പെരിയാർഹൗസിൽ കളഞ്ഞുപോയത് എന്താണ്?
ഫോറസ്റ്റ് ലോഡ്ജുകളിലെ കിടപ്പ് എന്നും ഒരു സുഖം തന്നെയാണ്. പണ്ട് ഒഡീഷയിലെ ഒരു വിദൂരവനമേഖലയിലെ സുരക്ഷിതമല്ലാത്ത ഒരു ലോഡ്ജിൽ താമസിക്കുമ്പോൾ ഉണ്ടായ ആനകളുടെ ആക്രമണം ഒഴിച്ചാൽ ഇതുവരെയും ഫോറസ്റ്റ് ലോഡ്ജുകൾ സുഖകരമായ അനുഭവമാണ് സമ്മാനിച്ചിട്ടുള്ളത്. രണ്ടു ദിവസങ്ങൾ മുൻപ് തേക്കടിയിലെ പെരിയാർ ഹൗസിൽ താമസിച്ചപ്പോഴും, ഉൾവനത്തിലല്ലെങ്കിൽകൂടി അവിടുത്തെ ചുറ്റുവട്ടം സമ്മാനിച്ച അനുഭവം പറയാതെ വയ്യ. തേക്കടി ബോട്ട്ലാൻഡിങ്ങിലേക്കുള്ള കാനനപാത അവസാനിക്കുന്നതിന് തൊട്ട് മുൻപ്, വലത്ത് ഉള്ളിലേക്ക് കയറിയാണ് പെരിയാർ ഹൗസ് എന്ന ബഡ്ജറ്റ് ജംഗിൾ ലോഡ്ജ് സ്ഥിതിചെയ്യുന്നത്. ഇതിന് ശേഷം ആര്യണ്യനിവാസും, പിന്നെ തടാകത്തിൽ ഇടപ്പാളയം ലേക്ക്പാലസും ഉണ്ട്. 18, 19 നൂറ്റാണ്ടുകളിൽ തിരുവിതാംകൂർ രാജാക്കന്മാരുടെ ഹണ്ടിങ് ഗ്രൗണ്ട് ആയിരുന്ന ഈ ഭാഗങ്ങൾ 1899 ൽ ആണ് പെരിയാർ ലേയ്ക്ക് റിസർവ് ആക്കി മാറ്റിയത്. 1895 ൽ മുല്ലപ്പെരിയാർ നിമ്മാണത്തിന് ശേഷമുണ്ടായ തടാകതീരത്തെ വനങ്ങളാണ് ഇങ്ങനെയാക്കിയത്. 1934ൽ ഇത് നെല്ലിക്കാംപട്ടി ഗെയിം സാൻക്ച്വറി ആക്കി മാറ്റുകയും സി എച്ച് റോബിൻസൺ ആദ്യത്തെ ഗെയിം വാർഡൻ ആകുകയും ചെയ്തു. 1950ൽ കൂടുതൽ വനപ്രദേശങ്ങൾ ഉൾപ്പെടുത്തി പെരിയാർ വൈൽഡ് ലൈഫ് സാൻക്ച്വറിക്ക് രൂപം കൊടുത്തു. ശേഷം 1978 ൽ ഇവിടം പ്രോജക്ട് ടൈഗറിലും, പിന്നീട് 1992ൽ പ്രോജക്ട് എലിഫന്റിലും ഉൾപ്പെടുത്തി. ചുരുക്കത്തിൽ പഴയ വേട്ടനിലം ഇന്ന് തടാകതീരവും, സംരക്ഷിതവനപ്രദേശവുമായി മാറി. തടാകം ഉണ്ടാവുന്നതിന് മുൻപുള്ള വനവും, ഇന്നത്തെ തേക്കടിയും തമ്മിൽ അജവും, ഗജവും തമ്മിലുള്ള അന്തരമുണ്ട്. പക്ഷെ വനം തരുന്ന അനുഭൂതി അന്നും ഇന്നും ഒന്ന് തന്നെ.
