ശകുന്തളക്കാട് - മറഞ്ഞിരിക്കുന്ന അത്ഭുതക്കാഴ്ചകൾ!
ചില വിസ്മയങ്ങളിൽനിന്നും നമ്മുടെ കാഴ്ച്ചയെ മറയ്ക്കുന്നത് ചിലപ്പോൾ ഒരു ചെറിയ തടസം മാത്രമാവും. ഫ്ലോറിഡയിൽ ഞാൻ സ്ഥിരമായി സൈക്കിൾ ചവുട്ടിപൊയ്ക്കൊണ്ടിരുന്ന ഷെറിഡൻ സ്ട്രീറ്റിലെ വിജനമായ പാതയുടെ ഓരത്ത് കമ്പിവേലി കെട്ടി വേർതിരിച്ച ഒരു സ്ഥലമുണ്ട്. അതിനുള്ളിൽ മരങ്ങൾ ഇടതിങ്ങി നിൽക്കുന്ന കുറച്ചു സ്ഥലവും. കമ്പിവേലിയിലെ ഒരു തൂണിൽ കൺസർവേഷൻ ഏരിയ- ടു നോട്ട് ഡിസ്റ്റർബ് എന്ന് എഴുതിയിട്ടും ഉണ്ട്. ബോർഡിൽ കുറച്ചു ചിത്രശലഭങ്ങളുടെ ഫോട്ടോയും കാണാം. കുറെ മാസങ്ങളോളം ഞാനിത് വലിയ കാര്യമാക്കാതെ ഈ ബോർഡിന് മുൻപിലൂടെ സൈക്കിൾ ചവുട്ടി കടന്നുപോയി. എന്നാൽ ഒരുനാൾ ഏതോ വണ്ടിയിടിച്ചു കയറി ഈ കമ്പിവേലിയുടെ ഒരു ഭാഗം തകർന്നപ്പോഴാണ് ഇതിനുള്ളിൽ എന്താണ് ഉള്ളത് എന്നറിയുവാൻ ഒരാഗ്രഹം തോന്നിയത്. സൈക്കിൾ സൈഡിൽ വെച്ചിട്ട് അതിനുള്ളിൽ കയറിയ എനിക്ക് കുറച്ച് കാടും മരങ്ങളുമല്ലാതെ ഒന്നും കാണുവാൻ സാധിച്ചില്ല. തിരികെ ഇറങ്ങുന്നതിന് മുൻപ് ഒരു ചെറിയ മരം വെറുതെ ഒന്ന് കുലുക്കി നോക്കിയപ്പോഴാണ് ഞാൻ ഞെട്ടിയത്. ആയിരക്കണക്കിന് ചിത്രശലഭങ്ങളാണ് ആ മരത്തിൽ നിന്നും പറന്നുയർന്നത്! ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്തവിധം മനോഹരമായ ഒരു കാഴ്ചയായിരുന്നു അത്! ഓർക്കുക ഞാൻ എന്നും പോകുന്ന വഴിയിൽ നിന്നും വെറും മീറ്ററുകൾ മാത്രം വ്യത്യാസത്തിലാണ് ഈ അപൂർവകാഴ്ച്ച ഒളിച്ചിരുന്നത്.
