നുണ്ട്.



ഭൂമിശാസ്ത്രപരമായും ജൈവശാസ്ത്രപരമായും ഏറെ പ്രത്യേകതകള്‍ ഉള്ള മഡഗാസ്കര്‍ എന്ന ദ്വീപിലാണ് ഈ കഥ നടക്കുന്നത്. ഇന്നേക്ക് 300 വര്‍ഷങ്ങള്‍ക്കും മുന്‍പ് ലണ്ടനില്‍ നിന്നും പുറപ്പെട്ട ഒരു കപ്പല്‍ കപ്പല്‍ച്ഛേദം സംഭവിച്ച് മഡഗാസ്കര്‍ എന്ന ദ്വീപില്‍ എത്തപ്പെടുന്നതോടെയാണ് കഥയുടെ ആരംഭം. നായകനായ റോബര്‍ട്ട് ഡ്രൂറിക്ക് വേണ്ടി കാലം മഡഗാസ്കര്‍ ദ്വീപില്‍ പലതും ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു. കിരാതന്‍മാരായ കാട്ടാളന്‍മാരുടെ രൂപത്തിലും അപകടം പതിയിരിക്കുന്ന കാന്താരത്തിന്‍റെ രൂപത്തിലും. അവിടെ വെച്ച് റോബര്‍ട്ട് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ അറിയും തോറും അതെന്നെ ആത്മസംഘര്‍ഷത്തിലാക്കി.ഇത് നാഗരിക സംസ്കാരവും പ്രാകൃതസംസ്കാരവും തമ്മിലുള്ള പോരാട്ടത്തിന്‍റെ കഥയാണ്.അടിമയുടെയും ഉടമയുടെയും ആത്മസംഘര്‍ഷങ്ങളുടെ കഥയാണ്.സ്വതന്ത്ര മനുഷ്യന്‍ ഒരു ദിവസം കൊണ്ട് അടിമയായ കഥയാണ്. അറ്റം കാണാത്ത കടലില്‍ നിരാലംബരായ ഒരു കൂട്ടം മനുഷ്യരുടെ പച്ചയായ കഥയാണ്..

ക്ളാസിക് എന്ന വാക്കിന്‍റെ അര്‍ത്ഥം സാര്‍വജന പ്രീതികരം എന്നാണെന്ന് പറയുന്നു. ഒരു ബാലനാകട്ടെ കൗമാരക്കാരനാകട്ടെ യുവാവോ വൃദ്ധനോ ആരുമാകട്ടെ അവര്‍ക്ക് അത്തരം കൃതികളില്‍ നിന്നും എന്തെങ്കിലും കിട്ടാതിരിക്കില്ല. മഡഗാസ്കര്‍ ഒരു ക്ളാസിക്കാണ്. വിവര്‍ത്തകന്‍ റോബര്‍ട്ട് ഡ്രൂറിയുടെ സ്കെച്ച് ബുക്കുകള്‍ക്ക് പിന്നാലെ ഒരു ചരിത്രാന്വേഷിയേപ്പോലെ സഞ്ചരിച്ചാണ് ഈ വിവര്‍ത്തനം ചെയ്തത്‌. വായനക്കാരന് സംശയം വരാവുന്ന ഭാഗത്തെല്ലാം ഫുഡ്നോട്ടുകള്‍ കൊടുത്ത് കഥയിലേക്ക് ആവാഹിച്ചിരുത്തുന്ന ഒരു രചനാ കൗശലം ജൂലിയസ് മാനുവലിനുണ്ട്.സരളമായ വാക്കുകളിലൂടെയും സമ്യക്കായ പ്രയോഗങ്ങളിലൂടെയും കടന്ന് പോകുന്ന ഈ ചരിത്ര നോവല്‍ ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ട ഒന്നാണ്.മൂലകൃതിയോട് മനോഹരമായി ചേര്‍ന്ന് നില്‍ക്കുന്ന ഈ പരിഭാഷ ഓരോ വായനാപ്രേമിയുടെയും ഷെല്‍ഫുകള്‍ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും. നിങ്ങളൊരു ചരിത്രാന്വേഷിയാണോ എങ്കില്‍ തീര്‍ച്ചയായും ഈ പുസ്തകം നിങ്ങളെ നിരാശപ്പെടുത്തില്ല.

മലയാളക്കരയെ ടാര്‍സന്‍ നോവലുകളെ പരിചയപ്പെടുത്തിയ നമ്മുടെയൊക്കെ ബാല്യ കൗമാരങ്ങളെ ആഫ്രിക്കന്‍ വനങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോയ റീഗല്‍ പബ്ളിക്കേഷന്‍സാണ്. ഈ പുസ്തകത്തിന്‍റെ പ്രസാധകര്‍.


28 views0 comments

Recent Posts

See All
bottom of page