ഉറോസുകളുടെ ഒഴുകുന്ന വൈക്കോല്‍ കുടിലുകള്‍
പെറുവിന്റെയും ബോളീവിയയുടെയും ഇടയില്‍ വിശാലമായി നീണ്ടു നിവര്‍ന്ന് കിടക്കുന്ന Titicaca തടാകം. ദക്ഷിണ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ജലം സംഭരിച്ചു വെച്ചിരിക്കുന്ന ഈ ഭീമന്‍ തടാകത്തില്‍ അനേകം ചെറു ദ്വീപുകള്‍ ഉണ്ട് . ഇതില്‍ പലയിടത്തും പഴയ ഇങ്കകളുടെ പിന്‍ഗാമികള്‍ ഇപ്പോഴും പാര്‍ക്കുന്നുണ്ട് . എന്നാല്‍ ഇതിനിടയില്‍ നമ്മുടെ ശ്രദ്ധ ആകര്ഷിക്കുന്ന മറ്റൊന്നുണ്ട് . നാല്‍പ്പത്തി രണ്ടോളം ഒഴുകുന്ന ദ്വീപുകള്‍ ! അതില്‍ താമസിക്കുന്നവര്‍ ഇന്‍കകള്‍ അല്ല , അവരുടെ അടിമകള്‍ ആയിരുന്ന ഉറോസ് (Uros) വര്‍ഗ്ഗക്കാരാണ് . സ്വയം "Lupihaques" (Sons of The Sun) എന്ന് വിളിക്കുന്ന ഇവര്‍ കറുത്ത രക്തം ഉള്ളവര്‍ ആണെന്ന് പണ്ടുള്ളവര്‍ പറയുമായിരുന്നു , കാരണം ജലത്തിലെ എത്ര കൊടിയ തണുപ്പും ഇവര്‍ക്ക് എശില്ലത്രേ !
പ്രധാനമായും സ്വയരക്ഷയ്ക്ക് വേണ്ടിയാണ് ഇവര്‍ ഒഴുകുന്ന ദ്വീപുകളില്‍ താമസം തുടങ്ങിയത് . പ്രധാന ദ്വീപില്‍ ഒരു നിരീക്ഷണമേട ഉണ്ടാവും അപായം മണത്താല്‍ ദ്വീപുകള്‍ ഉടനടി തടാകത്തിന്റെ നടുവിലേയ്ക്ക് നീങ്ങും . Totora എന്ന ചെടിയുടെ ഉണങ്ങിയ തണ്ടുകള്‍ കൊണ്ടാണ് ഇവര്‍ ചെറിയ നൗകകളും (balsas mats) ഒഴുകുന്ന ദ്വീപുകളും നിര്‍മ്മിക്കുന്നത് . വായൂ നിറഞ്ഞ തണ്ടും കനത്ത വേര് പടലവും ആണ് ഈ ചെടിക്ക് ഉള്ളത് . ഇതുമൂലം ജലത്തില്‍ ഇത് പൊങ്ങിക്കിടക്കുന്നു . പത്തു വീടുകള്‍ വരെ ഉള്‍ക്കൊള്ളുന്ന വലിയ ദ്വീപുമുതല്‍ ഒരു വീട് മാത്രം ഉള്ള ചെറിയ ദ്വീപുകള്‍ വരെ ഈ നാല്‍പ്പതോളം വരുന്ന ദ്വീപ് സമൂഹത്തില്‍ ഉണ്ട് . മഴക്കാലത്ത് ടോട്ടോറ ചെടി വേഗം ചീഞ്ഞു പോകുന്നതിനാല്‍ ആ സമയം കൂടുതല്‍ തണ്ടുകള്‍ ഇവര്‍ ദ്വീപിനോട് ചേര്‍ത്തുകൊണ്ടിരിക്കും . ഒരു ദ്വീപ് ഏകദേശം മുപ്പതു കൊല്ലങ്ങളോളം നില നില്‍ക്കും . മരിച്ചവരെ കരയില്‍ ആണ് അടക്കുന്നത് . ആഹാരം പാചകം ചെയ്യുവാന്‍ കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച തറകള്‍ ദ്വീപില്‍ ഉണ്ട് . സമുദ്ര നിരപ്പില്‍ നിന്നും 3810 മീറ്റര്‍ ഉയരെയാണ് Titicaca തടാകത്തില്‍ ഈ ദ്വീപുകള്‍ ഒഴുകി നടക്കുന്നത് . ആകെ ജനസംഖ്യ ഏകദേശം രണ്ടായിരം ആയിരുന്നു . ഇപ്പോള്‍ ഭൂരിഭാഗവും കരയില്‍ പോയി താമസം ആരംഭിച്ചു . ഇപ്പോഴും ദ്വീപുകളില്‍ ജീവിക്കുന്നവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം വിനോദസഞ്ചാരികള്‍ ആണ് .
സത്യത്തില്‍ totora ഒരു കല്‍പ്പക ചെടിയാണ് . തണ്ടുകള്‍ വീടും ബോട്ടും നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുമ്പോള്‍ വേര് നല്ലൊരു മരുന്നാണ് ( അയോഡിന്‍ ധാരാളം ഉണ്ട് ). പനി വരുമ്പോള്‍ നെറ്റിയില്‍ വെയ്ക്കാനും വേദന വരുമ്പോള്‍ കെട്ടി വെക്കാനും തണുപ്പ് അകറ്റാനും ചെടിയുടെ വെള്ള (chullo) ആണ് ഇവര്‍ ഉപയോഗിക്കുന്നത് . ഇത് ചവച്ചു തിന്നാല്‍ അത്യാവശം "തലയ്ക്കു പിടിയ്ക്കും " അവസാനമായി ഈ ചെടിയുടെ പൂവ് ആണ് ഇവര്‍ ചായക്ക് പകരം ഇട്ടു തിളപ്പിച്ച് കുടിക്കുന്നത് ! മീനുകളും തടാകത്തിലെ പക്ഷികളും ആണ് ഇവരുടെ മറ്റ് ഭക്ഷണങ്ങള്‍ . cormorants പക്ഷികളെ ഇവര്‍ ഇണക്കി വളര്‍ത്തും എന്തിനെന്നോ അവറ്റകള്‍ മുങ്ങാം കുഴിയിട്ട് പിടിക്കുന്ന മീനുകളെ കിട്ടാന്‍ ! മുട്ടയ്ക്കും ഇറച്ചിക്കും വേണ്ടി ibis പക്ഷികളെ ആണ് ഇവര്‍ വളര്‍ത്തുന്നത് . എല്ലായിടത്തെയും വില്ലന്മ്മാര്‍ ആയ എലികളെ പിടിക്കുവാന്‍ നാടന്‍ പൂച്ചകളും ഇവരുടെ കൂടെ ഉണ്ട് . ഇപ്പോള്‍ TV കാണാനും മറ്റും സോളാര്‍ പാനലുകള്‍ ഇവര്‍ ഉപയോഗിക്കാന്‍ തുടങ്ങി .