പറഞ്ഞുവരുന്നത് കുമളി-തേക്കടി റോഡിലെ ഇത്തരം ഒരു കാഴ്ചയെക്കുറിച്ചാണ്. ചെക്ക്പോസ്റ്റ് കഴിഞ്ഞുള്ള കാഴ്ചയല്ല, ചെക്ക്പോസ്റ്റിന് മുൻപുള്ള ഒരു വിസ്മയമാണിത്. അതെ, വീടുകളും റെസ്റ്റോറന്റുകളും, റിസോർട്ടുകളും തിങ്ങിനിറഞ്ഞിരിക്കുന്ന കുമളി-തേക്കടി റോഡിൽ, ബോട്ട് സവാരിയുടെ ടിക്കറ്റ് കിട്ടാൻ പ്രയാസപ്പെടാതെ, കാട്ടിലൂടെ ട്രെക്കിങ്ങ് നടത്താതെ തന്നെ കൂടുതൽ അടുത്ത് വന്യമൃഗങ്ങളെ കാണുവാൻ സാധിക്കുന്ന ഒരു സ്ഥലമുണ്ട്. തേക്കടിയിലെ പെരിയാർ ഹൗസിൽ താമസിക്കുവാൻ പോയപ്പോൾ അവിചാരിതമായി എന്റെ സഹപാഠിയെ കണ്ടുമുട്ടിയ കാര്യം കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞിരുന്നത് ഓർക്കുന്നുണ്ടാവും. അന്ന് ഞാൻ താമസിച്ചിരുന്ന മുറിയുടെ നടത്തിപ്പുകാരനും ഞാനും ഒരേ സമയം ഒരേ കോളേജിൽ പഠിച്ചിരുന്നവരാണെന്ന് ഇറങ്ങുവാൻ നേരമാണ് തിരിച്ചറിഞ്ഞത്. എന്നെ നന്നായി അറിയാവുന്ന ജയപ്രകാശ് എന്ന ജെപി, ഞാൻ കാറിൽ കയറുംമുമ്പേ പറഞ്ഞു. ഒരു സ്ഥലം കൂടി കാണിക്കാം, ഇഷ്ടപെട്ടാൽ അടുത്ത തവണ അവിടെ തങ്ങാം. അതും പറഞ്ഞുകൊണ്ട് ജെപി കുമളി-തേക്കടി റോഡിൽ നിന്നും, ഞാൻ ഇപ്പോൾ താസച്ചിരുന്ന മുറിയുടെ പുറകിലുള്ള ഒരു കെട്ടിടം കാണിക്കുവാൻ കൊണ്ടുപോയി. രണ്ടു നിലകളിലുള്ള ഒരു ചെറിയ ലോഡ്ജ്. മുകളിലും താഴെയും ഓരോ മുറികൾ. ഞങ്ങൾ മുകളിലേക്ക് കയറി. അവിടെയുള്ള ബാൽക്കണിയിൽ നിന്നും കാണുന്ന കാഴ്ചയാണ് താഴെ ചിത്രത്തിൽ ഉള്ളത്.
നോക്കിയാൽ ഒരു സാധാരണ മലയോരചിത്രം. പുറകിൽ കാണുന്നത് പെരിയാർ ടൈഗർ റിസർവാണ്. എന്നാൽ ഇരുട്ടുന്നതോടെ രംഗം മാറും. അഞ്ചുമണിയോടെ ഈ കാണുന്ന മൈതാനത്ത് കാട്ടുപന്നികൂട്ടങ്ങൾ പ്രത്യക്ഷപ്പെടും. ചിലപ്പോൾ ഒന്നോ രണ്ടോ എണ്ണമായോ അല്ലെങ്കിൽ കൂട്ടമായോ ആണ് വരിക. വീടിനടുത്ത് വനപ്രദേശങ്ങൾ ഇല്ലാത്തവർക്ക് കാട്ടുപന്നിക്കൂട്ടം കൗതുകമുണർത്തുന്ന കാഴ്ച്ചതന്നെയാണ്. ഇവിടെയുള്ള വീട്ടുകാർ ഇട്ടുകൊടുക്കുന്ന ഭക്ഷണസാധനങ്ങൾ തിന്നുവാനാണ് ഇവർ എത്തുന്നത്. ഈ സമയം ഇടതുംവലത്തുമുള്ള കെട്ടിടങ്ങളിൽ ആളുകൾ വന്ന് നിറഞ്ഞു നിൽപ്പുണ്ടാവും. യാതൊരു ഭയവും കൂടാതെ കയ്യെത്തും ദൂരത്ത് നിന്നുകൊണ്ട് അവർ ഭക്ഷണം കഴിക്കുന്നത് കാണാം.

