top of page

Story of Essex | ആഴങ്ങളിലെ കൊലയാളികള്‍!

Updated: Jun 29, 2022

ഇരുപത് മീറ്ററോളം നീളം ........തല മാത്രം ശരീരത്തിന്‍റെ മൂന്നിലൊന്നോളം വരും ! ...മനുഷ്യനേക്കാളും അഞ്ചിരട്ടിയോളം വലിപ്പമുള്ള തലച്ചോര്‍ ! ..... ഇതൊരു അന്യഗ്രഹജീവിയെപ്പറ്റിയുള്ള വിവരണമല്ല ...... ഭൂമിയിലെ ഏറ്റവും വലിയ സസ്തനികളില്‍ ഒന്നായ sperm whale ആണിത് . സമുദ്രത്തിന്‍റെ അഗാതങ്ങളിലെയ്ക്ക് ഊളിയിട്ട് ഇരകളെ പിടിക്കുന്നതില്‍ അഗ്രഗണ്യരാണ് സ്പേം തിമിംഗലങ്ങള്‍. 2,250 മീറ്റര്‍ ആഴം വരെ നീര്‍ക്കാംകുഴി ഇട്ടു മുങ്ങുന്ന ഇവ , അത്രയും ആഴത്തില്‍ ചെല്ലാന്‍ കഴിയുന്ന അപൂര്‍വ്വം സസ്തനികളില്‍ ഒന്നാണ് . ആശയമിനിമയതിനായി 230 ഡെസിബല്‍ ശബ്ദം വരെ ജലത്തിനടിയില്‍ ഉണ്ടാക്കാന്‍ ഇവയ്ക്ക് കഴിയും ! ഇത്രയൊക്കെ കഴിവുകളുള്ള ഇവറ്റകള്‍ ബുദ്ധിമാന്‍മാര്‍ തന്നെയാണോ ? ഗവേഷകരെ കുഴയ്ക്കുന്ന ഒരു ചോദ്യമാണിത് . കാരണം ഇത്രയും വലിയ തലച്ചോര്‍ ഉണ്ടെങ്കിലും കാര്യങ്ങള്‍ ഓര്‍ത്തുവെയ്ക്കുവാനുള്ള മെമ്മറിയുടെ കുറവാണ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കുന്നത് . അതുകൊണ്ട് തന്നെ പലകാര്യങ്ങളും ഇവ പെട്ടന്ന് മറന്നുപോകാനും സാധ്യത ഉണ്ട് എന്നാണ് പലരും കരുതുന്നത് . പക്ഷെ ഇക്കാര്യങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ തിമിംഗലവേട്ടക്കാരോട് ചോദിച്ചാല്‍ അവര്‍ സമ്മതിച്ച് തരില്ല എന്ന് മാത്രം ! കാരണം ചരിത്രത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്പേംതിമിംഗലങ്ങളുടെ പേര് അത്രക്കും മോശമാണ്. അക്കാലങ്ങളില്‍ തീര്‍ത്താല്‍ തീരാത്ത പകയുടെ, നിണമണിഞ്ഞ അനേകം കഥകള്‍ നാവികര്‍ക്ക് നമ്മോട് പറയാനുണ്ടാകും!