ദിവസങ്ങൾ നീളുന്ന പുസ്തകമെഴുത്തും, വീഡിയോഷൂട്ടിങ്ങും, എഡിറ്റിങ്ങും, മറ്റ് ചില്ലറ ഓൺലൈൻ വർക്കുകളും കഴിഞ്ഞാൽ ഞാൻ വണ്ടിയുമെടുത്ത് തനിച്ച് ഒരു ഇറക്കമുണ്ട്. ഒരു ലക്ഷ്യവുമില്ലാതെ കോട്ടയം വിട്ട് പോരുമ്പോൾ ആരെയെങ്കിലും ഫോണിൽ വിളിക്കും. അപ്പോൾ കിട്ടുന്ന ഐഡിയ അല്ലെങ്കിൽ, ഒരു സ്പാർക്ക്; അതിനനുസരിച്ചാണ് ലക്ഷ്യം നിർണ്ണയിക്കുക. ഇപ്രാവശ്യം സുഹൃത്ത് സോളമൻ (Solomon Varghese )ആണ് പെരിയാർ ഹൗസിലേക്ക് പാത തിരിച്ചുവിട്ടത്. പക്ഷെ ചവുട്ടിപ്പിടിച്ച് ചെന്നപ്പോഴേയ്ക്കും നേരം അർദ്ധരാത്രിക്ക് പാതി മണിക്കൂർ മാത്രം! ചെക്ക് പോസ്റ്റിൽ ബ്ലോക്ക് ആയേക്കാം. സോളമൻ, തേക്കടിയിലെ പ്രമുഖനും അന്താരാഷ്ട്ര ടൂറിസ്റ്റ് ഗൈഡും യൂടൂബറും ഒക്കെയായ രജനീഷിനെ പരിചപ്പെടുത്തിയിരുന്നതിനാൽ, അദ്ദേഹം ആ രാത്രിയിലേക്ക് മാത്രം മറ്റൊരു റൂം എടുത്തിരുന്നു. അവിടെ രാത്രി തങ്ങി, ചെയ്യാൻ ബാക്കിയുള്ള കുറച്ചു വർക്കുകൾ ചെയ്ത് രാവിലെ ഇറങ്ങുന്ന സമയം, മുറിയുടമയോട് സാധാരണപോലെ കുശലം പറയുന്ന വേളയിലാണ് ഞെട്ടിക്കുന്ന ആ രഹസ്യം പുറത്തായത്, അങ്ങേര് (ജയപ്രകാശ്) എന്റെ കോളേജ്/ബാച്ച് മേറ്റ് ആണ്! കുറേക്കാലം തോളിൽ കൈയിട്ട് നടന്നവർ! പക്ഷെ ഞാൻ കൂടുതൽ തടിയനും സുന്ദരനും, ആയതിനാൽ ജയപ്രകാശിന് എന്നെ പെട്ടന്ന് തിരിച്ചറിയാനായില്ല. (പക്ഷെ എന്തുകൊണ്ട് എനിക്ക് തിരിച്ചറിയാനായില്ല എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു😊). ജയപ്രകാശിന്റെ പിസാഹട്ടിലെ മുറി മറ്റൊരു അത്ഭുതമാണ്. പിന്നാമ്പുറത്തെവിശാലമായ മൈതാനത്തു നട്ടുച്ചയ്ക്ക്പോലും, കാട്ടുപോത്തും, പന്നികളും ഉണ്ടാവും (ഇത് തേക്കടിയിലെ ഒരു തലമുറയുടെ കളിസ്ഥലം ആയിരുന്നു പണ്ട് ). മുറിയോട് ചേർന്നുള്ള ചതുരനെല്ലിയിൽ നിറയെ കായ്കളും, അത് തിന്നുവാൻ മലയണ്ണാനുകളും!
അങ്ങിനെ പ്രതീക്ഷിക്കാത്ത ആ കൂടികാഴ്ചക്ക് ശേഷം, ചെക്ക്പോസ്റ്റിലെ രജിസ്റ്ററിൽ പേര് ഉണ്ടെന്ന് ഉറപ്പ് വരുത്തി വണ്ടിയുമായി തേക്കടിബോട്ട് ലാന്റിങ്ങിലേക്കുള്ള വനപാതയിലേക്ക് കയറി. പാത അവസാനിക്കുന്നതിന് തൊട്ടുമുൻപ് വലതുവശത്ത് ഉള്ളിലായിട്ടാണ് പെരിയാർ ഹൗസ് സ്ഥിതിചെയ്യന്നത്. 407 ആം നമ്പർ മുറി തരക്കേടില്ല. പുറകിലെ ജനൽതുറന്ന് ഒരു മിനിറ്റ് കഴിഞ്ഞില്ല, പുതിയ സന്ദർശകനെ കാണുവാൻ സ്ഥലത്തെ പ്രധാനപയ്യൻസ് എത്തി. പറഞ്ഞുവന്നാൽ , പഴയ ഏതോ ഒരു പൊതുപൂർവ്വികൻ വഴി ഇവരുമായി ലേശം ബന്ധവും ഉണ്ട്. ഇവമ്മാര് ജനലിലെ ചെറിയ അഴിവഴി കൈ അകത്തോട്ട് ഇട്ട് തപ്പുന്നത് കണ്ടപ്പോൾ ആണ് ഭിത്തിയിൽ ഇവരുടെ ഫോട്ടോ പതിപ്പിച്ച് രണ്ടു വരി കീഴിൽ എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചത്. “ജനൽ തുറന്നിടരുത്, കുരങ്ങന്മാർ റെയ്ഡ് ചെയ്യാനുള്ള സാധ്യതയുണ്ട്” അതിനാൽ വിൻഡോയുടെ പകുതി ഭാഗത്തു അഴികളുടെ ഇടയിലുള്ള വിടവ് ചെറുതാക്കിയിരിക്കുകയാണ്. വേണമെങ്കിൽ കാറ്റിനായി അതുമാത്രം തുറന്നിടാം. മറ്റേപ്പാളി തുറന്നാൽ ഇവരുടെ കൂട്ടത്തിലെ കുട്ടിഫ്രീക്കന്മാർ അകത്ത് കയറും. എന്റെ കയ്യിൽ നിന്നും ഭക്ഷണം കിട്ടില്ല എന്ന് മനസിലായതോടെ തേക്കാത്ത, കൂർത്ത പല്ലുകൾ കാട്ടി ഭീഷണിപ്പെടുത്തി അവർ പിൻവാങ്ങി. “ തടിയൻ അവന്റെ നൂറു കിലോ രണ്ടു മന്തൻകാലിൽ ഫിറ്റ് ചെയ്ത് നടക്കുവാൻ പുറത്തുവരും , അപ്പോൾ കാണാം“ ഇതായിരിക്കും അവർ പറഞ്ഞത്.
