വാഴപ്പന- സഞ്ചാരികളുടെ വഴികാട്ടി
വാഴയും , പനയും , കൂട്ടത്തിൽ തെങ്ങുംകൂടി ചേർന്നാൽ കിട്ടുന്ന വാഴപ്പന കേരളത്തിലെ പല ഉദ്യാനങ്ങളിലും നിൽപ്പുണ്ടെങ്കിലും ഇതിന്റെ പുറകിലെ രസകരമായ ചരിത്രം പലർക്കും അറിയില്ല. വാഴപ്പന എന്ന രാവേനല മഡഗാസ്കറിയൻസിസ് പേരുപോലെ തന്നെ മഡഗാസ്‌ക്കർ ദ്വീപ് നിവാസിയാണ്. സത്യത്തിൽ ഇത് വാഴയുമല്ല, പനയുമല്ല . ആഫ്രിക്കയിൽ വന്യമായി വളരുന്ന ഇതിന്റെ കൂമ്പിനുള്ളിൽ (പോള) എപ്പോഴും വെള്ളം കാണും . അത് യാത്രികർക്ക് പ്രയോജനപ്രദമാകയാൽ ഈ സസ്യത്തിന് traveller's tree എന്നാണ് സഞ്ചാരികൾ ഇട്ടിരിക്കുന്ന പേര്. കൂടാതെ മഡഗാസ്കറിലെ തുറന്ന ഭൂമിയിൽ വളരുന്ന ഇവ എപ്പോഴും കിഴക്ക്-പടിഞ്ഞാറ് ദിശയിലാണത്രെ നിൽക്കുക. അതിനാൽ ദിശയറിയാനും ഇത് ഉപകാരപ്പെടുമെന്നാണ് അവിടുള്ളവർ പറയുന്നത്. നഴ്സറിയിൽ നടുന്നവ ഇതുപോലെ വളരുമോ എന്നറിയില്ല. കോട്ടയത്ത് കണ്ട ഒരെണ്ണം ഏകദേശം കിഴക്ക് -പടിഞ്ഞാറ് ആയിട്ടാണ് ഫണം വിരിച്ച് നിൽക്കുന്നത്. ഇനി കാണുമ്പോൾ നിങ്ങളും ശ്രദ്ധിച്ചോളൂ. ആഫ്രിക്കയിൽ കുടിലുകൾ നിർമ്മിക്കുവാനും ഇത് ഉപയോഗിച്ചിരുന്നു.
