ഭൂഗർഭമീഥേൻ ലോകം !
അത്യഗാധമായ സമുദ്രനിലങ്ങളിൽ ജീവൻ എങ്ങിനെ നിലനിക്കുന്നു എന്നത് എന്നും നമ്മെ അതിശയിപ്പിച്ചിട്ടുള്ള കാര്യമാണ് . ഓക്സിജൻ തുലോം കുറവുള്ള ഇത്തരം സമുദ്രനിലങ്ങളിൽ നിന്നും വീണ്ടും താഴെനിന്നും ബഹിഗമിക്കുന്ന മീഥേൻ പോലുള്ള വാതകങ്ങൾ ആഗീരണം ചെയ്തു ജീവിക്കുന്ന മൈക്രോബുകളും , അവയെ ആഹരിക്കുന്ന ചെറു ജീവികളും ആണ് ഇവിടുത്തെ ജീവചക്രത്തിലെ ആദ്യസ്ഥാനക്കാർ . ഭൗമോപരിതലത്തിൽ ജലത്താൽ നിറഞ്ഞു കിടക്കുന്ന പടുകൂറ്റൻ ഗർത്തങ്ങളിലെ സ്ഥിതിയും ഇങ്ങനെ തന്നെ ആയിരിക്കും എന്നാണ് ഇതുവരെയും കരുതിയിരുന്നത് . പല ഗർത്തങ്ങളിലും കുടുങ്ങിക്കിടക്കുന്ന മീഥേനും , ഒഴുകിയിറങ്ങുന്ന മഴവെള്ളത്തിൽ നിന്നും ലഭിക്കുന്ന ഡിസോൾവ്ഡ് ഓർഗാനിക് കാർബണും (DOC) ആണ് ഇവിടെയും ജീവചക്രത്തിന്റെ ഇന്ധനം . എന്നാൽ ഇത്തരം ഗർത്തങ്ങളിൽ ചെന്നിറങ്ങി കാര്യങ്ങൾ പഠനവിഷയമാക്കാനുള്ള സൗകര്യക്കുറവ് കൂടുതൽ ഗവേഷണങ്ങൾ ഈ വിഷയത്തിൽ ഉണ്ടാവുന്നത് തടയുകയായിരുന്നു . പക്ഷെ ഈയിടെ Texas A&M സർവകലാശാലയും , അമേരിക്കൻ ജിയോളജിക്കൽ സർവേയും ഒത്തുചേർന്ന് ലോകത്തിലെ മറ്റു ചില ഗവേഷകരെയും കൂട്ടി മെക്സിക്കോയിലെ Yucatan ഉപദ്വീപിലെ, ജലംനിറഞ്ഞ Ox Bel Ha എന്ന ഭീമൻ ഭൂഗർഭഗുഹയിൽ അത്യാധുനിക സൗകര്യങ്ങളുടെ സഹായത്തോടെ നടത്തിയ പഠനം ഈ മേഖലയിലെ ചില പുത്തൻ അറിവുകൾക്ക് സഹായകരമായിത്തീർന്നു .