മുറിയിലെ ഇൻട്രോസീൻ കഴിഞ്ഞു കുളിച്ചുവൃത്തിയായി (ഇത് പ്രത്യേകം നോട്ട് ചെയ്യണം), എന്റെ സ്ഥിരം യൂണിഫോമിൽ (മുണ്ടും ഷർട്ടും) താഴത്തെ റസ്റ്റോറന്റിൽ എത്തി ഒരു കോഫി മോന്തി. ശേഷം അവിടെയുള്ള ട്രെയ്നി ചെക്കന്മാരെ പരിചയപ്പെട്ട് പുറത്തിറങ്ങി. പുറകിൽ തേക്കടി തടാകത്തിനും, മുന്നിൽ ഞാൻ വന്ന റോഡിനും ഇടയിലുള്ള വനശകലത്തിലാണ് പെരിയാർഹൗസ് പണിതിട്ടുള്ളത്. ഇവിടുത്തെ പുറത്തെ കഥകൾ അറിയുവാൻ ഏറ്റവും പറ്റിയ ആളെ ഉടൻതന്നെ ഞാൻ കണ്ടെത്തി, എന്നേക്കാൾ വയറുള്ള സെക്യൂരിറ്റി മാമൻ! ഞാൻ ഇപ്പോൾ നിൽക്കുന്ന ഈ മുറ്റം വഴി ചിലപ്പോഴൊക്കെ ആന വരാറുണ്ട് എന്ന് കേട്ടപ്പോൾ മേലാകെ കോരിത്തരിച്ചു. ബോട്ട്ലാൻഡിങ്ങിലേക്കുള്ള റോഡിൽ രാത്രി കരടി ഇറങ്ങാറുണ്ടത്രെ! യൂണിഫോം ഇട്ടിട്ടുപോലും വാച്ചർമാരെ തിരിച്ചറിയാതിരുന്ന അവൻ, ഈ അടുത്തകാലത്ത് പോലും ആളുകളെ ഓടിച്ചിട്ടുണ്ട്. മാനും, പന്നിയും ഈ കോമ്പൗണ്ടിലെ നിത്യ സന്ദർശകരാണ്. പക്ഷെ ഏറ്റവും രസമുള്ള കാര്യം അദ്ദേഹം അവസാനമാണ് പറഞ്ഞത്. പുറകിൽ ഒരു സ്ഥലത്ത് ജോലിക്കാർ ഭക്ഷണം കഴിക്കുന്ന കെട്ടിടത്തിന്റെ മുറ്റത്ത് അവർ രാത്രി കുറച്ച് ഭക്ഷണം കരുതി വെയ്ക്കും. ഇത് തിന്നുവാൻ മുള്ളൻപന്നികൾ എല്ലാ ദിവസവും എത്തും.
ഈ പറഞ്ഞതിൽ ഏറ്റവും രസകരമായ സംഭവമായി എനിക്ക് തോന്നിയത് അതാണ്. പണ്ട് പറമ്പിക്കുളം പോയപ്പോൾ ചെക്ക്പോസ്റ്റിലെ ബൾബിന്റെ വെട്ടത്ത് രാത്രിയിൽ മാനുകൾ വന്നിരിക്കാറുള്ളത് കണ്ടിട്ടുള്ളതാണ്. അതും ഇതുപോലെ എല്ലാ രാത്രികളും ഉണ്ടായിരുന്നു. മൃഗങ്ങളെ, അത് ഏതുമായിക്കോട്ടെ അവരെ അവരുടെ സ്വന്തം ആവാസവ്യവസ്ഥയിൽ തൊട്ടടുത്ത് കാണുന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്. പക്ഷെ രാത്രിയാവാൻ ഇനിയും സമയമേറെ കിടക്കുന്നു. റിസപ്‌ഷനിൽ ചെന്ന് ബോട്ട് സഫാരിക്ക് ബുക്ക് ചെയ്തു. ഞാൻ തേക്കടിയിൽ ബോട്ട് യാത്ര ചെയ്തിട്ട് 15 വർഷങ്ങൾക്ക് മേലെയായി. അന്നത്തെ തടാകതീരത്തെ പിടിയാനകളെയൊക്കെ കെട്ടിച്ചുവിട്ടിട്ടുണ്ടാകാം. അന്ന് ആകെ കണ്ട കൊമ്പൻ ഒരു ഒറ്റയാൻ ആയിരുന്നു. അവൻ മറ്റേതെകിലും കൊലകൊമ്പന്റെ കത്തിപ്പിടിയിൽ അവസാനിച്ചിട്ടുണ്ടാകാം. മ്ലാവുകൾ കടുവയ്ക്ക് ആഹാരമായിട്ടുണ്ടാവാം. ഇതെല്ലാം ഓർത്ത് കണ്ണിലെ കരട് മുണ്ടിന്റെ അറ്റംകൊണ്ട് എടുത്ത് കളഞ്ഞശേഷം, തടാകതീരത്തേക്ക് നടന്നു.