തിമിംഗലവേട്ടയുടെ പരമകോടിയിലാണ് പത്തൊന്‍പതാം നൂറ്റാണ്ട് എരിഞ്ഞടങ്ങിയത് . ഒരേ സമയം എണ്ണൂറോളം വേട്ടക്കപ്പലുകള്‍ പസഫിക്കിലും അറ്റ്ലാന്ട്ടിക്കിലും ആയി അന്ന് അമൂല്യമായ തിമിംഗല എണ്ണക്ക് വേണ്ടി തലങ്ങും വിലങ്ങും പരതി നടക്കുന്നുണ്ടായിരുന്നു . വിളക്കിലൊഴിക്കുവാനും മെഴുകു തിരികളും മറ്റും ഉണ്ടാക്കുവാനും അന്ന് ഇത് അത്യാവശ്യമായിരുന്നു . ഇതിനുവേണ്ടി മൂന്നോ നാലോ വര്‍ഷങ്ങള്‍ കപ്പലും നാവികരും തുടര്‍ച്ചയായി കടലില്‍ കഴിയേണ്ടി വന്നേക്കാം ! 1859 ല്‍ പെന്സില്‍വാന്യായില്‍ പെട്രോളിയം കണ്ടെതിയതോട് കൂടിയാണ് എണ്ണയ്ക്ക് വേണ്ടിയുള്ള തിമിംഗല വേട്ട അവസാനിച്ചത്‌ എന്ന് കരുതാം . പക്ഷെ ഇന്നോളം ഈ വേട്ടക്കിടയില്‍ മരിച്ചവരുടെ എണ്ണം ആര്‍ക്കും തിട്ടപ്പെടുതുവാനാവില്ല . കാര്യങ്ങളുടെ ഭീകരത മനസ്സിലാകുവാന്‍ ഒരു സംഭവ കഥ പറയാം .....

27 മീറ്റര്‍ നീളമുള്ള ഒരു തിമിംഗലവേട്ടക്കപ്പല്‍ ആയിരുന്നു , Essex. ക്യാപ്റ്റന്‍ George Pollard ന്‍റെ നേതൃത്വത്തില്‍ 1819 ഒഗസ്റ്റ് പന്ത്രണ്ടാം തീയതിയാണ് ഇരുപതോളം നാവികരുമായി തിമിംഗല വേട്ടയ്ക്കായി കപ്പല്‍ അമേരിക്കന്‍ തീരം വിട്ടത് . ദക്ഷിണ അമേരിക്കന്‍ തീരങ്ങള്‍ക്കുമപ്പുറം തണുത്തുറഞ്ഞ അന്‍റ്റാര്‍ട്ടിക്കന്‍ സമുദ്രത്തില്‍ രണ്ടരക്കൊല്ലതോളം വേട്ട നടത്തി ആവുന്നിടത്തോളം എണ്ണ ശേഖരിച്ച് മടങ്ങി വരാനായിരുന്നു അവരുടെ പ്ലാന്‍ . എന്നാല്‍ squall എന്നറിയപ്പെടുന്ന , പൊടുന്നനെയുണ്ടായ ഒരു കൊടുംകാറ്റ് തീരം വിട്ട് രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും എസ്സെക്സിനു സാരമായ കേടുകള്‍ വരുത്തി . അതോടെ സ്വതവേ അന്ധവിശ്വാസികളായിരുന്ന അക്കാലത്തെ നാവികര്‍ കപ്പലില്‍ ഉറപ്പായും ഒരു ഭൂതം കയറിക്കൂടിയിട്ടുണ്ട് എന്ന് കരുതി . എല്ലാ പരാധീനതകളെയും അതിജീവിച്ച് കപ്പല്‍ 1820 ജാനുവരിയില്‍ തെക്കേ അമേരിക്കയുടെ തെക്കേ അറ്റമായ ഹോണ്‍ മുനമ്പ്‌ കടന്ന് പസഫിക്കില്‍ പ്രവേശിച്ചു . എന്നാല്‍ ആവശ്യത്തിന് അനുസരിച്ചുള്ള തിമിംഗലങ്ങളെ വഴിയില്‍ കിട്ടാതിരുന്നതിനാല്‍ ക്യാപ്റ്റന്‍ പൊള്ളാര്‍ഡ്‌ റൂട്ട് മാറ്റുവാന്‍ തന്നെ തീരുമാനിച്ചു .