എണ്ണിയാലൊടുങ്ങാത്ത കൈവഴികളെല്ലാം ചേർത്ത് ഏകദേശം 270.2 കിലോമീറ്റർ നീളമുള്ള Ox Bel Ha ഗുഹാശൃംഖല, പുരാതന മായൻ സംസ്കാരത്തിന്റെയും , ഇന്നത്തെ ആധുനിക സ്പാനിഷ് ജനതയുടെയും മുഖ്യ ശുദ്ധജല സ്രോതസ്സാണ് . "ജലത്തിന്റെ മൂന്ന് കൈവഴികൾ" എന്നാണു ഓക്സ്‌ബെലാ എന്ന മായൻ വാക്കിന്റെ അർത്ഥം . തങ്ങൾ ജീവിക്കുന്ന കൊടുംവനത്തിന്റെ അടിത്തട്ടിൽ ഇങ്ങനെയൊരു ജലലോകം സ്ഥിതിചെയ്യുന്നുണ്ട് എന്ന് അവർക്ക് അന്നേ അറിയാമായിരുന്നു . ഈ ഗുഹാവ്യവസ്ഥിതി പുറംലോകവുമായി കണ്ടുമുട്ടുന്നത് Cenote എന്ന് പേരുള്ള കുളങ്ങൾ വഴിയാണ് . ഏതെങ്കിലും ഒരു Cenote ൽ മുങ്ങിവേണം വിശാലമായ ഈ പാതാളലോകത്തിലെത്തിച്ചേരുവാൻ ! ഈ കുളങ്ങൾ വഴി എത്തിച്ചേരുന്ന ജലമാണ് ഡിസോൾവ്ഡ് ഓർഗാനിക് കാർബണിന്റെ പ്രധാന സ്രോതസ്സ് . എന്നാൽ ഓക്സ്‌ബെല്ലാ ഗുഹകളിലെ അടിത്തട്ടിൽ തൊട്ടടുത്തുള്ള കരീബിയൻ ഉൾക്കടലിൽനിന്നും അരിച്ചുകയറിക്കിടക്കുന്ന ഉപ്പുവെള്ളവും ഉണ്ട് ! അങ്ങിനെ അടിയിൽ കടൽജലവും, മുകളിൽ മഴവെള്ളവും ചേർന്നൊരുക്കുന്ന ഒരു വിചിത്രലോകമാണ് (Estuaries) നമ്മെ ഇവിടെ കാത്തിരിക്കുന്നത് . മുകളിലെ ട്രോപ്പിക്കൽ വനഭൂമിയിലെ മണ്ണിൽ രൂപമെടുക്കുന്ന മീഥേൻ മുകളിലേക്ക് മാത്രമല്ല , ചെറിയ കാപ്പിലറി ട്യൂബുകൾ വഴി ഗുഹയിലെ ജലത്തിലേയ്ക്കും കലരുന്നുണ്ട് എന്നത് ഗവേഷകർക്ക് പുത്തനറിവായിരുന്നു . ഇതും , മഴവെള്ളത്തിലൂടെ ഒഴുകിയിറങ്ങുന്ന മറ്റു ലവണങ്ങളുമാണ് ഈ ഗുഹകളിലെ ജീവന്റെ അടിസ്ഥാനം രൂപപ്പെടുത്തുന്നത് . ഇവയെല്ലാം സ്വാംശീകരിക്കുന്ന മൈക്രോബുകളും , അവറ്റകളെ ഭക്ഷണമാക്കുന്ന crustaceans വർഗ്ഗത്തിൽപ്പെട്ട ( ചെമ്മീൻ , തെള്ളി, കൊഞ്ച് , ഞണ്ട് ) ജീവികളും ആണ് ഈ ആവാസവ്യവസ്ഥയിലെ ആദ്യ സ്ഥാനക്കാർ . തനിക്ക് വേണ്ട പോഷകങ്ങളുടെ 21 ശതമാനവും മീഥേൻ വഴി കണ്ടെത്തുന്ന ഒരു കൊഞ്ച് വർഗ്ഗത്തെയും ഗവേഷകർ ഇവിടെ കണ്ടെത്തി ( Fatty acid and bulk stable carbon isotope values of cave-adapted shrimp suggest that carbon from methanotrophic bacteria comprises 21% of their diet, on average.). മറ്റൊരു ഭക്ഷണസ്രോതസും ഇല്ലാത്ത ഇവിടെ കാര്യങ്ങളുടെ "നടത്തിപ്പ് " എങ്ങിനെ ആയിരിക്കും എന്നത് തികച്ചും കൗതുകകരമായിരുന്നു . ഗവേഷണത്തലവൻ David Brankovits പറയുന്നത് നോക്കൂ ....
“Finding that methane and other forms of mostly invisible dissolved organic matter are the foundation of the food web in these caves explains why cave-adapted animals are able to thrive in the water column in a habitat without visible evidence of food”