എന്തെല്ലാം ശബ്ദങ്ങളാണ് ആ വഴിയിലൂടെ നടക്കുമ്പോൾ നമ്മുടെ കാതുകളിൽ പതിക്കുന്നത്! സുഖമുള്ള ആ നടപ്പും കഴിഞ്ഞു മൂന്ന് മണിക്കുള്ള ബോട്ടിൽ ഒരുവിധം കയറിപ്പയറ്റി. തടാകത്തിനും തീരത്തിനും ഒരു മാറ്റവുമില്ല. പുതു തലമുറയിൽപ്പെട്ട മ്ലാവുകൾ അവിടെയും ഇവിടെയുമായി നിന്ന് പുല്ല് തിന്നുന്നുണ്ട്. തല ഉയർത്തുക , തെക്കോട്ടും വടക്കോട്ടും മിന്നലുപോലെ നോക്കുക. വീണ്ടും പുല്ല് തിന്നുക, തല ഉയർത്തി തെക്കോട്ടും വടക്കോട്ടും നോക്കുക. അവറ്റകളുടെ ശീലങ്ങൾക്കൊന്നും മാറ്റമില്ല. അകലെ കാട്ടിലേക്ക് ബോള് പോലെ ഉരുണ്ടു പോയത് ചെങ്കീരിയാണെന്ന് ആരോ ഉറക്കെ വിളിച്ചു പറഞ്ഞു. ഇതിനെയൊക്കെ ഇൻഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി കുട്ടികൾക്ക് പറഞ്ഞുകൊടുക്കുവാൻ മാതാപിതാക്കൾ പണിപ്പെടുന്നുണ്ടായിരുന്നു. “mom , വാറ്റ് ഈസ് ദി ഡിഫറൻസ് ബിറ്റ്‌വീൻ ചെങ്കീരി ആൻഡ് സാധാരണ കീറി? “ പെങ്കൊച്ചിന്റെ പഞ്ചായത്ത് നടുങ്ങുന്ന ഒച്ചയിലുള്ള ചോദ്യംകേട്ട് അമ്മയുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. “ദേ കാട്ടുപോത്ത്! “ ഇതല്ല, ഇതിന്റെ അപ്പുറം കണ്ടിട്ടുള്ള അമ്മ, വിഷയം മാറ്റി.
അങ്ങിനെ ആനയൊഴിച്ച് സകലതിനെയും കണ്ട് തൃപ്തിയടഞ്ഞ ശേഷം, ഞാൻ ബോട്ടിൽ നിന്നിറങ്ങി നിങ്ങൾ ഊഹിച്ചതുപോലെ നേരെ ആരണ്യനിവാസിലെ ബിയർ ആൻഡ് വൈൻ പാർലറിലേക്ക് നടന്നു. ചെന്നപ്പോൾ അരണ്ടവെളിച്ചത്തിൽ ആരുമില്ല. സുഖമായി ബിയർ മോന്താം. തണുത്ത്, അടിവശം തള്ളി നേരെ ചൊവ്വേ മേശപ്പുറത്ത് വെയ്ക്കാൻ പറ്റില്ലാത്ത ഒരു ബിയർകാനും വാങ്ങി, അത് പൊട്ടിച്ച് പത മുഴുവനും ടേബിളിൽ വീഴ്ത്തി, ഞുരഞ്ഞു പൊങ്ങി വരുന്ന ബാക്കി വെപ്രാളത്തോടെ കുടിച്ച്, ആ പതയുടെ ബാക്കി താടിയിലുമാക്കി പാർലറിന്റെ ഇരുണ്ട മൂലയിൽ ഞാൻ ഒരു യോഗിയെപ്പോലെ ഇരിപ്പുറപ്പിച്ചു. ഒരു രണ്ടു ബിയർ പാഴ്‌സൽ പറഞ്ഞപ്പോൾ കൗണ്ടറിൽ നിന്നിരുന്ന ചെറുക്കൻ ചോദിച്ചു, സാർ ഇവിടെയാണോ അതോ പെരിയാർഹൗസിലാണോ താമസിക്കുന്നത് ?...... പെരിയാറിൽ …. ഞാൻ ഏമ്പൊക്കം വിട്ടുകൊണ്ട് പറഞ്ഞു. എങ്കിൽ സാർ രാത്രിയാവാൻ നിൽക്കേണ്ട. വഴിയിൽ കരടിയുണ്ട്.
