ഒരു അനാഥന്റെ കഥ! | Story of the Lost Tree
എന്റെ പേര് L'Arbre du Ténéré ( Ténéré ലെ മരം )എന്നാണ് . ഞാനൊരു അക്കേഷ്യ മരമാണ് . ഇംഗ്ലീഷിൽ Tree of Ténéré അല്ലെങ്കിൽ Lost Tree എന്നും എന്നെ ആളുകൾ വിളിച്ചിരുന്നു . ഞാൻ ജീവിച്ചിരുന്നത് നൈജർ എന്ന ആഫ്രിക്കൻ രാജ്യത്തിലായിരുന്നു. അന്ന് ഞാൻ ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട , ഏകാകിയായ മരമായിരുന്നു. കാരണം ഞാൻ നിന്നിരുന്ന സഹാറാ മരുഭൂമിയിൽ 400km നു അപ്പുറവും ഇപ്പുറവും മറ്റൊരു മരവും ഇല്ലായിരുന്നു!!!
എന്നാണ് ജനിച്ചതെന്ന് എനിക്കോര്‍മ്മയില്ല . കഴിഞ്ഞ നൂറ്റാണ്ടുകളിൽ എന്നെ ഇവിടെ കണ്ടതായി അറബി സഞ്ചാരികൾ എഴുതിയിട്ടുണ്ട്. യൂറോപ്പ്യൻ സഞ്ചാരികൾ എന്നെ കണ്ട് അത്ഭുതം കൂറിയിട്ടുണ്ട്. ജീവന്റെ ഒരു നാമ്പ് പോലുമില്ലാത്ത ഈ മണൽ കാട്ടിൽ ഞാൻ എങ്ങിനെ എത്തി എന്നാണ് എല്ലവരും ചോദിച്ചിരുന്നത്. എന്തായാലും നൂറ്റാണ്ടുകളായി ഞാൻ മരുഭൂമിയിലെ വിളക്ക് മരമായിരുന്നു. എന്നെ അടയാളമാക്കി വഴികൾ വരച്ചു തുടങ്ങി. മരുഭൂമിയിലെ ട്രാഫിക് സിഗ്നൽ ആയിരുന്നു ഞാൻ. ഞാൻ നില്ക്കുന്നിടത് ജലം ഉണ്ടെന്നു മനസ്സിലാക്കി 1939 ൽ ആരോ എനിക്കടുത്ത് ഒരു കിണർ കുത്തി. അങ്ങിനെ ഞാനൊരു വിശ്രമ കേന്ദ്രവും തണൽ മരവും ആയി. ഇതുവഴി വരുന്ന വ്യാപാരികൾ എന്നെ ബഹുമാനിക്കുകയും ചിലർ സലാം തരുകയും മറ്റു ചിലര് എന്നോട് സംസാരിക്കുകയും ചെയ്യുമായിരുന്നു. എന്‍റെ നിശബ്ദത അവര്‍ ഇഷ്ടപ്പെട്ടിരുന്നു . ഈ വ്യാപാര വഴിയെ Azalai എന്നാണ് വിളിച്ചിരുന്നത്. പക്ഷെ ആരും ഒരു കൂട്ടിനു മറ്റൊരു അക്കേഷ്യ മരത്തെ എനിക്കടുത്തു കുഴിച്ചു വെച്ചില്ല. അങ്ങിനെ മരുഭൂമിയിലെ രാജാവായി ഞാൻ വാഴുന്ന കാലത്ത് ആ ദുരന്തം ഉണ്ടായി!
1973 ൽ (നിങ്ങളിൽ പലരും അന്ന് ജനിച്ചിട്ടുണ്ടാവില്ല) കുടിച്ചു ബോധമില്ലാതെ ട്രക്ക് ഓടിച്ചു വന്ന ഒരു ലിബിയക്കാരൻ ഡ്രൈവർ എന്റെ ദേഹത്തിൽ കൂടെ വണ്ടി കയറ്റിയിറക്കി !! അങ്ങിനെ നൂറ്റാണ്ടുകൾ നീണ്ട എന്റെ ഏകാന്ത വാസത്തിനു വിരാമമായി. ഞാൻ വീണത് അറിഞ്ഞു അനേകർ മരുഭൂമിയിൽ ഭീഷ്മാചാര്യരെ പോലെ കിടക്കുന്ന എന്നെ കാണുവാൻ എത്തി. എന്‍റെ കിടപ്പ് കണ്ടു അവര്‍ കരഞ്ഞു . എന്നെ വെട്ടി വിറകാക്കാന്‍ ആരും സമ്മതിച്ചില്ല . അങ്ങിനെ അവർ 1973 നവംബർ എട്ടിന് വീണു കിടക്കുന്ന എന്നെ ശാഖകള്‍ അരിഞ്ഞു മാറ്റി , സുന്ദരനാക്കി എടുത്തു (എനിക്കങ്ങനെ തോന്നിയില്ല ) ആഘോഷമായി നൈജേർ രാജ്യത്തിന്റെ തലസ്ഥാനമായ Niamey യിലുള്ള Niger National Museum ലേക്ക് മാറ്റി. ഇന്ന് എന്റെ പഴയ മരുഭൂമിയിൽ എനിക്കായി ഒരു സ്മാരകം ഒരുങ്ങിയിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് മുന്‍പത്തേക്കാള്‍ സന്തോഷമുണ്ട് .....എന്നെ കാണാൻ ധാരാളം ആളുകൾ ഇവിടെ മ്യൂസിയത്തിൽ എത്തുന്നു! അവര്‍ എന്നോട് സംസാരിക്കുന്നു ! ചിലര്‍ ഫോട്ടോ എടുക്കുന്നു ! മറ്റു ചിലര്‍ എന്‍റെ കഥ കെട്ടു അത്ഭുതപ്പെടുന്നു !
