top of page

Story of first coconut tree! | ആദ്യത്തെ തെങ്ങ് ഉണ്ടായ കഥ!

പസഫിക്കിലെ സമോവന്‍ ദ്വീപുകളില്‍ ജീവിച്ചിരുന്ന ഒരു സുന്ദരി പെണ്‍കുട്ടിയായിരുന്നു സിന (Sina). ഒരുനാള്‍ അവള്‍ക്കു ഒരു കൊച്ചു ഈല്‍ മത്സ്യത്തിനെ കിട്ടി . അവള്‍ അതിനെ തന്‍റെ ഓമനയായി പരിപാലിച്ചു പോന്നു . സമോവന്‍ ദ്വീപുകളിലെ കുളങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പിന്നെ സമുദ്രവുമായി ഭൂഗര്‍ഭ കുഴലുകള്‍ വഴി ബന്ധപ്പെട്ടു കിടക്കുന്നു . അതിനാല്‍ സിന എവിടെ പോയാലും ഈല്‍ മത്സ്യവും ജലത്തിലൂടെ അവളെ അനുഗമിക്കും . അങ്ങിനെ നാളുകള്‍ കഴിഞ്ഞു . ഈല്‍ വളര്‍ന്നു വലുതായി . അതോടൊപ്പം അവന് സിനയോടുള്ള പ്രേമവും വളര്‍ന്നു . അത് ഒരുനാള്‍ അവന്‍ സിനയോട് തുറന്നു പറഞ്ഞു . ഞെട്ടിപ്പോയ സിന അതിനു ശേഷം അവനെ പാടെ അവഗണിക്കാന്‍ തുടങ്ങി . പക്ഷെ ഈല്‍ മത്സ്യത്തിനു വാശിയായി . സിന കുളിക്കാന്‍ പോയാലും വെള്ളമെടുക്കാന്‍ പോയാലും തീരത്ത് കൂടി നടക്കാനിറങ്ങിയാലും ഈല്‍ പിറകെ നീന്താന്‍ തുടങ്ങി . പൊറുതി മുട്ടിയ അവള്‍ ഒരുനാള്‍ ആരുമറിയാതെ ദ്വീപ് വിട്ടു ദൂരെ മറ്റൊരു തുരുത്തില്‍ പോയി താമസമാക്കി . കുറേക്കാലം സിന അവിടെ സമാധാനത്തോടെ കഴിഞ്ഞു .

Mata o le Alelo എന്ന കുളം

അങ്ങിനെ ഒരുനാള്‍ അവള്‍ ഗ്രാമത്തിലെ കുളത്തില്‍ വെള്ളമെടുക്കാന്‍ പോയി . താഴേക്കു കുനിഞ്ഞപ്പോള്‍ അതാ ഈല്‍ മത്സതിന്റെ മുഖം തെളിഞ്ഞു വരുന്നു ! ഞെട്ടിപ്പോയ സിന അവനോടു ചോദിച്ചു . "നീ എന്തിനാണ് എന്നെ പിശാചിനെപ്പോലെ തുറിച്ച് നോക്കുന്നത് ?" (E pupula mai, ou mata o le alelo!) . ബഹളം കേട്ട് ഗ്രാമമുഖ്യന്മാര്‍ ഓടിയെത്തി . ഒരാള്‍ വാളെടുത്ത് ഈലിനെ നോക്കി ഒറ്റവെട്ട് ! പിടഞ്ഞു മരിക്കുന്നതിനു മുന്‍പ് അവന്‍ സിനയോട് പറഞ്ഞു . "ദയവായി എന്‍റെ ശിരസ് നീ മണ്ണില്‍ കുഴിച്ചിടണം, അങ്ങിനെ എന്നെന്നും എനിക്ക് നിന്നെ കാണാന്‍ കഴിയും " ഇത്രയും പറഞ്ഞു ഈല്‍ ജീവന്‍ വെടിഞ്ഞു . അവന്‍റെ അന്ത്യാഭിലാഷം സാധിച്ചു കൊടുക്കുവാന്‍ തന്നെ സിന തീരുമാനിച്ചു . അവള്‍ അവന്‍റെ തല വെട്ടിയെടുത്തു മണ്ണില്‍ കുഴിച്ചിട്ടു . നാളുകള്‍ കഴിഞ്ഞപ്പോള്‍ അവിടെ മണ്ണില്‍ നിന്നും ഭൂമിയിലെ ആദ്യത്തെ തെങ്ങ് നാമ്പെടുത്തു . വൃക്ഷം വളര്‍ന്നു വലുതായപ്പോള്‍ സിനയുടെ തലയോളം വലിപ്പമുള്ള കായ അതിനുണ്ടായി . അത് വെട്ടിയെടുത്തു വെള്ളം കുടിക്കാനോരുങ്ങിയ സിന ഞെട്ടിപ്പോയി ! കൊല്ലപ്പെട്ട ഈലിന്റെ അതെ മുഖം ! ( പൊതിച്ച തേങ്ങയില്‍ കാണുന്ന മൂന്നു കണ്ണുകള്‍ ) . അതില്‍ ഒരു കണ്ണ് പൊട്ടിച്ച് സിന കരിക്കിന്‍ വെള്ളം കുടിച്ചു . അപ്പോള്‍ അവള്‍ക്കു മനസ്സിലായി താന്‍ ഈലിന്റെ അധരങ്ങളില്‍നിന്നാണ് ജലം കുടിച്ചത് ! ബാക്കി രണ്ടും അവന്‍റെ കണ്ണുകളാണ് ! അങ്ങിനെ എപ്പോള്‍ സിന കരിക്കിന്‍ വെള്ളം കുടിച്ചാലും അവള്‍ ഈലിനെ ചുംബിക്കും . അങ്ങിനെ അവന്‍ എന്നെന്നും അവളുടെ കൂടെയായി .


ഇനി കരിക്ക് വെട്ടി കണ്ണുതുളച്ചു വെള്ളം മോന്തുബോള്‍ ഓര്‍ക്കുക നമ്മള്‍ ഈലിനെ ചുംബിക്കുകയാണ് ചെയ്യുന്നത് . സാക്ഷാല്‍ക്കരിക്കപ്പെടാതെ പോയ ഒരു പ്രണയത്തിന്‍റെ പൂര്‍ത്തീകരണം !

തെങ്ങ് ഉണ്ടായതിനെ പറ്റിയുള്ള സമോവന്‍ ഐതിഹ്യമാണ്‌ നാം ഇപ്പോള്‍ വായിച്ചത് . ഈല്‍ കൊല്ലപ്പെട്ട കുളം ഇപ്പോഴും അവിടുണ്ട് ! അവനോട് സിന അവസാനം പറഞ്ഞ വാക്കാണ്‌ ഇപ്പോള്‍ കുളത്തിന്‍റെ പേര്‍ >>> Mata o le Alelo . കുളത്തില്‍ കമഴ്ന്നു കിടന്ന് സിന നോക്കിയത് പോലെ ഈലിനെ നോക്കുന്നത് ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഹരം പകരുന്ന ഒന്നാണ് .

16 views0 comments
bottom of page