നേരം കുറേക്കൂടി ഇരുട്ടുന്നതോടെ, മൈതാനത്തിന്റെ അങ്ങേവശങ്ങളിൽ കാണുന്ന കറുത്ത പാറകൾക്ക് ജീവൻവെയ്ക്കും. കാട്ടുപോത്തുകളുടെ വരവാണ്. ഒന്നോ രണ്ടോ കൂട്ടങ്ങൾ മൈതാനത്തിലൂടെ മേഞ്ഞുനടന്ന് അവസാനം നമ്മൾ ഇരിക്കുന്ന സ്ഥലത്തിന് തൊട്ടു താഴെവരെയും എത്തും. ഇതേ സമയം അകലെ തോടിനോട് ചേർന്നുള്ള കാടുകളിൽ നിന്നും കലമാനുകൾ അല്ലെങ്കിൽ മ്ലാവുകൾ പുറത്തേക്കിറങ്ങും. നാട്ടുകാരുടെ നായ്ക്കളെ പേടിച്ചിട്ടാവണം അവർ പക്ഷെ അടുത്തേക്ക് വരില്ല. പക്ഷെ രസമെന്താണെന്ന് വെച്ചാൽ ഈ മൂന്ന് കൂട്ടരെയും നമ്മുക്ക് ഒരൊറ്റ ഫ്രയ്മിൽ ലഭിക്കും എന്നതാണ്.
എന്തായാലും ഞാൻ തൊട്ടടുത്ത ആഴ്ച്ച തന്നെ ജെപിയുടെ ‘ഓപ്പൺ സഫാരി മുറിയിൽ’ താമസിക്കുവാനെത്തി. വൈകുന്നരത്തെ കാഴ്ചകൾ കണ്ടുകൊണ്ട് ബാൽക്കണിയിൽ ഇരുന്നാൽ സമയം പോകുന്നത് അറിയില്ല. രാത്രിയിലാണ് ഏറെ രസം. ലൈറ്റുകൾ ഓഫാക്കുന്നതോടെ കാട്ടുപോത്തുകളും, മാനുകളും പന്നികളും നമ്മുടെ മുറിയുടെ തൊട്ടരികിൽവരെയും എത്തും. ടോർച്ചടിച്ചു നോക്കിയാൽ ഇവർ നമ്മെതന്നെ തുറിച്ച് നോക്കിക്കൊണ്ട് നിൽക്കുന്നത് കാണാം. വീണ്ടും രാത്രിയാകുന്നതോടെ മാനുകൾ സ്ഥലംവിടും. എന്നാലും മുറിയുടെ തൊട്ടുതാഴെ കാട്ടുപോത്ത് മുക്രയിടുന്ന ശബ്ദം പാതിരാവരെയും ഉണ്ടാവും.
രാവിലെ ഉറക്കമുണർന്നാൽ മൈതാനം മഞ്ഞിറങ്ങി തണുത്ത് വിറങ്ങലിച്ച് അങ്ങിനെ തന്നെ നിൽപ്പുണ്ടാവും. മൃഗങ്ങൾ ഒന്നും തന്നെയും ഉണ്ടാവില്ല. എന്നാൽ മുറിയോട് തൊട്ട് ചേർന്ന് നിൽക്കുന്ന ചതുരനെല്ലിയിൽ മലയണ്ണാൻ വന്നിരിപ്പുണ്ടാവും. നമ്മുക്ക് തൊടാൻ സാധിക്കാവുന്നത്ര അടുത്താണ് അവൻ ശിഖരത്തിലിരുന്ന് പുളി തിന്നുന്നത്. ഇതേ സമയം തൊട്ടു താഴെ ഒന്നോ രണ്ടോ കീരികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുന്ന കാഴ്ചയും കാണാം. ഉച്ച കഴിയുന്നതോടെ ഈ സ്ഥലത്തെ പ്രധാന വില്ലന്മാർ കളത്തിലിറങ്ങും. കുരങ്ങന്മാർ! ഒന്നോ രണ്ടോ മണിക്കൂറുകൾ നീളുന്ന അവരുടെ റെയ്ഡ് അവസാനിക്കുമ്പോൾ നാം പുറത്ത് വെച്ചിട്ടുള്ള തിന്നാനും കുടിക്കുവാനും പറ്റുന്നതെന്തും അവർ കൈക്കലാക്കിയിട്ടുണ്ടാവും. മുറി തുറന്ന് കിടന്നാൽ അകത്ത് കയറിയും എടുക്കും. നിറമുള്ള ഫാന്റാ പോലുള്ള ഓറഞ്ചു നിറമുള്ള പാനീയങ്ങളോട് വലിയ കമ്പമാണ്. എന്റെ കയ്യിൽ നിന്നും ബോട്ടിൽ തട്ടിയെടുത്ത് വായ്കൊണ്ട് ഊരിയശേഷം നിലത്ത് മറിച്ചിട്ട് മുഴുവനും നക്കികുടിച്ചു.