അടിപൊളി. ബിയർ കുടിച്ചു വരുന്നവനെ ബെയറ് പിടിക്കുക. നാളത്തെ മനോരമയിലെ തലക്കെട്ട്. എന്നാലും ഈ ബിയറും, ഓർഡർ ചെയ്ത ചിക്കൻ സാൻഡ്വിച്ചും തീർത്തട്ടെ ഉറൂമീസ് ഇവിടെ നിന്ന് പോകുന്നുള്ളൂ. ഇങ്ങനെ കരുതി കസേരയിൽ ഒന്നുകൂടി അമർന്ന് ഇരിക്കുമ്പോഴാണ് മൂന്ന്പേർ ഇതിനുള്ളിലേക്ക് കടന്ന് വന്നത്. കട അടയ്ക്കുന്നതിന് മുൻപ് ചിരണ്ടിയ തേങ്ങാ വാങ്ങിക്കാൻ വന്നതുപോലെ അവർ വെപ്രാളം പിടിച്ച് എന്തൊക്കെയോ ഓർഡർ ചെയ്‌തു. ശേഷം ഇരുട്ടത്ത് മൂലയിൽ തപസ്സിരിക്കുന്ന സന്യാസശ്രേഷ്ഠനെ ഒരു പാളിയ നോട്ടം നോക്കിയ അതിൽഒരാൾ എന്നെതന്നെ നോക്കുന്നത് ഞാൻ കണ്ടു. ശേഷം കൈനീട്ടി, ഒരു ചൂണ്ട് … ജൂലിയസ് മാനുവൽ അല്ലേ? “അതെ” ബിയർ ജെഗ്ഗിൽ നിന്നും വായ എടുത്തുകൊണ്ടു ഞാൻ അരുളിച്ചെയ്തു. “എന്നെ മനസിലായോ?” തിരിച്ചറിയലിന്റെ ജീനിന്റെ നാലാം കണ്ണിയിൽ വിടവുള്ള ഞാൻ എങ്ങിനെ തിരിച്ചറിയാനാണ്! തിരിച്ചറിയാൻ പറ്റാത്തതിന്റെ വിഷമത്തിലുള്ള എന്റെ വളിച്ചചിരി കണ്ട ആ നല്ല മനുഷ്യൻ പറഞ്ഞു. നമ്മൾ ഫേസ്ബുക്ക് ഫ്രണ്ട്സ് ആണ് പേര് രതീഷ് വാസുദേവൻ (Ratheesh Vasudevan) . എന്തൊരു കഷ്ടമാണ്. എനിക്ക് നന്നായി അറിയാവുന്ന ഒരു FB സുഹൃത്താണ്. പക്ഷെ തിരിച്ചറിഞ്ഞില്ല. എന്തായാലും അതും ഒരു അപ്രതീക്ഷിത കൂടിക്കാഴ്ച്ച തന്നെയായിരുന്നു. തന്റെ മൂത്ത കുട്ടിക്ക് മിനറൽ വാട്ടർ വാങ്ങിക്കുവാനാണ് അദ്ദേഹം ഇവിടെ വന്നത് (😍). അവർ ധൃതിയിൽ ആയിരുന്നു. കാരണം മുൻപ് പറഞ്ഞത് തന്നെ. അവർ ചെക്ക്പോസ്റ്റിന് പുറത്ത് കുമളിയിൽ ആണ് താമസിക്കുന്നത്. അതുകൊണ്ട് വണ്ടി അകത്തേയ്ക്ക് കയറ്റിയിട്ടില്ല. പുറത്തേക്കുള്ള അവസാന ബസ് ഉടൻ പോവുകയും ചെയ്യും. മിനിറ്റുകൾക്കുള്ളിൽ ഞാൻ വാങ്ങിയ അതെ മിനറൽ വാട്ടർ വാങ്ങി അവർ സ്ഥലംവിട്ടു. ഒന്ന് നേരെ ചൊവ്വേ സംസാരിക്കാൻപോലും കഴിഞ്ഞില്ല. പക്ഷെ രതീഷ് ബാൻഗ്ലൂരിൽ വെച്ച് കാണാം എന്ന് പറഞ്ഞിട്ടുണ്ട് .
അങ്ങിനെ ഞാൻ വീണ്ടും തനിച്ചായി. കൗണ്ടറിലെ പയ്യൻ, വഴിയിൽ കാണാൻ സാധ്യതയുള്ള രോമക്കുപ്പായക്കാരന്റെ കാര്യം എന്നെ വീണ്ടും ഓർമ്മിപ്പിച്ചു. ഞാൻ ഉടൻ തന്നെ പാഴ്‌സലും വാങ്ങി അവിടെ നിന്നിറങ്ങി. വഴിയിൽ പക്ഷെ ഭയക്കേണ്ടതൊന്നും കണ്ടില്ല. ആ സമയം അവിടെ ഏറ്റവും കൂടുതൽ രോമമുള്ളത് എനിക്ക് തന്നെയായിരുന്നു. പെരിയാർ ഹൗസിൽ ചെന്നപ്പോൾ കുറെ ആളുകൾ ഫ്രണ്ട് യാർഡിൽ ഉണ്ട്. കുട്ടികൾ കളിക്കുന്നു, മാതാപിതാക്കൾ ആസ്വദിക്കുന്നു. ഇരുട്ടിലുള്ള ചെയറുകളിൽ ചെറുപ്പക്കാർ ജോഡി തിരിഞ്ഞു ഇരിക്കുന്നു. എന്റെ കയ്യിലെ വെളുത്ത പൊതി കണ്ട ജീവനക്കാരിൽ ഒരാൾ ഓടിവന്ന് എന്നോട് പറഞ്ഞു. “സാറേ ആ പൊതി മുണ്ടിനടിയിൽ വെച്ചോ. കുരങ്ങു കണ്ടാൽ പൊതി കീറി സാധനം കൊണ്ടുപോകും. സാർ ഇത്രയും കഷ്ടപ്പെട്ട് അവിടെ നിന്ന് നടന്ന് ചുമന്നോണ്ട് വന്നതല്ലേ” നാം അധ്വാനിച്ചത് ആരെങ്കിലും മനസിലാക്കുക എന്നത് വലിയ കാര്യം തന്നെയാണ്. എന്തായാലും ഞാൻ സ്വർണ്ണം കൊണ്ടുപോകുന്നതുപോലെ മൂടിപൊതിഞ്ഞു ആ നിധി റൂമിൽ കൊണ്ട് വെച്ചു. അപ്പോഴും ജനലിൽ പഴയ വാനരന്മാർ ചിരിച്ചുകൊണ്ട് ഇരിപ്പുണ്ടായിരുന്നു.