.......മരുഭൂമിയിലെ നിശബ്ദതയിൽ നിന്നൊരു മോചനം!!! നിങ്ങളും വരില്ലേ എന്നെ കാണാന്‍ ? എനിക്ക് അങ്ങോട്ട് വരാന്‍ കഴിയില്ലല്ലോ ..........
മരത്തിന്‍റെ കഥ അവിടെ നില്‍ക്കട്ടെ, ബാക്കി ഞാന്‍ പറയാം . ഫ്രെഞ്ചില്‍ " L'Arbre du Ténéré" എന്നാണ് ഈ മരമുത്തച്നെ വിളിക്കുന്നത് . നാല് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു സഹാറന്‍ മരുപ്രദേശമാണ് Ténéré". ഇത് നൈജര്‍ രാജ്യത്തിന്‍റെ വടക്ക് കിഴക്കായി വരും . ഈ സഹാറന്‍ മരുഭൂവില്‍ ഒട്ടകപ്പുറത്ത് കച്ചവടസാധനങ്ങളുമായി അലഞ്ഞു നടന്നിരുന്ന Tuareg വര്‍ഗ്ഗക്കാരാണ് ഈ വൃക്ഷത്തിനെ ആദ്യ സുഹൃത്തുക്കള്‍ . ഈ മണല്‍ക്കാട്ടില്‍ അവര്‍ കുഴിച്ചുവെച്ചതോ അല്ലെങ്കില്‍ കണ്ടെത്തിയതോ ആണ് ഈ മരത്തെ എന്നാണ് കരുതപ്പെടുന്നത് . ഇതിനടുത്ത് ജലമുള്ളത് അവര്‍ക്ക് തീര്‍ച്ചയായും അറിയാമായിരിക്കണം . എന്തായാലും പിന്നീടുള്ള അവരുടെ യാത്രകള്‍ ഈ വൃക്ഷം നില്‍ക്കുന്ന സ്ഥലത്തൂടെ ആയി മാറി . പിന്നീടു വന്ന യൂറോപ്യന്‍ സഞ്ചാരികള്‍ക്ക് വഴി എളുപ്പം പറഞ്ഞു കൊടുക്കാനും ഈ മരം ഏറെ സഹായിച്ചു . 1939 ല്‍ ഈ മരത്തെ നേരില്‍ കണ്ട പട്ടാള മേധാവി ആയിരുന്ന Michel Lesourd ഈ വൃക്ഷത്തെ പറ്റി എഴുതിയിട്ടുണ്ട് . ഇതിനെ ഒട്ടകങ്ങള്‍ എന്തുകൊണ്ട് കടിച്ചു തിന്ന് നശിപ്പിച്ചില്ല എന്നോര്‍ത്ത് അദ്ദേഹം അത്ഭുതം കൂറി . Taoudenni ലെ (മാലി ) ഉപ്പു പാടങ്ങളില്‍ നിന്നും ഒട്ടകപ്പുറത്ത് ഉപ്പ് Timbuktu ലേക്ക് കൊണ്ടുപോയിരുന്ന കച്ചവടക്കാര്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ഈ മരത്തെ ഒരു അത്ഭുതവൃഷമായി പരിഗണിച്ചിരുന്നു . ഇത് വഴി രണ്ടു പ്രാവിശ്യം കടന്നു പോയ ഫ്രഞ്ച് പര്യവേഷകനായ Henri Lhote , 1959 ല്‍ തന്നെ മറ്റേതോ കാരണത്താല്‍ ഈ മരത്തിനു കാര്യമായ ക്ഷതം ഏറ്റിരുന്നു എന്ന് തന്‍റെ L'épopée du Ténéré എന്ന പുസ്തകത്തില്‍ പറയുന്നുണ്ട് . എന്തായാലും ഒറ്റപ്പെടലിന്‍റെ പ്രതീകമായി ... ഒരു അത്ഭുതമായി.... ഈ മരം ഇപ്പോള്‍ Niger National Museum ല്‍ ഇരിപ്പുണ്ട് , ആര്‍ക്കുമറിയാത്ത ഏതോ കഥകളുമായി ....