ഈ സമയമെല്ലാം കാട്ടുപന്നികൂട്ടങ്ങളിലെ ഒറ്റ തിരിഞ്ഞ ഒരെണ്ണം (ഇത് പെണ്ണാണ്, പക്ഷെ ഞാൻ ഭൈരവൻ എന്നാണ് പേരിട്ടിരിക്കുന്നത് 🙂 ) മൈതാനത്തുകൂടി ഒരു ലക്ഷ്യവുമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് കാണാം. വീണ്ടും രാത്രിയാകുന്നു. നാം മുൻപ് പറഞ്ഞ കാര്യങ്ങൾ ചില്ലറ വകഭേതങ്ങളോടെ വീണ്ടും ആവർത്തിക്കുന്നു. തേക്കടിയിലെ തടാകതീരത്ത് നാം കാണുന്ന ഭൂരിഭാഗം മൃഗങ്ങളും ഇവിടെ ഈ മൈതാനത്ത് നമ്മുടെ തൊട്ടരികിൽ എത്തിച്ചേരും. അല്ല, ഇങ്ങനെ ഒരു മൈതാനം ഇവിടെ എങ്ങനെയുണ്ടായി? തേക്കടിയിലെ കഴിഞ്ഞ തലമുറ കളിച്ചു വളർന്ന മൈതാനമാണിത്. ഈ മൈതാനത്തൊട് ചേർന്ന് കിടക്കുന്ന അരുവിയിലെ ജലം അതേപടി തമിഴ്‌നാട്ടിലേക്കാണ് പോകുന്നത്. ചിത്രത്തിൽ ദൂരക്കാണുന്ന കാടിനോട് ചേർന്നാണ് അരുവിയൊഴുകുന്നത്. അതിനുമപ്പുറം കാണുന്ന വനമാണ് ശകുന്തളക്കാട്. നേച്ചർ ക്ലബ് പോലുള്ള കൂട്ടായ്മകളിലെ ആളുകളെ കാടുകാണിക്കുവാൻ ഈ വഴി കൊണ്ടുപോകാറുണ്ട്. പണ്ട് നസീർ അഭിനയിച്ച ശകുന്തള (1965) എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനായിരുന്നു ഇവിടം. അങ്ങിനെയാണ് ശകുന്തളകാട് എന്ന പേര് വീണത്. ഈ കാടിനുമപ്പുറമാണ് മന്നാൻമാരുടെ ഗ്രാമമുള്ളത്. ഇപ്പോഴത്തെ രാജാവ് തേക്കടിയിലെ ഈ ഗ്രാമത്തിൽ നിന്നുള്ള ആളാണ്. എന്നാൽ മന്നാൻ രാജാവ് താമസിക്കുന്നത് കട്ടപ്പനയിലെ കോവിൽമല അഥവാ കോഴിമലയിൽ ആണ്. കാരണം രാജാവായാൽ കോവിൽമലയിലേക്ക് താമസം മാറിയേ പറ്റൂ.