സമയം ഇരുട്ടി തുടങ്ങി. മുള്ളൻപന്നികൾ വരാറായിട്ടുണ്ട്. ഞാൻ വേഗം താഴെയിറങ്ങി. പെരിയാർ ഹൗസിനു ചുറ്റുമുള്ള വഴിയിലൂടെ രണ്ട് റൗണ്ട് നടന്നു. മുഴുവൻ പെരിയാർ ഹൗസിലും മുണ്ടുടുത്ത ഏക വ്യക്തി ഞാൻ ആണെന്ന് അപ്പോൾ മനസിലായി. ശേഷം, പുറത്ത് കെട്ടിടത്തിന്റെ മെയിൻ കവാടത്തിന്റെ അരികിലുള്ള കസേരയിൽ ഞാൻ ഇരിപ്പുറപ്പിച്ചു. നല്ല തണുത്ത കാറ്റുണ്ട്. പുറകിലെ കാട്ടിൽ നിന്നും എന്തൊക്കെയോ ശബ്ദങ്ങൾ. മുന്നിലെ അരണ്ട വെളിച്ചത്തിൽ ഒന്ന് രണ്ട് കുട്ടികൾ കളിക്കുന്നു. ഞാൻ നിവർന്നിരുന്നു. എന്തെങ്കിലുമൊക്കെ ചിന്തിക്കാനുള്ള സമയം. മനസിന് നല്ല സുഖം. ഞാൻ കണ്ണുകൾ അടച്ചു. ഒന്ന് ചെറുതായി മയങ്ങിപ്പോയി. വീണ്ടും എപ്പോഴോ കണ്ണുതുറന്നു. വാച്ച് നോക്കിയപ്പോൾ 7: 30. അപ്പോഴാണ് തൊട്ടരികിലൂടെ വെളുത്ത എന്തോ ഒന്ന് ഒഴുകി നീങ്ങുന്നത് കണ്ടത്. കുട്ടികൾ ആരെങ്കിലും ഇരുട്ടിലേക്ക് മാറി കളിക്കുന്നതാണോ എന്ന് ആദ്യം സംശയിച്ചു. അല്ല അതൊരു മൃഗമാണ്. അടുത്ത നിമിഷം വെളിച്ചത്തിന്റെ മുന്നിലേക്ക് അത് വന്നതോടെ ആളെ പിടികിട്ടി. ജീവനക്കാർ പറഞ്ഞ മുള്ളൻപന്നിയാണ്. വിടർന്ന് നിൽക്കുന്ന മുള്ളുകളുടെ അഗ്രഭാഗത്തെ വെളുപ്പാണ് മുൻപ് കണ്ടത്.
ഞാൻ മുൻപ് നടന്ന അതെ വഴിയിലൂടെ ആ ജീവി മുന്നോട്ട് നടന്നു. പെട്ടന്ന് വഴിയിൽ ഒരാളെ കണ്ടതോടെ അത് പെട്ടന്ന് വശത്തുള്ള കാട്ടിലേക്ക് മറഞ്ഞു. വീണ്ടും കുറച്ചു മാറി വഴിയിൽ തന്നെ മറ്റൊരു സ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. പെരിയാർ ഹൗസിന്റെ പുറകിലേക്കാണ് പോക്ക്. ഞാൻ അതിനെ സാവധാനം അനുഗമിച്ചു. തന്റെ വഴിക്ക് എതിരെ എന്തെങ്കിലും കണ്ടാൽ അത് നേരെ കാട്ടിലേക്ക് കയറും. വീണ്ടും കുറച്ചു മാറി വഴിയിലേക്ക് തിരിച്ചു വരും. അവസാനം അത് നടന്നു നടന്നു ജോലിക്കാർ സ്ഥിരമായി തീറ്റയിട്ടുകൊടുക്കുന്ന സ്ഥലത്തു എത്തിച്ചേർന്നു. ഉടൻ തന്നെ ഒരാൾ വന്ന് കുറച്ചു ചോറ് അവിടെ വിതറി ഇട്ടു. മുന്നും പിന്നും നോക്കാതെ ആ മൃഗം ഭക്ഷണം കഴിച്ചു തുടങ്ങി. ഉടൻ തന്നെ ലോഡ്ജിൽ എല്ലാവരും പുറകിൽ മുള്ളൻപന്നി എത്തിയ വാർത്ത അറിഞ്ഞു. ആളുകൾ അവനു ചുറ്റും വട്ടംകൂടി ഫോട്ടോ എടുത്തു തുടങ്ങി . പക്ഷെ മുള്ളൻ അതൊന്നും ശ്രദ്ധിക്കുന്നില്ല. ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ മാത്രമാണ് അവന്റെ നോട്ടം.

