കരിമ്പിൻതോട്ടങ്ങളിലെ കടുവകൾ!| Sherdil: The Pilibhit Saga | ഷേർദിൽ: ദ പീലീഭീത് സാഗ| Malayalam

നേപ്പാൾ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഉത്തരപ്രദേശിലെ ഒരു വിദൂരഗ്രാമം. പുൽമേടുകളും, ചതുപ്പ് നിലങ്ങളും, കരിമ്പിൻ തോട്ടങ്ങളും നിറഞ്ഞ ഈ ഗ്രാമം വനത്തോട് തൊട്ട് ചേർന്നാണ് കിടക്കുന്നത്. ആ ഗ്രാമത്തിൽ കാണിച്ചുവീഴുന്ന ഓരോ കുട്ടിയോടൊപ്പം മറ്റൊന്നുകൂടി പിറക്കും ..... പട്ടിണി. ജന്മിമാരുടെ കരിമ്പിൻ തോട്ടങ്ങളിൽ പണിയെടുക്കുന്നവർക്ക് ഇപ്പോൾ പണിക്ക് പോകുവാൻ ഭയമാണ്. ഇടയ്ക്കിടെ മുഴങ്ങിക്കേൾക്കുന്ന കടുവകളുടെ ഗർജ്ജനം ആളുകളെ അത്രയേറെ ഭയപ്പെടുത്തിയിരിക്കുന്നു. ഇത് കൂടാതെ തങ്ങളുടെ പച്ചക്കറിത്തോട്ടങ്ങളിലേക്ക് ഇറങ്ങിവരുന്ന മാനുകൾ ചെടികൾ അപ്പാടെ തിന്നു നശിപ്പിക്കുന്നു. ജോലിയുമില്ല, ഭക്ഷണവുമില്ല. ഗതികെട്ട് കരിമ്പിൻ തോട്ടങ്ങളിൽ പോയവർ കടുവകൾക്കിരയാവുകയും ചെയ്തു. പിടിച്ചു നിൽക്കാൻ വയ്യാതെ ചിലരൊക്കെ ഗ്രാമം വിട്ട് പട്ടണത്തിലേക്ക് കുടിയേറി. നല്ലൊരു ജോലിയും കിടക്കാൻ സ്ഥലവും കിട്ടാതെ യാചകരെപ്പോലെ അവർ തെരുവുകളിലൂടെ അലഞ്ഞു തിരിഞ്ഞു. ഗ്രാമത്തിലുള്ളവർ പട്ടിണിയും, കൃഷിനാശവും, മൃഗശല്യവും കാരണം ആത്മഹത്യ ചെയ്തു തുടങ്ങി. അവസാനം ഗ്രാമത്തിലെ സർപഞ്ച്‌ (Sarpanch) അഥവാ ഗ്രാമമുഖ്യനായ ഗംഗാറാം ഒരു തീരുമാനത്തിലെത്തി. പട്ടണത്തിലെ സർക്കാർ ഓഫീസിൽ പരാതികൊടിക്കുവാൻ ചെന്നപ്പോൾ കണ്ട ഒരു നോട്ടീസാണ് ഈ കടുത്ത തീരുമാനനമെടുക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വനത്തിന് പുറത്തുള്ള കൃഷിയിടങ്ങളിൽ വെച്ച് ആരെയെങ്കിലും കടുവ ആക്രമിച്ചു കൊന്നാൽ, അവകാശികൾക്ക് പത്ത് ലക്ഷം രൂപ നഷ്ട്ടപരിഹാരം കിട്ടും എന്നായിരുന്നു നോട്ടീസിൽ എഴുതിയിരുന്നത്.

ഈ വർഷം പുറത്തിറങ്ങിയ ഷേർദിൽ ദി പിലിബീത് സാഗ (Sherdil: The Pilibhit Saga) എന്ന ഹിന്ദി ചലച്ചിത്രം തുടങ്ങുന്നത് ഇങ്ങനെയാണ്. ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമായ ഈ സിനിമ യഥാർത്ഥത്തിൽ നടന്ന കുറെ സംഭവങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമിച്ചതാണ്. ആ യഥാർത്ഥ കഥകളുടെ മുന്നിലേക്കാണ് ഈ വീഡിയോ നിങ്ങളെ ചെന്നെത്തിക്കുക.


ഷേർദിൽ: ദ പീലീഭീത് സാഗ23 views0 comments