നമ്മുക്ക് മൈതാനത്തിലേക്ക് തിരികെ വരാം. തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന അരുവിയുടെ സാന്നിധ്യംകാരണം മഴക്കാലത്ത് ഈ മൈതാനം വെള്ളത്തിനടിയിലാകും. വെള്ളമിറങ്ങിയാൽ മൈതാനത്തിന്റെ തലങ്ങും വിലങ്ങും ഒഴുകുന്ന ചെറിയ അരുവികളിൽ നിറയെ മീനുകളുണ്ടാവും. സൂക്ഷിച്ചു നോക്കിയാൽ ഇവിടെ അനേകം ചെറിയ മൺകൂനകൾ നിങ്ങളുടെ ശ്രദ്ധയിൽപെടും. കാട്ടുഞണ്ടുകളുടെ കലാവിരുതാണത്. എന്നാൽ എന്നെ അതിശയപ്പിച്ചത് ഇതൊന്നുമല്ല, ഈ മൈതാനം നിറയെ പടർന്ന് കിടക്കുന്ന എലിഫന്റ് ഗ്ലോറി എന്ന സസ്യമാണ് (പ്ലാന്റ് ഐഡന്റിഫയർ കാണിക്കുന്നത് Ipomoea carnea എന്ന pink morning glory or bush morning glory എന്നാണ് ) തേക്കടിയിലെ പ്ലാസ്റ്റിക്ക് ബോട്ടിലുകളും മറ്റും ഈ മൈതാനത്ത് അടിഞ്ഞുകൂടി വെള്ളപ്പൊക്കസമയത്ത് മുൻപ് പറഞ്ഞ അരുവിയിലൂടെ തമിഴ്നാട്ടിൽ എത്തും എന്നതിനാൽ അവിടുത്ത ഉദ്യോഗസ്ഥർ ബോട്ടിലുകൾ ഇവിടെ തന്നെ കുടുങ്ങിക്കിടക്കുവാൻ വേണ്ടി നട്ടതാണ് ഈ ചെടികൾ എന്നാണ് കരക്കമ്പി (വാസ്തവം അറിയില്ല). എന്തായാലും നാട്ടുപോത്തുകളും, കാട്ടുപോത്തുകളും ഇത് കഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടില്ല. നാം ഇവിടെ നിന്നും കാണുന്ന ഓരോ മലകൾക്കും കാടുകൾക്കും നാട്ടുകാർ നമ്പർ ഇട്ടിട്ടുണ്ട്. വിറകെടുക്കാൻ പണ്ട് പോയിരുന്നവർ തിരിച്ചറിയാനായി ഒന്നാം കാട്, രണ്ടാം കാട്, മൂന്നാം കാട് എന്നിങ്ങനെയാണ് പേരുകൾ കൊടുത്തിട്ടുള്ളത്.
ഈ ചിത്രത്തിൽ എന്താണാവോ ഒന്നാം കാട് ? ഇന്ന് അഞ്ചാംപാതിരയാണ്. മൈതാനം നിറയെ വീണ്ടും മൃഗങ്ങൾ എത്തിത്തുടങ്ങി. ശകുന്തളക്കാട്ടിൽ ആരോ ആഴിയിട്ടിരിക്കുന്നു! നമ്മുടെ വനപാലകരാണ്. ശകുന്തളക്കാട്ടിൽ എണ്ണം പറഞ്ഞ കുറച്ചു ചന്ദനമരങ്ങൾ നിൽപ്പുണ്ട്. അതിന് കാവൽ നിൽക്കുന്നവരാണത്. രാത്രി മുഴുവനും അവർ അവിടെയുണ്ടാകും. നേരം നന്നേ ഇരുട്ടി. താഴെ കാട്ടുപോത്താണോ അതോ നമ്മുടെ ഭൈരവനോ? ആരോ അങ്ങോട്ടും ഇങ്ങോട്ടും മേയുന്നുണ്ട്. നല്ലൊരു തണുത്ത കാറ്റ് വീശി. ഇപ്പോൾ അങ്ങകലെ കൊടുംകാട്ടിൽ എന്തൊക്കെ കോലാഹലങ്ങളാവും നടക്കുന്നത്? ഞാൻ കതകടച്ചു അകത്തുകയറി. നല്ല മഴയും തണുപ്പും. ജെപി തന്ന കമ്പിളിക്കകത്തേക്ക് നൂറുകിലോ ചുരുങ്ങിക്കൂടി. താഴെ വീണ്ടും ശബ്ദം. ഈ ഭൈരവന് ഉറക്കവുമില്ലേ?
ഇവിടെ താമസിക്കേണ്ടവർക്ക് ജെപിയെ ബന്ധപ്പെടാം | 9349633252
Photo : ഭൈരവൻ ആൻഡ് മി