പെരിയാർഹൗസിൽ വെച്ച് പരിചയപ്പെട്ട ഡെൻവർ എന്ന ചെറുപ്പക്കാനെ ഫോട്ടോ എടുക്കുന്ന പണി ഏൽപ്പിച്ചതിനാൽ എനിക്ക് തിക്കും തിരക്കും കൂട്ടേണ്ടി വന്നില്ല. അരമണിക്കൂർ അവിടെയും ഇവിടെയും ചിക്കിചികഞ്ഞു നടന്ന ശേഷം മുള്ളൻ കാട്ടിലേക്ക് മടങ്ങി. ഡെൻവർ ആ സമയം അവിടെ ഉണ്ടായിരുന്നില്ല. ഞാൻ റെസ്റ്റോറന്റിലേക്ക് ചെന്നപ്പോൾ ഡെൻവറും, അച്ഛനും അമ്മയും അവിടെയുണ്ട്. മുള്ളൻ രാത്രി ഇനിയും വരും എന്നാണ് ജീവനക്കാർ പറയുന്നത്. എങ്കിൽ ഫോട്ടോ അപ്പോൾ പിടിച്ചുകൊള്ളാം എന്ന് ഡെൻവർ ഉറപ്പ് പറഞ്ഞു. പറഞ്ഞതുപോലെ ഒരു മണിക്കൂറിന് ശേഷം മുള്ളൻ തിരികെ വന്നു. പക്ഷെ ഇപ്രാവശ്യം ഫുൾ ഫാമിലിയെയും കൂട്ടിയാണ് കക്ഷി വന്നത്. ഭാര്യയും കുട്ടിയും ഇപ്രാവശ്യം അവന്റെ കൂടെ ഉണ്ടായിരുന്നു. ഇത്തവണ ഏറെ സമയം അവർ അവിടെ ഉണ്ടായിരുന്നു. അർദ്ധരാത്രിയോടെയാണ് മൂവർ സംഘം അവിടെ നിന്നും സ്ഥലം വിട്ടത്. എനിക്ക് വീണ്ടും അവിടെയൊക്ക കറങ്ങി നടക്കണം എന്നുണ്ടായിരുന്നുവെങ്കിലും, സ്‌ക്യൂരിറ്റി എന്റെ സ്‌ക്യൂരിറ്റിയെ മുൻ നിർത്തി അതിനു അനുവദിച്ചില്ല.
പിറ്റേന്ന് അതിരാവിലെ തന്നെ ഞാൻ എഴുന്നേറ്റു. കാടിന്റെ ശബ്ദം അനുഭവിക്കണമെങ്കിൽ അതിരാവിലെ ഏതെങ്കിലും കാനനപാതയിലൂടെ നടക്കണം. ചെക്ക് പോസ്റ്റിൽ നിന്നും ബോട്ട്ലാൻഡിങ് വരെയുള്ള ദൂരം മാത്രം മതി നമ്മുക്ക് ഇത് ആനന്ദിച്ച് അനുഭവിക്കുവാൻ. എന്തൊക്കെ തരം ശബ്ദങ്ങളാണ് കാട്ടിൽ നിന്നും ഉയരുന്നത്! മലയണ്ണാനെയും, വിരലിൽ എണ്ണാവുന്ന ചില പക്ഷികളെയും മാത്രം തിരിച്ചറിയാനാവുന്നുണ്ട്. അടിവെച്ച് പിരിയുന്ന ഒരു ചർച്ചയുടെ നടുവിൽ നിൽക്കുന്ന ആവസ്ഥയാണ് ഇപ്പോൾ. പക്ഷെ കാട്ടിലെ ശബ്ദത്തിന് ഒരു താളമുണ്ട്, മാധുര്യമുണ്ട്. ഇത് കേട്ട് എത്ര കിലോമീറ്ററുകൾ വേണമെങ്കിലും നമ്മുക്ക് നടക്കാം. എത്രനേരം വഴിയരികിൽ ഇതുകേട്ട് നിന്നു എന്നറിയില്ല. സമയം മുന്നോട്ട് പോകും തോറും ശബ്ദകോലാഹലങ്ങൾ കുറഞ്ഞു കുറഞ്ഞു വരും. അവസാനം വെയിലുദിക്കുന്നതോടെ കാട് ഏറെക്കുറെ ശാന്തമാകും. മുട്ടത്തലയിൽ വെയിൽ അടിച്ചതോടെ ഞാൻ പതുക്കെ റെസ്റ്റോർസ്ന്റിലേക്ക് മടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ജയപ്രകാശ് മറ്റൊരു സഹപാഠിയായ ബിജുവിനെയും കൂട്ടി അവിടെയെത്തി. ബിജുവും ഇപ്പോൾ കുടുംബവുമായി കുമളിയിൽ ആണ് താമസം. 24 മണിക്കൂറുകൾക്ക് മുൻപ് എനിക്കറിയാവുന്ന ആരും തേക്കടിയിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ എനിക്കറിയാൻ പാടില്ലാത്തവർ ചുരുക്കമാണ്. ഞങ്ങൾ പഴയ കൂട്ടുകാർ ഒരിക്കൽക്കൂടി തോളിൽ കയ്യിട്ട് ആ കാട്ടുവഴികളിലൂടെ നടന്നു. പഴയ അബദ്ധങ്ങൾ പറഞ്ഞു ചിരിച്ചു മറിഞ്ഞു. ഒരു മണിക്കൂർ നേരത്തേക്ക് ഞങ്ങൾ വർഷങ്ങൾ പുറകിലേക്ക് പോയ്. “എടാ” എന്നുള്ള ആ വിളിക്ക് എന്തോ ഒരു അടുപ്പം.