മറ്റു വേട്ടക്കപ്പലുകളില്‍ നിന്നും കിട്ടിയ വിവരമനുസരിച്ച് തീരം വിട്ടു പസഫിക്കിലെയ്ക്ക് കൂടുതല്‍ കയറി ചെന്നാല്‍ ധാരാളം സ്പേം തിമിംഗലങ്ങളെ കിട്ടും എന്ന് അദ്ദേഹത്തിന് മനസ്സിലായി . എന്നാല്‍ അന്നുവരെ അധികം കപ്പലുകള്‍ പോയിട്ടില്ലാത്ത സ്ഥലത്തേക്കാണ്‌ കപ്പലിന്‍റെ പോക്ക് എന്നറിഞ്ഞ നാവികര്‍ പരിഭ്രമിച്ചു . അവിടെയുള്ള ഒറ്റപ്പെട്ട ദ്വീപുകളില്‍ നരഭോജികള്‍ കണ്ടേക്കാം എന്നറിവ് അവരുടെ ഭയം ഇരട്ടിപ്പിച്ചു , കൂടാതെ കൊള്ളാവുന്ന ഒരു ഭൂതം നേരത്തെ തന്നെ കപ്പലില്‍ ഉണ്ട് താനും ! എന്തായാലും അനന്തതയിലെയ്ക്കുള്ള യാത്രയ്ക്ക് വേണ്ട കൂടുതല്‍ സാധനങ്ങള്‍ സംഭരിക്കുവാന്‍ അവര്‍ ഗാലപ്പഗോസ് ദ്വീപുകളില്‍ നങ്കൂരം ഇട്ടു . അത്യാവശ്യം ഇറച്ചിയുള്ള മുന്നൂറോളം ഗാലപ്പഗോസ് ഭീമന്‍ ആമകളെയാണ് ( Galápagos giant tortoises) അവര്‍ ഇതിനായി പിടികൂടിയത് . കുറെയെണ്ണത്തിനെ ഉണക്കി സൂക്ഷിച്ചു . ബാക്കിയുള്ളവയെ വെറുതെ കപ്പലില്‍ നടക്കാന്‍ അനുവദിച്ചു . ആവശ്യമുള്ളപ്പോള്‍ കൊന്നാല്‍ മതിയല്ലോ . എന്നാല്‍ നാവികരില്‍ ഒരാള്‍ Charles ദ്വീപില്‍ തമാശക്കായി ഇട്ട തീയ് ഒരിക്കലും മാപ്പര്‍ഹിക്കാത്ത ഒന്നായി മാറി . നിയന്ത്രണത്തിന് അതീതമായി ആളിപ്പടര്‍ന്ന തീയ് ദ്വീപിനെ ആകെ വിഴുങ്ങി . ദ്വീപ് വിട്ട് രണ്ടു ദിവസം കഴിഞ്ഞപ്പോഴും കപ്പലില്‍ നിന്നും കത്തുന്ന ചാള്‍സ് ദ്വീപ് കാണാമായിരുന്നു . ക്യാപ്റ്റനെ പേടിച്ച് വളരെ നാളുകള്‍ക്കു ശേഷമാണ് തോമസ്‌ ചാപ്പല്‍ എന്ന നാവികന്‍ താനാണ് തമാശക്ക് തീയിട്ടത് എന്ന് സമ്മതിച്ചത് തന്നെ !

അവസാനം തീരത്ത് നിന്നും ആയിരക്കണക്കിന് മൈലുകള്‍ക്കകലെ 1820 നവംബര്‍ ഇരുപതാം തീയതിയാണ് അവര്‍ ആദ്യമായി ഒരു സ്പേം തിമിംഗലത്തെ കണ്ടത് . നാവികര്‍ ആവേശത്തോടെ ബോട്ടുകളിറക്കി ചാട്ടൂളി എറിഞ്ഞ് വേട്ട തുടങ്ങി . ചില ചെറു തിമിംഗലങ്ങളെ മുറിവേല്‍പ്പിക്കാന്‍ പറ്റിയതല്ലാതെ അന്ന് അവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല . തിരികെ കപ്പലില്‍ എത്തിയ നാവികര്‍ കേടായ ബോട്ടുകളും ചാട്ടൂളികളും നന്നാക്കുവാന്‍ തുടങ്ങി . അപ്പോഴാണ്‌ കപ്പലിന് തൊട്ടടുത്ത്‌ ഭീമാകാരനായ ഒരു സ്പേം തിമിംഗലം പ്രത്യക്ഷപ്പെട്ടത് . എണ്‍പത്തി അഞ്ചടി നീളമെങ്കിലും ഉണ്ടാവും അതിന് ! ആദ്യം അത് നിശ്ചലമായി കിടക്കുകയായിരുന്നു . പക്ഷെ കപ്പലിന് മുഖാമുഖമായി ആണ് കിടന്നിരുന്നത് . പക്ഷെ പതുക്കെ പതുക്കെ അത് കപ്പലിനെ സമീപിച്ചു . അടുക്കും തോറും അത് വേഗത കൂട്ടി .. കപ്പലിനെ ഇടിക്കും എന്ന ഘട്ടത്തില്‍ അത് കപ്പലിന് അടിവഴി മറുഭാഗത്ത്‌ എത്തി . ഒരു തിമിംഗലം ഇത്തരത്തില്‍ പെരുമാറുന്നത് അവര്‍ ആദ്യമായി കാണുകയായിരുന്നു . എന്നാല്‍ ക്യാപ്റ്റന് കാര്യം പന്തിയല്ല എന്ന് മനസ്സിലായി . വിചാരിച്ചത് പോലെ തന്നെ തിമിംഗലത്തിന്റെ അടുത്ത വരവ് ചരിത്രത്തിലെക്കായിരുന്നു ! ഇടിയുടെ ആഘാതത്തില്‍ അടിത്തട്ട് പാടെ തകര്‍ന്ന് കടല്‍ ജലം കപ്പലിലെയ്ക്ക് ഇരച്ചു കയറി . പാതി നന്നാക്കിയ ഹണ്ടിംഗ് ബോട്ടുകളില്‍ നാവികര്‍ ചാടിക്കയറി ജീവരക്ഷാര്‍ഥം തലങ്ങും വിലങ്ങും തുഴഞ്ഞു . വിശാലമായ ശാന്ത സമുദ്രത്തിന്‍റെ മടിതട്ടിലെയ്ക്ക് സുരക്ഷിതമായ എസ്സെക്സ് എന്ന കപ്പലില്‍ നിന്നുമുള്ള ചുവടു മാറ്റം ആരും വിചാരിക്കാതെ അപ്രതീക്ഷിതമായിരുന്നു . ഇരുപത് നാവികര്‍ മൂന്ന് ബോട്ടുകളിലായി കടലില്‍ തികച്ചും അനാഥരായി ഒഴുകി നടന്നു . അപ്പോഴവര്‍ തെക്കേ അമേരിക്കന്‍ തീരത്ത് നിന്നും 3,700 km അകലെ ആയിരുന്നു !


തൊട്ടടുത്തുള്ള Marquesas ദ്വീപുകളെ ലക്ഷ്യം വെച്ച് തുഴയുന്നതാണ് നല്ലത് എന്ന് ക്യാപ്റ്റന്‍ പൊള്ളാര്‍ട് തീരുമാനിച്ചു . എന്നാല്‍ ഓവന്‍ ചേസ് പോലുള്ള നാവികര്‍ അവിടെ നരഭോജികള്‍ കണ്ടേക്കാം എന്ന് ഭയപ്പെട്ടു. ബോട്ടുകളില്‍ തത്രപ്പെട്ടു കയറിയതിനാല്‍ ഭക്ഷണമോ വേണ്ടത്ര ശുദ്ധജലമോ കരുതാന്‍ അവര്‍ക്കായില്ല . കാര്യങ്ങള്‍ കുഴപ്പതിലെക്കാണ് നീങ്ങുന്നത്‌ എന്ന് ഏവര്‍ക്കും പിടികിട്ടി . ദിവസങ്ങള്‍ കഴിഞ്ഞു . വിശപ്പ് അതിന്‍റെ മൂര്‍ത്തീ ഭാവത്തില്‍ നാവികരെ കാര്‍ന്നു തിന്നാന്‍ തുടങ്ങി . അങ്ങിനെ ഒരുനാള്‍ അവര്‍ ബോട്ടില്‍ കയറിയശേഷം ആദ്യ നാവികന്‍ ഭക്ഷണം കിട്ടാതെ മരണമടഞ്ഞു . അതോടെ നാവികരില്‍ മരണഭയം പിടികൂടി . ഗതികെട്ട് അവര്‍ നിലനില്‍പ്പിനായി സ്വന്തം മൂത്രം കുടിക്കുവാന്‍ ആരംഭിച്ചു . അങ്ങിനെ ഒരു നാള്‍ അവര്‍ വിജനമായ Henderson ദ്വീപില്‍ തുഴഞ്ഞെത്തി . കുറച്ചു നാള്‍ പിടിച്ചു നില്‍ക്കുവാനുള്ള വസ്തുക്കളൊക്കെയും അവിടെ ഉണ്ടായിരുന്നു . എന്നാല്‍ അത് അധികം നീണ്ടു നിന്നില്ല . ദ്വീപ് ഉപേക്ഷിക്കേണ്ട സമയം വന്നു ചേര്‍ന്നു . ദ്വീപിലെ ഭക്ഷണം എല്ലാവര്‍ക്കും തികയില്ല എന്നതായിരുന്നു കാരണം . അവസാനം സംഘത്തിലെ മൂന്ന് പേര്‍ ദ്വീപില്‍ തന്നെ കഴിയുവാനും ബാക്കിയുള്ളവര്‍ ബോട്ടുകളില്‍ പോകുവാനും തീരുമാനമായി ( ദ്വീപില്‍ കഴിഞ്ഞ മൂന്നുപേരെ ഒരു വര്‍ഷത്തിന് ശേഷം Surry എന്ന കപ്പല്‍ കണ്ടെത്തി രക്ഷപെടുത്തി ! )