നേരം വൈകുന്നു. ഓർമ്മകളിൽ നിന്നും വർത്തമാനത്തിലേക്ക് തിരിച്ചു വരാൻ സമയമായി. ബിജുവിന് കോട്ടയത്തിനു പോകണം, ജയപ്രകാശിന് റൂമിൽ ഗസ്റ്റുകൾ ഉണ്ട് ….. അങ്ങിനെ ഞങ്ങൾ പിരിഞ്ഞു.. വീണ്ടും രാത്രിയായി. ഇന്നലത്തെ പോലെ തന്നെ മുള്ളൻപന്നികൾ വന്നു. അർദ്ധരാത്രിയോടെ തിരിച്ചുപോയി. പ്രകൃതിയും, മൃഗങ്ങളും അവരുടെ പ്രവർത്തികൾ ആവർത്തിക്കുകയാണ്. പക്ഷെ നമ്മൾ മനുഷ്യർക്ക് ഇതൊന്നും കണ്ടുനിൽക്കുവാൻ സാധ്യമല്ല. നമ്മുക്ക് ജോലിയെടുക്കണം. കുടുംബം പുലർത്തണം, നാളത്തേക്ക് കരുതണം. പിറ്റേദിവസം വണ്ടിയിൽ കയറിയിക്കുമ്പോൾ ഞാൻ ചിന്തിച്ചു. എന്താണ് ഞാൻ ഇവിടെ കളഞ്ഞിട്ട് പോകുന്നത്? തിരിച്ചറിയാനാവുന്നില്ല. എന്തോ ഒന്ന് മറന്നതുപോലെ……..
വണ്ടി കോട്ടയം കുമളി റോഡിൽ പ്രവേശിച്ചു. തലങ്ങും വിലങ്ങും പോകുന്ന വാഹനങ്ങൾ ……. ഇരു വശവും കടകൾ…… സ്‌കൂളിൽ പോകുന്ന കുട്ടികൾ………. മനസിലൂടെ പലതും കടന്നുപോയി. അവസാനം ഞാനത് കണ്ടെത്തി ……… എനിക്ക് നഷ്ടപ്പെട്ടത് എന്റെ കുട്ടിക്കാലമാണ് . പപ്പയുടെയും മമ്മിയുടെയും തണലിൽ ഒരു ടെൻഷനുമില്ലാതെ ഇത്തരം സ്ഥലങ്ങളിൽ ഒരു ചിത്രശലഭത്തെപ്പോലെ കറങ്ങി നടന്നിരുന്ന കുട്ടിക്കാലം. പോയ വഴികളിലെ മായക്കാഴ്ചകൾ പേപ്പറിൽ എഴുതി ഉറങ്ങിക്കിടക്കുന്ന മമ്മിയെ കുത്തിപ്പൊക്കി വായിച്ചു കേൾപ്പിച്ചിരുന്ന ബാല്യം. പക്ഷെ എനിക്കത് പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ല. ഇപ്പോഴുമുണ്ട് ഞാൻ എഴുതുന്നത് വായിക്കുവാനും, പറയുന്നത് കേൾക്കുവാനും കാത്തിരിക്കുന്നവർ. അതെ, അത് നിങ്ങളാണ്. പാതിരാത്രി വീഡിയോ ഇട്ടാലും അത് മുഴുവനും കണ്ട് അഭിപ്രായം അറിയിക്കുന്ന നിങ്ങളാണ് ഇപ്പോൾ മമ്മിയുടെ സ്ഥാനത്തുള്ളത്. കേൾക്കാൻ ആളില്ലെങ്കിൽ വെറും മഷികൊണ്ട് പേപ്പറിൽ ഉണ്ടാക്കിയ പോറലുകൾ മാത്രമാണ് കഥ.
നമ്മുക്ക് വീണ്ടും കാണാം ….. നന്ദി നമസ്ക്കാരം.