ബോട്ടില്‍ ദ്വീപില്‍ നിന്നും പോന്നവരുടെ വിധി ദാരുണമായിരുന്നു . രോഗവും ക്ഷീണവും പട്ടിണിയും അവരെ ഓരോരുത്തരെയായി കൊന്നൊടുക്കി . അവസാനം ജാനുവരി എട്ടിന് Cole എന്ന നാവികന്‍ മരണമടഞ്ഞപ്പോള്‍ അവര്‍ ആ തീരുമാനമെടുത്തു . അയാളുടെ ശരീരം ഭക്ഷണമാക്കുക ! . പിന്നീടൊരു ദിവസം ആഞ്ഞടിച്ച കൊടുംകാറ്റില്‍ ബോട്ടുകള്‍ കൂട്ടം തെറ്റി പലവഴിക്ക് തിരിഞ്ഞു . ചെസിന്‍റെ ബോട്ടിലുള്ളവരെ ഭാഗ്യം തുണച്ചു . ബ്രിട്ടന്‍റെ ഇന്ത്യന്‍ എന്ന കപ്പല്‍ അവരെ കണ്ടെത്തി രക്ഷപെടുത്തി . എന്നാല്‍ Hendrick തുഴഞ്ഞ മൂന്നാം ബോട്ട് പിന്നീട് ഇതുവരെ ആരും കണ്ടെത്തിയില്ല . അവസാനം ക്യാപ്റ്റന്‍ പൊള്ളാര്‍ഡും ബോട്ടും വിജനതയില്‍ ഒറ്റപ്പെട്ടു . വിശപ്പ് അതിന്‍റെ പാരമ്യത്തിലെത്തി . ഒടുക്കം അവര്‍ ഒരു തീരുമാനമെടുത്തു . മറ്റുള്ളവര്‍ക്ക് വേണ്ടി ഒരാള്‍ മരിക്കുക . അയാള്‍ മറ്റുള്ളവര്‍ക്ക് ആഹാരമാകട്ടെ ! നറുക്ക് വീണത്‌ ക്യാപ്റ്റന്റെ കസിനും പതിനേഴ്‌ വയസ്സ് മാത്രം പ്രായം ഉണ്ടായിരുന്ന Owen Coffin നു ആയിരുന്നു . അവനെ കൊല്ലാന്‍ പക്ഷെ പൊള്ളാര്‍ഡു സമ്മതിച്ചില്ല . പക്ഷെ ധീരനായ കൊഫിന്‍ താന്‍ മരിക്കാന്‍ സന്നദ്ധനാണെന്ന് പറഞ്ഞു . അങ്ങിനെ കോഫിന്‍ കടലിലെ ധീര രക്തസാക്ഷിയായി . അവസാനം കപ്പല്‍ മുങ്ങി 93 ദിവസങ്ങള്‍ക്കു ശേഷം മറ്റൊരു വേട്ടക്കപ്പല്‍ Dauphin അവസാന ബോട്ടുകാരെയും കണ്ടെത്തി രക്ഷപെടുത്തി . ഇരുപത് പേരില്‍ അവസാനം അവശേഷിച്ചത് ആകെ എട്ടു പേര്‍ !

വര്‍ഷങ്ങള്‍ക്ക് ശേഷം രക്ഷപെട്ടവര്‍ വീണ്ടും ക്യാപ്റ്റന്‍ പൊള്ളാര്ടിന്റെ വസതിയില്‍ ഒരുമിച്ചു കൂടിയപ്പോള്‍ അതിന് സാക്ഷ്യം വഹിക്കാന്‍ മറ്റൊരാളുകൂടി എത്തിയിരുന്നു . ലോക ക്ലാസിക്കുകളില്‍ ആദ്യ പത്തില്‍ ഒന്നായ മോബിടിക്കിന്റെ രചയിതാവ് സാക്ഷാല്‍ ഹെര്‍മന്‍ മെല്‍വിന്‍ ! രക്ഷപെട്ടവരുടെ ചരിത്രം അപ്പാടെ മനസ്സില്‍ ആവാഹിച്ച് മെല്‍വിന്‍ മോബിടിക് എന്ന ക്ലാസിക്കിനെ പ്രസവിക്കുമ്പോള്‍ സ്പേം തിമിംഗലങ്ങള്‍ മനുഷ്യ മനസ്സുകളില്‍ ഒരു വില്ലന്‍ വേഷം കൈവരിക്കുകയായിരുന്നു !

വര്‍ഷങ്ങള്‍ക്ക് ശേഷം Nickerson എന്ന നാവികന്‍ തങ്ങളുടെ കൂട്ടത്തില്‍ ഒരാള്‍ തീ വെച്ച് നശിപ്പിച്ച Charles ദ്വീപില്‍ എത്തിച്ചേരുവാന്‍ ഇടയായി . കരിഞ്ഞു ചാമ്പലായ ഒരു ശ്മശാന ഭൂമിയായിരുന്നു അയാള്‍ അവിടെ കണ്ടത് . ആ ദ്വീപില്‍ മാത്രം കാണപ്പെട്ടിരുന്ന Floreana Island tortoise എന്ന ഭീമന്‍ ആമ അതോടെ ഭൂമിയോട് വിട പറഞ്ഞു കഴിഞ്ഞിരുന്നു !

ഇനി നമ്മുക്ക് തീരുമാനിക്കാം വില്ലന്‍ സ്പേം തിമിംഗലമാണോ ? അതോ മനുഷ്യനോ ?

അടിക്കുറിപ്പ് : Moby Dick എന്ന പേര് മെല്‍വിന് ലഭിച്ചത് Mocha Dick എന്ന ശരിക്കുള്ള തിമിംഗലതില്‍ നിന്നുമാണ് . ഒരു ആല്‍ബിനോ ആയിരുന്ന ഈ സ്പേം തിമിംഗലം പത്തൊന്‍പതാം നൂറ്റാണ്ടില്‍ Mocha എന്ന ചിലിയന്‍ ദ്വീപിനടുതാണ് കാണപ്പെട്ടിരുന്നത് . അന്ന് നാവികര്‍ ഇത്തരം തിമിമ്ഗലങ്ങള്‍ക്ക് പേര് ഇടുമായിരുന്നു . ടോം , ഡിക്ക് തുടങ്ങിയ പേരുകള്‍ ആയിരുന്നു സാധാരണം .


In The Heart of the Sea എന്ന 2015 ഹോളിവൂഡ്‌ ചിത്രം ഈ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണു.


454 views0 comments
bottom of page